Sunday October 21, 2018
Latest Updates

ലിഗയുടെ സംസ്‌കാരം ഇന്ന് തിരുവനന്തപുരത്ത്,അനുസ്മരണ സമ്മേളനം നടത്താന്‍ സര്‍ക്കാര്‍ ! :അന്വേഷണ റിപ്പോര്‍ട്ടുകള്‍ അവിശ്വസനീയമെന്ന് അയര്‍ലണ്ടിലെ ബന്ധുക്കള്‍

ലിഗയുടെ സംസ്‌കാരം ഇന്ന്  തിരുവനന്തപുരത്ത്,അനുസ്മരണ സമ്മേളനം നടത്താന്‍ സര്‍ക്കാര്‍ ! :അന്വേഷണ റിപ്പോര്‍ട്ടുകള്‍ അവിശ്വസനീയമെന്ന് അയര്‍ലണ്ടിലെ ബന്ധുക്കള്‍

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ നിന്നും കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയതിനിടെ കൊല്ലപ്പെട്ട ലിഗ സ്‌ക്രോമാന്റെ സംസ്‌കാരം   ഇന്ന്    മൂന്ന് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടത്തപ്പെടുമെന്ന് ലിഗയുടെ ബന്ധുക്കള്‍ അറിയിച്ചു.

ലിഗയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഞായറാഴ്ച തിരുവനന്തപുരത്തു വെച്ച് ഒരു അനുസ്മരണ സമ്മേളനം നടത്താനും കേരള സര്‍ക്കാര്‍ ലീഗയുടെ ബന്ധുക്കളുടെ അനുമതി തേടിയിട്ടുണ്ട്.മന്ത്രിമാരും,പൗര പ്രമുഖരും പങ്കെടുത്ത് ലിഗയ്ക്ക് ആദരമര്‍പ്പിക്കുന്ന യോഗത്തിന്റെ അന്തിമ തീരുമാനമായിട്ടില്ല.

ഇതിനിടെ ,ലിഗയുടെ മരണാനന്തര അന്വേഷണത്തില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അവിശ്വസനീമാണെന്ന് ലിഗയുടെ ഡബ്ലിനിലെ ബന്ധുക്കള്‍ വെളിപ്പെടുത്തി..ഓരോ ദിവസവും ഓരോ തരത്തിലുള്ള വാര്‍ത്തകളാണ് അറിയാന്‍ കഴിയുന്നത്.കേരളത്തിലെ പൊലീസിന് കുറ്റവാളികളെ പിടികൂടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് തങ്ങളുള്ളതെന്നും അവര്‍ പറഞ്ഞു.

ആന്‍ഡ്രുവുമായി കുടുംബാംഗങ്ങള്‍ എല്ലാ ദിവസവും തന്നെ ഫോണില്‍ സംസാരിച്ച് വിവരങ്ങള്‍ അറിയുന്നുണ്ട്.പോലീസ് ശരിയായ കുറ്റവാളികളെ പിടികൂടുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് ആന്‍ഡ്രു പറഞ്ഞതായി അവര്‍ വെളിപ്പെടുത്തി.

‘ലിഗയെ കാണാതായി എന്ന വാര്‍ത്ത പോലും ഉള്‍ക്കൊള്ളാനാവില്ല,അവള്‍ മരിച്ചെന്നത് ഇപ്പോഴും വിശ്വസിക്കാനും ആവുന്നില്ല’.ഡബ്ലിനിലെ സ്വോര്‍ഡ്സിനടുത്ത് റോള്‍സ് ടൗണിലെ വീട്ടിലിരുന്ന് ലിഗയുടെ ഭര്‍ത്താവ് ആന്ട്രൂവിന്റെ സഹോദരി സാന്ദ്ര ജോര്‍ഡന്‍ ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.

ലിഗയെ കാണാതായി എന്നറിഞ്ഞത് മുതല്‍ ഞങ്ങള്‍ പ്രാര്‍ത്ഥനയിലായിരുന്നു.കണ്ടു കിട്ടും എന്നായിരുന്നു പ്രതീക്ഷ.എല്ലാം പക്ഷെ അസ്ഥാനത്തായി.അവര്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ലിഗയും ആന്‍ഡ്രൂവും സഹോദരിയുടെ ഒപ്പമാണ് താമസിച്ചിരുന്നത്.കോര്‍ക്കില്‍ ഒരു ഫെസ്റ്റിനിടയില്‍ പരിചയപ്പെട്ട ലിഗ ആദ്യകാഴ്ച്ചയില്‍ തന്നെ ആന്‍ഡ്രുവിന്റെ മനസ് കീഴടക്കുകയായിരുന്നു.ആരെയും ആകര്‍ഷിക്കുന്ന സൗമ്യമായ പെരുമാറ്റത്തില്‍ അവള്‍ ഞങ്ങളുടെയെല്ലാം ഓമനയായാണ് ഇവിടെയും കഴിഞ്ഞത്.ആന്‍ഡ്രുവിന്റെ സഹോദരി പറഞ്ഞു.

