Thursday October 18, 2018
Latest Updates

റാഫേല്‍ വിമാനയിടപാട് :ആരോപണം വന്നിട്ടും പ്രതീകരിക്കാതെ നരേന്ദ്ര മോദി,കരാര്‍ റദ്ദാക്കുന്ന പ്രശ്‌നമില്ലെന്ന് ധനമന്ത്രി 

റാഫേല്‍ വിമാനയിടപാട് :ആരോപണം വന്നിട്ടും പ്രതീകരിക്കാതെ നരേന്ദ്ര മോദി,കരാര്‍ റദ്ദാക്കുന്ന പ്രശ്‌നമില്ലെന്ന് ധനമന്ത്രി 

ന്യൂ ദല്‍ഹി:റഫേല്‍ വിമാന കൈമാറ്റ ഇടപാടില്‍ റിലയന്‍സ് കമ്പനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുവെന്ന സംശയം ശക്തമായിരിക്കെ ഇക്കാര്യത്തില്‍ മൗനം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് മോദി ഇതുവരെ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. റഫേല്‍ വിമാന ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സിനെ നിര്‍ദ്ദേശിച്ചത് ഇന്ത്യന്‍ സര്‍ക്കാരാണെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാണ്ടെയുടെ പ്രസ്താവനയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ റഫേല്‍ ഇടപാട് വിവാദം ആളിക്കത്തിച്ചത്.

അതേസമയം, റഫേല്‍ ഇടപാട് റദ്ദാക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്കമാക്കി. കൂടുതല്‍ വിലക്കാണ് റഫാല്‍ വിമാനങ്ങള്‍ വാങ്ങിയതെന്ന പ്രതിപക്ഷ ആരോപണങ്ങളെ ജെയ്റ്റ്ലി നിഷേധിച്ചു. കൂടുതല്‍ വിലക്കാണോ വിമാനങ്ങള്‍ വാങ്ങിയതെന്ന കാര്യം സി.എ.ജിയാണ് പരിശോധിക്കേണ്ടതെന്നും പൂര്‍ണമായും സുതാര്യമാണ് ഇടപാടെന്നും നിലവില്‍ അത് റദ്ദാക്കേണ്ട ആവശ്യമില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചതിനേക്കാളും കുറഞ്ഞ വിലയിലാണ് എന്‍.ഡി.എ സര്‍ക്കാര്‍ വിമാനങ്ങള്‍ വാങ്ങുന്നതെന്ന് ജെയ്റ്റ്ലി അവകാശപ്പെട്ടു. സുരക്ഷ മുന്‍നിര്‍ത്തി വിമാനങ്ങളുടെ വില ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് സംശയങ്ങളുണ്ടെങ്കില്‍ സി.എ.ജിയെ സമീപിക്കാമെന്നും ജെയ്റ്റ്ലി പറഞ്ഞു.

അതേസമയം, രാജ്യത്ത് ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളിലെല്ലാം മൗനം പാലിക്കുന്ന നരേന്ദ്ര മോദി മൗനം അവസാനിപ്പിച്ച് മറുപടി പറയണമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. മുന്‍ ഫ്രഞ്ച് പ്രസിഡ്ന്റ് പ്രധാനമന്ത്രിയെ കള്ളെനെന്ന് വിളിച്ചിട്ടും ഇക്കാര്യത്തെ കുറിച്ച് ഒരക്ഷരം മിണ്ടാന്‍ മോദി തയാറായിട്ടില്ല. ഒന്നുകില്‍ ഹോളാണ്ടെയും പ്രസ്താവന അംഗീകരിക്കുക. അല്ലെങ്കില്‍ സത്യം തുറന്ന് പറയുക. രാഹുല്‍ ആഞ്ഞടിച്ചു.

റഫേല്‍ വിമാന ഇടപാടില്‍ ഇന്ത്യ നിര്‍ദ്ദേശിച്ച ഇടനിലക്കാരനുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തുക എന്നല്ലാതെ ഫ്രാന്‍സിന് മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നുവെന്നുമായിരുന്നു മുന്‍ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞത്. നരേന്ദ്ര മോദി സര്‍ക്കാരുമായി റഫേല്‍ ഇടപാടിന്റെ കരാര്‍ ഒപ്പിട്ടത് ഹൊളാണ്ടെയുടെ ഭരണകാലത്തായിരു്ന്നു.

പ്രസ്തുത ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ബിജെപിക്ക് എതിരെ വലിയ ആരോപണങ്ങളാണ് ഓരോ ദിവസവും ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. ‘അടച്ചിട്ട മുറിയ്ക്കുള്ളില്‍ റഫേല്‍ ഇടപാടില്‍ മാറ്റങ്ങള്‍ വരുത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ്. കടത്തിലായ അനില്‍ അംബാനിക്ക് കോടികണക്കിന് ഡോളറിന്റെ ബിസിനസാണ് മോദി നേരിട്ട് ഇടപെട്ട് തരപ്പെടുത്തിയത് എന്ന് ഫ്രാന്‍കോയിസ് ഹൊളാണ്ടെയുടെ വാക്കുകളില്‍നിന്ന് വ്യക്തമാണ്. പ്രധാനമന്ത്രി ഇന്ത്യയെ വഞ്ചിച്ചിരിക്കുകയാണ്. ഇന്ത്യന്‍ പട്ടാളക്കാരുടെ രക്തത്തെ പോലും അദ്ദേഹം അപമാനിച്ചിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി സംഭവം പുറത്തായ ഉടനെ ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു.

അതേസമയം, മുന്‍ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനയെ തള്ളി ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം രംഗത്ത് എത്തിയിരുന്നു. റഫേല്‍ ഇടപാട് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറാണ്. ഡസോള്‍ട്ടും റിലയന്‍സും തമ്മിലുള്ളത് പ്രത്യേക കരാറാണ്. ആ കരാര്‍ ഏത് കമ്പനിക്ക് കൊടുക്കണമെന്നതിന്റെ പൂര്‍ണ അധികാരം ഫ്രാന്‍സിന് ഉണ്ടായിരുന്നു. ഇത് അനുസരിച്ചാണ് റിലയന്‍സില്‍ ഓഫ് ഷോര്‍ നിക്ഷേപം നടത്തി കരാര്‍ നല്‍കാന്‍ ഡസോള്‍ട്ട് തീരുമാനിച്ചതെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി അവരുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റഫേല്‍ കരാര്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കരാറിലാക്കിയതെന്ന് വരുത്തിതീര്‍ക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരും ബിജെപിയും കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെയാണ് ഇടിത്തീ പോലെ മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവന വന്നിരിക്കുന്നത്. ഒരു ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം യാതൊരു സംശയങ്ങള്‍ക്കും ഇടംനല്‍കാതെയുള്ള പ്രസ്താവന നടത്തിയത്.

Scroll To Top