Thursday October 18, 2018
Latest Updates

റീ ബില്‍ഡിംഗ് അയര്‍ലണ്ട്: 288,000 യൂറോയുടെ കൗണ്‍സില്‍ വായ്പ ലഭിച്ചവരില്‍ നിരവധി മലയാളികളും,ഇനിയും അപേക്ഷിക്കാം 

റീ ബില്‍ഡിംഗ് അയര്‍ലണ്ട്: 288,000 യൂറോയുടെ കൗണ്‍സില്‍ വായ്പ ലഭിച്ചവരില്‍ നിരവധി മലയാളികളും,ഇനിയും അപേക്ഷിക്കാം 

ഡബ്ലിന്‍: വീട് വാങ്ങുന്നവര്‍ക്കായി സിറ്റി/ കൗണ്ടി കൗണ്‍സിലുകള്‍ വഴി സര്‍ക്കാര്‍ ആരംഭിച്ച ആകര്‍ഷകമായ വായ്പ പദ്ധതിയായ റീ ബില്‍ഡിംഗ് അയര്‍ലണ്ട് വഴി ആദ്യഘട്ടത്തില്‍ ഭവനവായ്പ അനുവദിച്ച് ലഭിച്ചവരില്‍ നിരവധി മലയാളികളും.

ആദ്യഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിച്ച നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഭവനവായ്പ അനുവദിച്ചു കൊണ്ടുള്ള ഡിസിഷന്‍ ലെറ്റര്‍ ലഭിച്ചു.വീട് കണ്ടെത്തുന്നതിന് ആറ് മാസത്തെ കാലാവധിയാണ് നല്‍കിയിരിക്കുന്നത്.ഇതിനകം യുക്തമായ വീടുകള്‍ കണ്ടെത്താതിരുന്നാല്‍,ഉചിതമായ കാരണം സമര്‍പ്പിച്ചില്ലെങ്കില്‍ അതോടെ ഡിസിഷന്‍ റദ്ദാക്കപ്പെടും. 288,000 യൂറോ വരെയുള്ള മോര്‍ട്ട്ഗേജാണ് ആദ്യഘട്ടത്തില്‍ കൂടുതല്‍ പേര്‍ക്കും ലഭിച്ചിരിക്കുന്നത്.

ഭവനമന്ത്രി ഓവന്‍ മര്‍ഫി ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്ത പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് വാര്‍ഷിക വരുമാനം 50,000 യൂറോയില്‍ കൂടാത്ത വ്യക്തികള്‍ യോഗ്യരാണ്. പങ്കാളിയുമായി/കുടുംബവുമായി സംയുക്തമായി ചേര്‍ന്നുള്ള അപേക്ഷ ആണെങ്കില്‍ വാര്‍ഷിക വരുമാനം 75,000 യൂറോ വരെ ആവാം.

യോഗ്യരായിട്ടുള്ള അപേക്ഷകര്‍ക്ക് വായ്പത്തുക ഉപയോഗിച്ച് പുതിയതോ പഴയതോ ആയ വീടുകള്‍ വാങ്ങാവുന്നതാണ്. 90% വരെയുള്ള വായ്പതുക മുപ്പതു വര്‍ഷത്തിനുള്ളില്‍ 2% പലിശ നിരക്കിലാണ് തിരിച്ചടയ്ക്കേണ്ടത്.

സ്വന്തമായി വീട് വാങ്ങുന്നതിനു ബുദ്ധിമുട്ട് അനുഭവിക്കുന്ന മധ്യവര്‍ഗ വരുമാനക്കാര്‍ക്ക് ഈ ഭവന വായ്പ പദ്ധതി വളരെയധികം പ്രയോജനകരമായിരിക്കുമെന്നു പദ്ധതിയുടെ ആനുകൂല്യങ്ങള്‍ വിശദീകരിച്ചു സംസാരിക്കവെ മന്ത്രി ഓവന്‍ മര്‍ഫി വ്യക്തമാക്കിയിരുന്നു.

കൗണ്ടി/സിറ്റി കൗണ്‍സിലുകളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ റീ ബില്‍ഡിംഗ് അയര്‍ലണ്ടിന്റെ 051 349720 എന്ന നമ്പറില്‍ നിന്നും ലഭിക്കുന്നതാണ്.

പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ അപേക്ഷിച്ചവര്‍ക്ക് എട്ടാഴ്ചകള്‍ക്കുള്ളില്‍ തന്നെ മറുപടി ലഭിച്ചു.
അയര്‍ലണ്ടിലെ ഭവനപ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ട് കൗണ്ടി കൗണ്‍സിലുകള്‍ വഴി നടപ്പാക്കാനുള്ള മോര്‍ട്ട്ഗേജ് സ്‌കീം അടക്കം മൂന്ന് പുതിയ പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.
അടുത്ത ഏതാനം വര്‍ഷങ്ങള്‍ക്കുള്ളിള്‍ ആയിരകണക്കിന് വീടുകള്‍ പണിയാനും അതുവഴി ഭവന പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരം കാണുവാനുമായാണ് പുതിയ പദ്ധതിയെന്ന് മന്ത്രി ഓവന്‍ മര്‍ഫി വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ നിലവിലുള്ള വീടുകള്‍ വാങ്ങാനുള്ളവര്‍ക്ക് അതിനുള്ള അവസരം ഉള്ളതിനൊപ്പം വീട് പണിയാന്‍ താത്പര്യമുള്ളവര്‍ക്ക് ഫാസ്റ്റ് ട്രാക്ക് പ്ലാനിങ് പ്രോസസ് വഴി അതിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്യും.ഡവലപ്പേഴ്‌സ് വഴിയും ഇതിനുള്ള അവസരം കണ്ടെത്താവുന്നതാണ്.

റീ ബില്‍ഡിംഗ് അയര്‍ലണ്ട് ഹോം ലോണ്‍

അമ്പതിനായിരം യൂറോയില്‍ താഴ്ന്ന വരുമാനം ഉള്ള വ്യക്തികള്‍ക്കെ ഈ ലോണിന് അപേക്ഷിക്കാനുള്ള അര്‍ഹതയുള്ളൂ.ജോയിന്റ് അപേക്ഷകര്‍ ആണെകില്‍ ഇരുവര്‍ക്കും കൂടി 75000 യൂറോയില്‍ അധികം വരുമാനം പാടില്ല.മലയാളികള്‍ അടക്കമുള്ള മിക്ക കുടിയേറ്റ വിഭാഗങ്ങളിലെയും 60 ശതമാനത്തില്‍ അധികം പേര്‍ക്കും ഈ വായ്പാ പദ്ധതി പ്രയോജനപ്പെടുത്താനാവും.

ഡബ്ലിന്‍,കോര്‍ക്ക്,ഗോള്‍വേ എന്നി നഗരമേഖലകളില്‍ 320000 വരെ വിലയുള്ള വീടുകളും,രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ 250,000 വരെയുള്ള വീടുകളും വാങ്ങാനാണെങ്കില്‍ മാത്രമേ ഈ ലോണ്‍ ലഭിക്കുകയുള്ളു.

ഡബ്ലിനില്‍ 75000 യൂറോയില്‍ താഴെ വരുമാനമുള്ള ജോയിന്റ് അപേക്ഷകര്‍ക്ക് (കുടുംബത്തിന്) 320000 വരെ വിലയുള്ള വീട് വാങ്ങാനായി 288000 യൂറോ കൗണ്‍സിലില്‍ നിന്നും വായ്പ ലഭിക്കും.നിലവിലുള്ള 10 ശതമാനം ഡിപ്പോസിറ്റ് തുകയും ചേര്‍ത്ത് അവര്‍ക്ക് വീട് വാങ്ങാം.അവരുടെ ആകെ ഡിസ്പോസബിള്‍ വരുമാനത്തിന്റെ 24 ശതമാനമോ,അഥവാ 1221 യൂറോയോ ആയിരിക്കും മാസ തിരിച്ചടവ് തുക.

ഏതെങ്കിലും ബാങ്കുകളില്‍ നിന്നോ ,ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ രണ്ടു തവണയെങ്കിലും ഹൗസിങ് അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്കേ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ വായ്പായ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.ഇത്തരം ഒരു വ്യവസ്ഥയുള്ളത് കൊണ്ട് ഹൗസിംഗ് മോര്‍ട്ടഗേജുകള്‍ക്കുള്ള അപേക്ഷകള്‍ നിരസിക്കാനുള്ള ബാങ്കുകളുടെ പ്രവണത കുറയുമെന്നും സര്‍ക്കാര്‍ കണക്കു കൂട്ടുന്നു.

