Tuesday September 25, 2018
Latest Updates

റെഡ് അലേര്‍ട്ട് രാജ്യവ്യാപകം ,ഉച്ചയ്ക്ക് ശേഷം ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് ,വാഹനഗതാഗതം നിലച്ചു,അയര്‍ലണ്ട് നിശ്ചലമാകുന്നു 

റെഡ് അലേര്‍ട്ട് രാജ്യവ്യാപകം ,ഉച്ചയ്ക്ക് ശേഷം ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് ,വാഹനഗതാഗതം നിലച്ചു,അയര്‍ലണ്ട് നിശ്ചലമാകുന്നു 

ഡബ്ലിന്‍:മഞ്ഞുവീഴ്ചയുമായി സ്റ്റോം എമ്മ അയര്‍ലണ്ടിലേയ്ക്ക് കടക്കുന്ന അതി നിര്‍ണ്ണായക സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു.വെള്ളിയാഴ്ച വൈകിട്ട് മൂന്നു വരെ റെഡ് വാണിംഗ് നിലനില്‍ക്കുമെന്നാണ് മെറ്റ് ഐറന്‍ അറിയിച്ചിരിക്കുന്നത്.

കാലാവസ്ഥ വ്യതിയാനം ഏറ്റവും അധികം ബാധിക്കുന്ന ഡബ്ലിന്‍, കില്‍ഡയര്‍ , ലൗത്ത്, വെക്‌സ്‌ഫോര്‍ഡ്, വിക്ലോ, മീത്, കോര്‍ക്ക് ,വാട്ടര്‍ഫോര്‍ഡ് എന്നിവടങ്ങളില്‍ വളരെ ഉയര്‍ന്നതോതിലുള്ള മഞ്ഞുവീഴ്ച്ചയാണ് ഉണ്ടാകുന്നത്.ഇടവിട്ട് പെയ്യ്ന്ന സ്‌നോയില്‍ വാഹനഗതാഗതം പോലും നിലച്ചിരിക്കുന്ന ഈ കൗണ്ടികളില്‍ നേരത്തെ തന്നെ നിലനിന്നിരുന്ന റെഡ് വാണിംഗ് ഇപ്പോള്‍ മുഴുവന്‍ കൗണ്ടികളിലേക്കും പ്രഖ്യാപിച്ചിരിക്കുകയാണ്. താപനില മൈനസ് പത്തു വരെ പോകുമെന്നതിനാല്‍ തണുപ്പ് അതി കഠിനമായിരിക്കുമെന്നു മെറ്റ് ഐറന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്നലെ നടന്ന നാഷണല്‍ എമര്‍ജന്‍സി കോര്‍ഡിനേഷന്‍ ഗ്രൂപ്പ് യോഗത്തില്‍ അധ്യക്ഷന്‍ ഷോണ്‍ ഹോഗന്‍ റെഡ് അലെര്‍ട് നിലനില്‍ക്കുന്ന ഇടങ്ങളില്‍ സുരക്ഷയെക്കരുതി ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്ന് അറിയിച്ചിട്ടുണ്ട്. മണ്‍സ്റ്റര്‍,ലിന്‍സ്റ്റര്‍ എന്നിവടങ്ങളില്‍ കൂടുതല്‍ അപകട സാധ്യതകള്‍ ഉള്ളതിനാല്‍ ആളുകള്‍ വീടുകളില്‍ തന്നെ ആയിരിക്കണമെന്ന് പ്രത്യേക നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്.

അതിശക്തമായ കാലാവസ്ഥ ജീവന് ഭീക്ഷണിയാകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യത ഉള്ളതിനാലാണ് ഇത്തരത്തില്‍ ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതെന്ന് എന്‍ ഇ സി ജി വ്യക്തമാക്കി. .

സ്റ്റോം എമ്മ, ശക്തമാകുന്നതോടെ മണിക്കൂറില്‍ 110 വരെ വേഗതയില്‍ വീശുന്ന അപകടകരമായ മഞ്ഞുകാറ്റ് ശനിയാഴ്ച വരെ രാജ്യത്തു കഠിനമായ മഞ്ഞുവീഴ്ചക്കു കാരണമാകുമെന്ന് മെറ്റ് എറാനില്‍ നിന്നുള്ള എവ്ലിന്‍ കുസാക് പറഞ്ഞു.

രാജ്യം മുഴുവന്‍ റെഡ് അലെര്‍ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ സ്‌കൂളുകള്‍ക്കും വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്‍ അറിയിച്ചു.

മഞ്ഞു നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നെങ്കിലും തുടര്‍ച്ചയായ മഞ്ഞുവീഴ്ചയില്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് തടസം നേരിടുന്നുണ്ട്. സുരക്ഷയെക്കരുത്തി വീടുകളില്‍ തന്നെ ആയിരിക്കാനും പുറത്തു പോകേണ്ടി വരുന്നവര്‍ മഞ്ഞുവീഴ്ച ശക്തിപ്രാപിക്കും മുന്‍പ് തിരിച്ചെത്തണമെന്നു ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് ഓര്‍മ്മിപ്പിച്ചു.

