Thursday October 18, 2018
Latest Updates

റിലയന്‍സിനും ടാറ്റയ്ക്കും മേലെ; രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് എന്ന പദവിയിലേക്ക് സീറോ മലബാര്‍ സഭ!

റിലയന്‍സിനും ടാറ്റയ്ക്കും മേലെ; രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് എന്ന പദവിയിലേക്ക് സീറോ മലബാര്‍ സഭ!

സീറോ മലബാര്‍ സഭയെ ഒരു സ്ഥാപനമായി കരുതി വിപണി മൂല്യം കണക്കാക്കിയാല്‍ റിലയന്‍സും ടാറ്റയും അടുത്തെങ്ങും എത്തില്ല. അതിശയോക്തിയെന്ന് തോന്നുന്നെങ്കില്‍ ഈ കണക്കു കൂടി കേള്‍ക്കുക: 9000 വൈദികരും 37000 സന്യാസിനികളും അടക്കം 50 ലക്ഷംഅംഗങ്ങള്‍, 34 രൂപതകള്‍, 3763 പള്ളികള്‍, 71 സെമിനാരികള്‍, 4860 വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികളും ആതുരാലയങ്ങളും – 2614, സന്യാസ സമൂഹങ്ങള്‍ – 77; മൊത്തം സ്ഥാപനങ്ങളുടെ എണ്ണം 11,000.

ഇതില്‍ ഒരു പ്രബല സന്യാസ സമൂഹമായ സിഎംഐ സഭയുടെ കീഴില്‍ മാത്രമുണ്ട് 1514 സ്ഥാപനങ്ങള്‍. ഇത്തരം 77 സന്യാസ സമൂഹങ്ങളാണ് സഭക്ക് കീഴിലുള്ളത്.

സഭക്ക് കീഴിലുള്ള സ്ഥാപനങ്ങളുടെ ആസ്തി ഒറ്റക്കൊറ്റയ്‌ക്കെടുത്താല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ശേഷിയുള്ള 50 സ്ഥാപനങ്ങളെങ്കിലും ഉണ്ടാകും. സ്ഥാപനങ്ങള്‍ക്കെല്ലാം കൂടിയുള്ള വാര്‍ഷിക വരുമാനം നോക്കിയാലും ഇന്ത്യയിലെ ഒരു സ്ഥാപനവും അടുത്തെത്തില്ല.

ഇന്ത്യയിലാകമാനം സീറോ മലബാര്‍ സഭക്ക് സാന്നിധ്യമുണ്ട്. മിഷനുകളിലൂടെയും സന്യാസ സമൂഹങ്ങളിലൂടെയും ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളിലും സീറോ മലബാര്‍ സഭ വേരുറപ്പിച്ചിരിക്കുന്നു.

റോമന്‍ കത്തോലിക്കാ സഭക്ക് കീഴിലുള്ള സ്വയം ഭരണാവകാശമുള്ള സഭയാണ് കേരളം ആസ്ഥാനമായ സീറോ മലബാര്‍ സഭ. അംഗങ്ങള്‍ മുഴുവന്‍ മലയാളികള്‍.

കേരളത്തിനും അഭിമാനിക്കാന്‍ വകയുണ്ട്. സഭയുടെ ഭരണ നിര്‍വഹണം മുഴുവന്‍ നടത്തുന്നത് മലയാളികള്‍ തന്നെ.

കാക്കനാട് മൗണ്ട് സെന്റ് തോമസാണ് ആസ്ഥാനം. മേജര്‍ ആര്‍ച്ച് ബിഷപ്പാണ് സഭാ തലവന്‍. മെത്രാന്മാരുടെ സിനഡാണ് പരമാധികാര സമിതി. ആഗോള കത്തോലിക്കാ സഭയില്‍ സ്ഥാപനങ്ങളുടെ എണ്ണം കൊണ്ടും, ആസ്തി കൊണ്ടും, ലോകരാജ്യങ്ങളിലെ സാന്നിധ്യം കൊണ്ടും മുന്‍പന്തിയിലാണ് സീറോ മലബാര്‍ സഭ.

വിവിധ രൂപതകളും, സന്യാസ സമൂഹങ്ങളും സ്വതന്ത്രമായാണ് സാമ്പത്തിക നിര്‍വഹണം നടത്തുന്നത്.
സഭയുടെ ആസ്തി ഇതുവരെ ഔദ്യോഗികമായി തിട്ടപ്പെടുത്തുകയോ, പ്രസിദ്ധപ്പെടുത്തുകയോ ചെയ്തിട്ടില്ല. രാജ്യത്തിനകത്തും പുറത്തും വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഭൂമിയുടെ വിപണി മൂല്യം പോലും ശതകോടികള്‍ വരും. ഇതും ഓഡിററിംഗിന് പുറത്താണ്. എറണാകുളം അതിരൂപതയിലെ ഭൂമി ഇടപാട് ചര്‍ച്ചകളില്‍ നിറഞ്ഞ സാഹചര്യത്തിലാണ് സീറോ മലബാര്‍ സഭയുടെ ആസ്തി ചര്‍ച്ചയാകുന്നത്.

(കടപ്പാട്:ലൈവ് ന്യൂ ഏജ് )

Scroll To Top