എങ്കിലും ലോണ്‍ എടുക്കുന്നവര്‍ അവരുടെ ഡിസ്പോസബിള്‍ വരുമാനത്തിന്റെ മൂന്നിലൊന്നു കൊണ്ട് മാസതവണ അടക്കുവാന്‍ കഴിയും വിധമാണ് ലോണ്‍ ക്രമീകരിച്ചിരിക്കുന്നത്.പലിശ നിരക്ക് വര്‍ദ്ധിക്കില്ലെന്നതും,ഇപ്പോഴുള്ള പരമാവധി മൂന്നിലൊന്നു വരുമാനത്തില്‍ കൂടുതല്‍ തുക വായ്പാ കാലാവധി കഴിയും വരെ അടയ്‌ക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ പദ്ധതിയെ ആകര്‍ഷകമാക്കുന്നു.

പദ്ധതി നടപ്പാകുന്നതോടെ കുതിച്ചു കയറുന്ന ഭവനവില കുത്തനെ ഇടിയുമെന്നും പറയപ്പെടുന്നു.

അഫോര്‍ഡബിള്‍ റെന്റല്‍ സ്‌കീം 

വീട് പണിതു കുറഞ്ഞ നിരക്കില്‍ വാടകയ്ക്ക് നല്‍കാനുള്ള മറ്റൊരു പദ്ധതിയും സര്‍ക്കാര്‍ തുടങ്ങുന്നുണ്ട്.നിലവിലുള്ള സോഷ്യല്‍ ഹൗസിംഗ് സ്‌കീമിന്റെ പരിഷ്‌കരിച്ച രൂപമായിരിക്കും ഇത്.

അഫോര്‍ഡബിള്‍ പര്‍ച്ചയിസ് സ്‌കീം 

ഇതിനു പുറമെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ സഹകരണാടിസ്ഥാനത്തില്‍ സൊസൈറ്റികളുടെയും, സര്‍ക്കാര്‍ ഹൗസിംഗ് ഏജന്‍സിയുടെയും വീടുകള്‍ മോര്‍ട്ട്ഗേജ് പണം ഉപയോഗിച്ച് പണിയാനായുള്ള പൈലറ്റ് സ്‌കീം ഡണ്‍ലേരി കൗണ്ടി കൗണ്‍സിലിന് കീഴിലാണ് ആദ്യമായി ആരംഭിക്കുന്നത്.പിന്നീട് എല്ലാ കൗണ്ടികളിലേയ്ക്കും വ്യാപിപ്പിക്കും.

ഇതനുസരിച്ച് സര്‍ക്കാര്‍ ഭൂമിയില്‍ വീട് പണിതു നല്‍കുന്നതു വഴി മൂലധന ചിലവില്‍ ഉണ്ടാകുന്ന കുറവ് (ഉദാഹരണം ഭൂമി വില,സ്ഥലവില കണക്കാക്കുന്നതിന്റെ പലിശ) കുറച്ചായിരിക്കണം ഡവലപ്പര്‍ വീട് ആവശ്യക്കാരന് വില്‍ക്കേണ്ടത്.250000 യൂറോ വിലയുള്ള വീട് 200000 യൂറോ വിലയില്‍ വാങ്ങുന്നയാള്‍ക്ക് ലഭിക്കും.എന്നാല്‍ വാങ്ങുന്നയാള്‍ വീട് മറ്റൊരാള്‍ക്ക് മോര്‍ട്ട് ഗേജ് കാലാവധിയ്ക്ക് മുമ്പ് വില്‍ക്കുകയാണെങ്കില്‍ സര്‍ക്കാര്‍ വിഹിതവും അപ്പോള്‍ തിരിച്ചടയ്ക്കേണ്ടി വരും.

മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്കായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയിലോ ,സ്വകാര്യസംഘങ്ങള്‍ വാങ്ങുന്ന ഭൂമിയിലോ സഹകരണാടിസ്ഥാനത്തില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിന് അഫോര്‍ഡബിള്‍ പര്‍ച്ചയിസ് സ്‌കീം പ്രയോജനപ്പെടുത്താം.ജൂലൈ ആദ്യ വാരത്തില്‍ ഐറിഷ് മലയാളി’യുടെ നേതൃത്വത്തില്‍ ഡബ്ലിനില്‍ സ്‌കീമില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കായി ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്.ഐറിഷ് കോ ഓപ്പറേറ്റിവ് ഹൗസിങ് അയര്‍ലണ്ടിന്റേയും,കോ ഓപ്പറേറ്റിവ് ഹൗസിങ് ഡവലപ്പേഴ്സിന്റെയും പ്രതിനിധികള്‍ സെമിനാറില്‍ വിദഗ്‌ദോപദേശം നല്‍കാനെത്തും.സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 0894895416 എന്ന നമ്പറില്‍ ബന്ധപ്പെടുക

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top