കനത്ത മഞ്ഞുവീഴ്ചയില്‍ സുരക്ഷിതമല്ലാത്ത യാത്രകള്‍ അപകടങ്ങള്‍ക്കും മരണം സംഭവിക്കുന്നതിനു കാരണമാകാം. ആളുകള്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കാനും സുരക്ഷിതരായി ഇരിക്കേണ്ടതിനും ഈ ദിവസങ്ങളില്‍ സ്ഥാപനങ്ങള്‍ ഒന്നും തുറന്നു പ്രവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിരവധി കടകളും പോസ്റ്റ് ഓഫീസുകളുമെല്ലാം മോശം കാലാവസ്ഥയെത്തുടര്‍ന്നു നേരത്തെ തന്നെ അടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പെര്മനന്റ് ടിഎസ്ബി,അള്‍സ്റ്റര്‍ ബാങ്ക് എന്നിവ അടക്കമുള്ള ബാങ്കുകള്‍ ഇന്ന് അടച്ചിടും,ഇന്ന് ഉച്ചയ്ക്ക് ശേഷം അടയ്ക്കുന്ന ലിഡില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നാളെ ഉച്ചയ്ക്ക് ശേഷമേ വീണ്ടും തുറക്കുകയുള്ളു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ടെസ്‌കോയും രാജ്യത്തെ എല്ലാ ഷോപ്പുകളൂം അടയ്ക്കും,വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമേ പിന്നീട് തുറക്കുകയുള്ളു.ഐക്കയും,ആര്‍നോറ്റ്‌സും അടക്കമുള്ള പ്രമുഖ വ്യാപാരസ്ഥാപനങ്ങള്‍ ഇന്നും നാളെയും അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്

രാജ്യത്ത് ഇന്ന് ബസ് സര്‍വിസുകള്‍ പ്രവര്‍ത്തിക്കുന്നതല്ല എന്ന് ഡബ്ലിന്‍ ബസ് സര്‍വിസും ബസ് ഐറാനും അറിയിച്ചിട്ടുണ്ട് . ലുവാസ് സര്‍വീസുകള്‍ രാവിലെ മാത്രമേ ഉണ്ടാകു എന്നും അതിനു ശേഷം നിര്‍ത്തിവയ്ക്കുമെന്നും അറിയിപ്പുണ്ട്. കാലാവസ്ഥ ശക്തി പ്രാപിക്കുന്നതിനാല്‍ റെയില്‍ സര്‍വീസുകളും ഇന്ന് ഉച്ചമുതല്‍ നാളെ വരെ നിര്‍ത്തിവക്കുമെന്നു റെയില്‍വേ അറിയിച്ചു. ഇന്നലെയും ഇന്നുമായി നിരവധി വിമാന സര്‍വിസുകള്‍ റദ്ദാക്കിയിട്ടുണ്ട്.നാല് മണിക്ക് ശേഷം സര്‍വീസുകള്‍ ഒന്നും തന്നെ ഉണ്ടായിരിക്കുന്നതല്ല.

ആശുപത്രികളും ക്ലിനിക്കുകളുമെല്ലാം തുറന്നു പ്രവര്‍ത്തിക്കാനാകാത്ത അവസ്ഥ ആയതിനാല്‍ ഏതെങ്കിലും തരത്തിലുള്ള സര്‍വീസുകള്‍ ആവശ്യമുള്ളവര്‍ പ്രത്യേകം അധികൃതരുമായി ബന്ധപ്പെടുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്തിന്റെ തെക്കന്‍ മേഖലകളില്‍ നിന്നെത്തുന്ന സ്റ്റോം എമ്മ, മഞ്ഞുമഴയില്‍ രാജ്യം തണുത്ത് വിറയ്ക്കുകയാണ്. വ്യാഴാഴ്ച 25 സെന്റിമീറ്ററില്‍ രൂപപ്പെടുന്ന മഞ്ഞു വെള്ളിയാഴ്ച ശരാശരി 40 സെന്റിമീറ്റര്‍ വരെ ആകുമെന്ന് ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് മുന്നറിയിപ്പ് നല്‍കി.അതിനാല്‍ റോഡുകള്‍ ഗതാഗത യോഗ്യമായിരിക്കില്ല.

റെഡ് അലെര്‍ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ തന്നെ ആയിരിക്കണമെന്നും, യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കാലാവസ്ഥ കൂടുതല്‍ മോശമാകുന്നതില്‍ ജനങ്ങളും ആശങ്കാകുലരാണ്.

Scroll To Top