ഒന്നരയേക്കറോളം വരുന്ന വിശാലമായ പുരയിടത്തില്‍ നാലായിരത്തിലധികം സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ള വീട് ഒട്ടേറെ പഴക്കമുള്ളതാണ്.സ്വോര്‍ഡ്സില്‍ നിന്നും ഏഴു കിലോമീറ്റര്‍ ദൂരെയുള്ള ഈ വീടിന്റെ താഴത്തെ നിലയിലാണ് ആന്‍ഡ്രുവും ലിഗയും താമസിസിച്ചിരുന്നത്.സഹോദരിയും മക്കളുമടങ്ങുന്ന ബാക്കിയുള്ള കുടുംബം രണ്ടാം നിലയിലും.ഇവിടെ തന്നെ അവര്‍ ഒരു ചൈല്‍ഡ് മൈന്‍ഡിംഗ് സെന്ററും നടത്തുന്നുണ്ട്.ഇവരുടെ ‘അമ്മ സ്വോര്‍ഡ്സിലെ മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.

ഡബ്ലിന്‍ നഗരത്തില്‍ നിന്നും ഏറെ അകലെയല്ലാത്ത ഇവിടം ഒരു തനി കേരളാഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണുള്ളത്.പാടങ്ങളും ഉയരമുള്ള ഇടതൂര്‍ന്ന മരങ്ങളുമുള്ള ഈ പ്രദേശത്തെ വീടുകള്‍ക്ക് പോലും ഒരു കേരളാ ‘ടച്ചുണ്ട്’.

പരമ്പരാഗത കൃഷിക്കാരായിരുന്ന ആന്‍ഡ്രുവിന്റെ കുടുംബം ഇപ്പോഴും കൃഷിമേഖല വിട്ടിട്ടില്ല.ഡബ്ലിന്‍ സിറ്റി യൂണിവേഴ്സ്റ്റിറ്റിയുടെ കീഴിലുള്ള കമ്യൂണിറ്റി ഗാര്‍ഡന്റെ പ്രധാനപ്രവര്‍ത്തകരില്‍ ഒരാളാണ് ആന്‍ഡ്രൂ.ഒപ്പം കൗണ്ടി മീത്തിലെ മറ്റൊരു കാര്‍ഷിക സ്ഥാപനത്തില്‍ ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്.ഈ വര്‍ഷവും കൃഷിയിറക്കാന്‍ പടുകൂറ്റന്‍ ഗ്രീന്‍ ഹൌസ് നിര്‍മ്മാണം പൂര്‍ത്തിയാക്കി വരുമ്പോഴാണ് ലിഗയെ കാണാനില്ല എന്ന വിവരമറിഞ്ഞു ആന്‍ഡ്രൂ കേരളത്തിലേയ്ക്ക് പോയത്.

ആന്‍ഡ്രുവിന്റെ ജീവനായിരുന്നു ലിഗ.കഴിവും ബുദ്ധിയുമുള്ള പെണ്‍കുട്ടി….എല്ലാകാര്യത്തിലും അവള്‍ക്ക് അവളുടേതായ ഒരു തീരുമാനം ഉണ്ടായിരുന്നു.സാന്ദ്ര പറയുന്നു.കൃഷിയില്‍ പോലും ലിഗ ആന്‍ഡ്രുവിനെ സഹായിക്കാന്‍ ഇറങ്ങുമായിരുന്നു.പബ്ലിക്ക് റിലേഷനും ഇവന്റ് മാനേജ്മെന്റുമാണ് പഠിച്ച വിഷയമെങ്കിലും ലിഗ റഷ്യന്‍ മേഖലയില്‍ നിന്നുള്ള സാധാരണ പെണ്‍കുട്ടികളെക്കാള്‍ സമര്‍ത്ഥയായിരുന്നു.സാന്ദ്ര ഓര്‍ക്കുന്നു.

