Sunday April 30, 2017
Latest Updates

റിസഷന്‍ തീരുന്നു ;അയര്‍ലണ്ടും വളര്‍ച്ചാവഴിയില്‍

റിസഷന്‍ തീരുന്നു ;അയര്‍ലണ്ടും വളര്‍ച്ചാവഴിയില്‍

ഡബ്ലിന്‍ :അയര്‍ലണ്ടിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെടുന്നു. വര്‍ഷത്തിലെ രണ്ടാം പാതിയില്‍ തന്നെ മുന്‍ കാലത്തെ തളര്‍ച്ചയെ മറികടന്നാണ് അയര്‍ലണ്ട് സാമ്പത്തികമായി മുന്നേറുന്നത്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ കാണിക്കുന്നത് ഇവിടത്തെ ജിഡിപി നിരക്കില്‍ ആദ്യത്തെ മാസങ്ങളെ അപേക്ഷിച്ച് വളര്‍ച്ച ഉണ്ടായിട്ടുണ്ടെന്നാണ്.

വര്‍ഷത്തിലെ ആദ്യ മാസങ്ങളില്‍ സാമ്പത്തിക സ്ഥിതി അല്പം പരുങ്ങലിലായിരുന്നു. ജിഡിപി 1.2 ശതമാനത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ ജിഎന്‍പി 0.1 ആയാണ് കുറഞ്ഞത്.

ജിഡിപിയുടെ കുറഞ്ഞ നിരക്കും ജിഎന്‍പിയുടെ തകര്‍ച്ചയും സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ കെടുത്തിയിരുന്നു. സാമ്പത്തിക വകുപ്പ് മന്ത്രി മൈക്കല്‍ നൂനന്റെ ബജറ്റ് പരിഷ്‌കരണത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയായിരുന്നു സാമ്പത്തിക വിദഗ്ധര്‍.
എന്നാല്‍ എക്‌സ്‌ചെക്കര്‍ കണക്കുകളും മറ്റു കണക്കുകളും പ്രസിദ്ധീകരിക്കാന്‍ കാത്തിരിക്കുകയാണെന്നായിരുന്നു മന്ത്രി നൂനന്‍ വിശദീകരിച്ചത്. സാമ്പത്തിക കണക്കുകള്‍ ഇന്നത്തെ അവസ്ഥ കൂടി അനുമാനിച്ച് പുനക്രമീകരണങ്ങള്‍ നടത്തിയേക്കും എന്നാണ് ധാരണ.
കഴിഞ്ഞ തവണ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായിച്ചത് കയറ്റുമതി സര്‍വ്വീസുകള്‍ ആയിരുന്നു.

യൂറോസോണ്‍ ആവറേജിനേക്കാളും മുകളിലാണെങ്കിലും അയര്‍ലണ്ടിലെ ഇപ്പോഴത്തെ സാമ്പത്തിക വളര്‍ച്ചാനിരക്ക് പതിയെയാണ് നീങ്ങുന്നത്.

നിര്‍മാണ വ്യാപാര മേഖലകളില്‍ ഒരു കുതിപ്പുണ്ടായാലെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കാന്‍ സാധിക്കുകയുള്ളു. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള സമയത്ത് ഈ വിഭഗത്തിലെ വളര്‍ച്ചാനിരക്ക് 4.2 ശതമാനമായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2007ലെ സാധനസാമഗ്രികളുടെ നഷ്ടം കാരണം തൊഴില്‍ നഷ്ടപ്പെട്ട 170,000 ബില്‍ഡര്‍മാര്‍ കാരണം രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും ചെയ്തിരുന്നു. ഇവരുടെ തിരിച്ചുവരവുകൂടി ലക്ഷ്യം വച്ചുകൊണ്ടുള്ള പദ്ധതിയാണ് രാജ്യത്തിനാവശ്യം.
1.5 ബില്ല്യണ്‍ യൂറോയുടെ കയറ്റുമതി ഉണ്ടായതും പുരോഗതിക്ക് വഴിവച്ചിട്ടുണ്ട്. ഈ മേഖലയില്‍ ആദ്യത്തെ മൂന്നുമാസങ്ങളിലായി ജനങ്ങല്‍ 0.7 ശതമാനത്തോളം ചിലവിട്ടിട്ടുണ്ടെന്നാണ് കണക്ക്.

ഗതാഗതം, വാര്‍ത്താവിനിമയം, സോഫ്‌റ്റ്വെയര്‍, വിതരണം തുടങ്ങിയ മേഖലകളിലും 1.4 ശതമാനത്തോളം വര്‍ദ്ധനവാണുള്ളത്. 2008, 2009 കാലഘട്ടങ്ങളില്‍ ഐറിഷ് സാമ്പത്തിക മേഖല അനുഭവിച്ചുവന്ന പ്രതിസന്ധിയില്‍ നിന്നും സാവധാനം കരകയറിക്കൊണ്ടിരിക്കുകയാണ് രാജ്യം.

എന്നാല്‍ വളരെ ചെറിയതോതിലുള്ള മാറ്റത്തെ ഇത്ര അധികമായി ഉയര്‍ത്തേണ്ടതില്ലെന്ന മുന്നറിയിപ്പാണ് സിഎസ്ഒ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഐഡന്‍ പഞ്ച് തരുന്നത്.

കണക്കുകള്‍ കൃത്യമായി അറിയാന്‍ സാധിച്ചില്ലെങ്കില്‍ അത് വരുന്ന ബജറ്റിനെ പ്രതികൂലമായി ബാധിക്കും എന്നാണ് മന്ത്രി നൂനന്‍ പറയുന്നത്.

മുന്നെ തീരുമാനിച്ചതനുസരിച്ച് 3.1 ബില്ല്യണ്‍ യൂറോയുടെ പദ്ധതിയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ലയെന്നും കൂടുതല്‍ പഠനവിധേയമാക്കിയതിനു ശേഷം മാത്രമേ സര്‍ക്കാര്‍ അതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നും നൂനന്‍ പറഞ്ഞു. കണക്കുകള്‍ വിചാരിക്കുന്നതില്‍ കുറവോ കൂടുതലോ ആയിരിക്കാം, വരാന്‍ പോകുന്നത് കഠിനതയുള്ള ബജറ്റാണെന്നാണ് ധനകാര്യ വകുപ്പിന്റെ വിലയിരുത്തല്‍.

ഇപ്പോള്‍ വളര്‍ച്ചയിലേക്ക് നീങ്ങുന്ന സാമ്പത്തിക സ്ഥിതിയാണുള്ളതെന്നും കയറ്റുമതിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി നൂനന്‍ പറഞ്ഞു. ശക്തമായ സാമ്പത്തിക നില കെട്ടിപ്പടുക്കാനുള്ള മുന്നൊരുക്കത്തിലാണ് രാജ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top