Friday January 19, 2018
Latest Updates

റെയില്‍ സമരം വേണ്ടെന്ന് വെച്ചു ; തീരുമാനം ലേബര്‍ കോടതി ഇടപെടലിനെ തുടര്‍ന്ന്

റെയില്‍ സമരം വേണ്ടെന്ന് വെച്ചു ; തീരുമാനം ലേബര്‍ കോടതി ഇടപെടലിനെ തുടര്‍ന്ന്

ഡബ്ലിന്‍ :മൂന്ന് ദിവസത്തെ റെയില്‍ സമരം വേണ്ടെന്ന് വെച്ചതായി ഐറീഷ് റെയില്‍ സ്ഥിരീകരിച്ചു.തൊഴിലാളികള്‍ക്ക് 2.5% ശമ്പള വര്‍ധന നല്‍കപ്പെടും

ഐറീഷ് റെയില്‍ കമ്പനിയ്ക്കും തൊഴിലാളികളോടുമുള്ള തൊഴില്‍ കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് സമരം പിന്‍വലിച്ചത്.നവംബര്‍ 14,നവംബര്‍ 23, ഡിസംബര്‍ 8 തീയതികളില്‍ സര്‍വീസ് നടത്തും.

അയര്‍ലണ്ട്-ഡെന്‍മാര്‍ക്ക് ലോകകപ്പ് യോഗ്യതാ മല്‍സരം നടക്കുന്ന ചൊവ്വാഴ്ച എല്ലാ സര്‍വീസുകളും ഉറപ്പാക്കിയിട്ടുണ്ടെന്ന് ഐറീഷ് റെയില്‍ അറിയിച്ചു.സംഘടനയിലെ അംഗങ്ങള്‍ പുതിയ പ്രൊപ്പോസല്‍ അംഗീകരിച്ചു കൊണ്ടുള്ള തീരുമാനം ഉണ്ടാകുന്നതുവരെ പണിമുടക്ക് നിര്‍ത്തിവെച്ചതായി യൂണിയനുകള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

‘മൂന്നു വര്‍ഷത്തേക്കുള്ള വാര്‍ഷിക ശമ്പള വര്‍ധന 2.5 ശതമാനമാണ്. ഇത് ഘട്ടം ഘട്ടമായി 2017 ഡിസംബര്‍ 1, 2018 ഡിസംബര്‍ 1, 2019 ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുത്തും . 2017 ഡിസംബറില്‍ തൊഴിലാളികള്‍ക്ക് 500 യൂറോയുടെ ഒരു വൗച്ചറും നല്‍കും. യൂണിയനുകള്‍ 3.75 ശതമാനം ശമ്പള വര്‍ദ്ധനവാണ് ആവശ്യപ്പെട്ടിരുന്നത്.ഇപ്പോഴത്തെ ശുപാര്‍ശകള്‍ അംഗീകരിക്കുന്ന പക്ഷം കരാര്‍ കാലാവധിയില്‍ ജീവനക്കാര്‍ കൂടുതല്‍ ക്ലെയിമുകള്‍ ഉന്നയിക്കരുതെന്ന് ലേബര്‍ കോടതി നിര്‍ദ്ദേശിച്ചു.

പ്രകടന മാനേജ്മെന്റ് പദ്ധതിയും മെച്ചപ്പെട്ട വിട്ടുവീഴ്ചാ നയവും അംഗീകരിക്കാന്‍ ഇരു കൂട്ടരോടും കോടതി നിര്‍ദ്ദേശിച്ചു.ലേബര്‍ കോടതിയില്‍ മടങ്ങിയെത്തേണ്ട 2018 ഏപ്രില്‍ 30 നകം പരിഹരിക്കേണ്ട മറ്റ് വിഷയങ്ങള്‍ ഇരുകക്ഷികളും ചര്‍ച്ച ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.ശമ്പള പരിഷ്‌കരണം, റോസ്റ്ററിംഗ്,പുതിയ സമയം,ഹാജര്‍ ക്രമീകരണങ്ങള്‍ എന്നിവയെല്ലാമാണ് ഈ വിഷയങ്ങളില്‍ ഉള്‍പ്പെടുന്നത്.നിലവിലെ തര്‍ക്കം പരിഹരിക്കുന്നതില്‍ ഇടപെട്ട ലേബര്‍കോടതിയെ ഐറിഷ് റെയില്‍ നന്ദി അറിയിച്ചു.

Scroll To Top