ഇവിടെ ആയിരുന്നപ്പോള്‍ അമിതമായി പുകവലിയ്ക്കുമായിരുന്നു എന്നതല്ലാതെ മാനസിക അസ്വാസ്ഥ്യമൊന്നും അ വള്‍ക്കില്ലായിരുന്നു.ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെട്ട അസാധാരണമായ പാടുകള്‍ അവളെ ആശങ്ക പെടുത്തിയിരുന്നു.കേരളത്തിലെ ചികിത്സയില്‍ അതിന് പരിഹാരമുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഇന്ത്യാ സന്ദര്‍ശനത്തില്‍ അത് ഉള്‍പ്പെടുത്തിയിരുന്നു എന്നതേയുള്ളു.അവര്‍ പറയുന്നു.ഇന്ത്യയിലെ ചില മാധ്യമങ്ങള്‍ ലിഗ ആത്മഹത്യ ശ്രമം നടത്തിയെന്നും മറ്റും എഴുതിയതിന് സത്യവുമായി ഒരു ബന്ധവുമില്ല’ സാന്ദ്ര പറഞ്ഞു

കേരളത്തിലെ പോലീസ് ആന്‍ഡ്രുവിനോട് നീതി കാട്ടിയെന്ന് വിശ്വസിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല.’ഒരു ദിവസം കേരളത്തില്‍ നിന്നും ഫോണില്‍ വിളിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് ആന്‍ഡ്രുവിന് മാനസിക അസ്വാസ്ഥ്യമാണ് എന്നാണ്.അവിടെ തുടര്‍ന്നാല്‍ അക്രമസ്വഭാവം കാട്ടുമെന്ന് പേടിയുള്ളതിനാല്‍ തിരികെ അയക്കേണ്ടി വരുമെന്നും പറഞ്ഞു.തുടര്‍ന്ന് ഞങ്ങളുടെ അമ്മയാണ് മടക്ക ടിക്കറ്റ് ഏര്‍പ്പാട് ചെയ്ത് ആന്‍ഡിയെ ഇങ്ങോട്ടേക്ക് കയറ്റി വിടാന്‍ ആവശ്യപ്പെട്ടത്.

ഇവിടെ വന്നപ്പോള്‍ മനസിലായത് ആന്‍ഡ്രുവിന് യാതൊരു അസ്വാസ്ഥ്യവും ഇല്ലെന്നാണ്…സ്വന്തം ഇണയെ കാണാതായാല്‍ ആര്‍ക്കും സംഭവിക്കാവുന്ന ആകാംഷ മാത്രമാണ് അതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞങ്ങള്‍ തന്നെയാണ് അവനെ കേരളത്തിലേയ്ക്ക് തിരിച്ചു വിട്ടത്…സാന്ദ്ര പറയുന്നു…

കേരളത്തിലെ സാധാരണക്കാര്‍ മാത്രമല്ല,അയര്‍ലണ്ടില്‍ നിന്നും പോലും ഒട്ടേറെ ഇന്ത്യക്കാര്‍ ഞങ്ങളെ വിളിച്ചു സമാശ്വസിപ്പിച്ചിരുന്നു.ഞങ്ങള്‍ക്ക് ധൈര്യം നല്‍കിയിരുന്നു.ലിഗ ഞങ്ങളെ വിട്ടു പോയാലും കേരളത്തോടുള്ള ഞങ്ങളുടെ നന്ദി ഞങ്ങള്‍ ഒരിക്കലും മറക്കില്ല.അവര്‍ പറഞ്ഞു നിര്‍ത്തി.

ഇതിനിടെ തിരുവനന്തപുരത്ത് ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ ആയവരുടെ മൊഴിയിലെ വൈരുധ്യവും പോലീസിനെ കുഴക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.. പഠിപ്പിച്ച് വിട്ടത് പോലെയാണ് ഇവര്‍ കാര്യങ്ങള്‍ പറയുന്നത്. കസ്റ്റഡിയിലുള്ള രണ്ടു പേര്‍ കുറ്റം സമ്മതിച്ചതായി പറയപ്പെടുന്നു.

ഇതോടെ രാസപരിശോധനാ ഫലത്തിനാണ് കാത്തിരിക്കുകയാണ് പോലീസ്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ സഹായത്തോടെയാണ് ചോദ്യം ചെയ്യുന്നത്. കേസ് ശാസ്ത്രീയമായി തന്നെഫലങ്ങള്‍ പുറത്തുവരുന്നതോടെ ഇവരുടെ അറസറ്റ് രേഖപ്പെടുത്താന്‍ കഴിയുമെന്നാണ് പോലീസ് കരുതുന്നത്.

റെജി സി ജേക്കബ്
ഐറിഷ് മലയാളി ന്യൂസ് 

Scroll To Top