Tuesday November 13, 2018
Latest Updates

റെഡ് അലേര്‍ട്ട് പിന്‍വലിച്ചു,ഒരു മനമോടെ കേരളം ദുരിത നിവാരണത്തിന് 

റെഡ് അലേര്‍ട്ട് പിന്‍വലിച്ചു,ഒരു മനമോടെ കേരളം ദുരിത നിവാരണത്തിന് 

കൊച്ചി :പ്രളയമൊഴിയുന്നതോടെ കേരളത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ പുനരധിവസിക്കപെട്ടവരുടെ ക്ഷേമത്തിനായി മലയാളി സമൂഹം ഒന്നടങ്കം രംഗത്ത്. 164 ക്യാമ്പുകളിലായി 6,61,887 പേര്‍ ഇപ്പോള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയിട്ടുണ്ട്.

സംസ്ഥാനത്തൊട്ടാകെയായി 3,446 ക്യാംപുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്.ഭക്ഷണവും,വസ്ത്രവും,മരുന്നും അടക്കമുള്ള അവശ്യ വസ്തുക്കളുമായി പതിനായിരക്കണക്കിന് പേര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളെ സഹായിക്കാനെത്തുന്ന കാഴ്ചയാണ് കേരളത്തിലെങ്ങും.സാഹോദര്യത്തിന്റെ മനോഹരമായ കാഴ്ച എല്ലാ ദുരിതങ്ങളെയും ഒരു വേള മറക്കാന്‍ വെള്ള പ്പൊക്ക കെടുതിയില്‍ പെട്ടുപോയവരെ പോലും പ്രേരിപ്പിക്കുന്നു

മൂന്നു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പിന്‍വലിച്ചു. എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചത്. ഇന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവാസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി,തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.

മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് തീവത്ര കുറഞ്ഞ മഴയായിരിക്കും. വരും ദിവസങ്ങളില്‍ മഴ കുറയുന്നതിനാണ് സാധ്യതയെന്നും കാലവാസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

മഴ കുറഞ്ഞതോടെ ചെങ്ങന്നൂരിലെ ഒറ്റപ്പെട്ട മേഖലകളില്‍ കടന്നു ചെന്നുള്ള രക്ഷാപ്രവര്‍ത്തനം തുടങ്ങി.

ഏറെ പ്രയാസം സഹിച്ച് എത്തിയിട്ടും ചിലര്‍ വീട് വിട്ട് വരാന്‍ കൂട്ടാക്കാത്തത് പ്രശ്‌നമാണെന്ന് മത്സ്യത്തൊഴിലാളികളും പറയുന്നു. വീടിന്റെ രണ്ടാം നിലയിലും ടെറസിലുമായാണ് ഇവര്‍ കഴിയുന്നത്. പ്രധാനമായും ഏറെ പേര്‍ കുടുങ്ങി കിടക്കുന്ന പാണ്ടനാട്, കല്ലിശേരി തുടങ്ങി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും സൈന്യത്തിനും ഒപ്പം മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്.

ജലനിരപ്പ് പല സ്ഥലങ്ങളിലും കുറഞ്ഞതിനാല്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് എത്തിച്ചേരാനാകാത്തതാണ് ഇപ്പോള്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. മണ്‍തിട്ടയിലും മതിലിലും ബോട്ടുകള്‍ ഇടിക്കുന്ന സാഹചര്യം ഇപ്പോഴുണ്ട്. ഈ സാഹചര്യത്തില്‍ എയര്‍ ലിഫ്റ്റിംഗ് നടത്തുന്നതിനൊപ്പം നേവിയുടെ ചെറു വഞ്ചികള്‍ കൂടെ ചെങ്ങന്നൂരിലെ ഉള്‍പ്രദേശങ്ങളില്‍ രക്ഷപ്രവര്‍ത്തനം നടത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഏറെ പ്രയാസം സഹിച്ച് എത്തിയിട്ടും ചിലര്‍ വീട് വിട്ട് വരാന്‍ കൂട്ടാക്കാത്തത് പ്രശ്‌നമാണെന്ന് മത്സ്യത്തൊഴിലാളികളും പറയുന്നു.

മഴ കുറഞ്ഞതോടെ പല പ്രദേശങ്ങളിലും വെള്ളം ഇറങ്ങിതുടങ്ങി. നിലവില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തി ദിനമാണ്.

Scroll To Top