Thursday October 18, 2018
Latest Updates

റഷ്യന്‍ വിമാനം മെഡിറ്ററേറിയന്‍ കടലിന് മുകളില്‍ കാണാതായി,ആക്രമണമെന്ന് സൂചനകള്‍

റഷ്യന്‍ വിമാനം മെഡിറ്ററേറിയന്‍ കടലിന് മുകളില്‍ കാണാതായി,ആക്രമണമെന്ന് സൂചനകള്‍

മോസ്‌കോ :14 പേരുമായി പോയ റഷ്യന്‍ സൈനിക വിമാനം റഡാറില്‍നിന്നു കാണാതായി. തിങ്കളാഴ്ച രാത്രി മെഡിറ്ററേനിയന്‍ കടലിനുമുകളില്‍ വച്ചാണ് അപ്രതീക്ഷിതമായി റഷ്യന്‍ ഐഎല്‍-20 വിമാനം കാണാതായതെന്ന് പ്രതിരോധ മന്ത്രി അറിയിച്ചു. സിറിയന്‍ വിമാനങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണമുണ്ടായ സമയമാണ് റഷ്യന്‍ വിമാനം കാണാതായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

റഷ്യന്‍ സമയം രാത്രി 11ഓടെയായിരുന്നു സംഭവം. സിറിയന്‍ തീരത്തുനിന്ന് ഏകദേശം 35 കിലോമീറ്റര്‍ അകലെ മെഡിറ്ററേനിയന്‍ കടലിന് മുകളിലായിരുന്നു റഷ്യന്‍ ഐഎല്‍-20 ഉണ്ടായിരുന്നത്. ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ സിറിയന്‍ ഭരണകൂടം തെറ്റായി റഷ്യയുടെ വിമാനം വെടിവച്ചിട്ടതായി രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിമാനത്തിലുണ്ടായിരുന്നവരെക്കുറിച്ച് വിവരമില്ല. രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. മെഡിറ്ററേനിയന്‍ കടലില്‍ വിമാനം മുങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.

എന്നാല്‍ സിറിയന്‍ ഭരണകൂടം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല. വിദേശ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രതികരിക്കില്ലെന്ന് ഇസ്രയേല്‍ സൈനിക വക്താവും അറിയിച്ചു. റഷ്യന്‍ വിമാനത്തിന്റെ കാര്യത്തില്‍ ഇടപെട്ടിട്ടില്ലെന്ന് പെന്റഗണ്‍ വക്താവും അറിയിച്ചു. ഫ്രഞ്ച് നാവികസേനയുടെ കപ്പലില്‍നിന്നു റോക്കറ്റുകള്‍ വിക്ഷേപിച്ചതായും റഷ്യന്‍ പ്രതിരോധമന്ത്രാലയം പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ഫ്രാന്‍സിനു പങ്കില്ലെന്ന് ഫ്രഞ്ച് സൈന്യത്തിന്റെ വക്താവും വ്യക്തമാക്കിയിട്ടുണ്ട്.

Scroll To Top