Monday October 15, 2018
Latest Updates

റവന്യു ഓഫിസര്‍മാരെന്ന വ്യാജേന തട്ടിപ്പ് : നികുതിദായകരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവാകുന്നു

റവന്യു ഓഫിസര്‍മാരെന്ന വ്യാജേന തട്ടിപ്പ് : നികുതിദായകരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവാകുന്നു

ഡബ്ലിന്‍ : റവന്യു ഓഫിസര്‍മാരെന്ന വ്യാജേന നികുതിദായകരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങള്‍ പതിവാകുന്നു.നികുതിയൊടുക്കിയതില്‍ ചില പിഴവുകള്‍ ആരോപിച്ച് അതിന്റെ പേരില്‍ പണം പിടുങ്ങുകയാണ് ചെയ്യുന്നത്.ഇത്തരം ആളുകള്‍ക്കും ഫോണ്‍ കോളുകള്‍ക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് റവന്യു കമ്മീഷണര്‍ അറിയിച്ചു.ഇത്തരം സംഭവങ്ങള്‍ സാധാധാരണമായെന്നും കമ്മീഷ്ണര്‍ പറഞ്ഞു.

സംഭവങ്ങളില്‍ ആക്ഷേപത്തിനിരയാകുന്നത് ഇന്ത്യയ്ക്കാരാണ് എന്ന പ്രത്യേകതയും ഇത്തരം തട്ടിപ്പുകള്‍ക്കുണ്ട്.തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ ആക്‌സന്റ്റാണ് ഇതിന് കാരണമാകുന്നത്.പ്രതികള്‍ യൂറോപ്യന്‍ രാജ്യക്കാരല്ല എന്ന് ഉറപ്പാണ്.പക്ഷെ ഇന്ത്യക്കാരാണോ,പാക്കിസ്ഥാനികളാണോ അഥവാ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുവരാണോ എന്ന് കണ്ടു പിടിക്കാന്‍ ഇതേ വരെയായിട്ടില്ല.വര്‍ഷങ്ങളായി നടക്കുന്ന തട്ടിപ്പാണെങ്കിലും ഇതിന് പിന്നിലുള്ളവരെ വെളിപ്പെടുത്താന്‍ ഗാര്‍ഡ തയാറായിട്ടില്ല.പഴി,പക്ഷേ ഇന്ത്യക്കാര്‍ക്ക് വരുമെന്നതിന് മാത്രം മാറ്റമില്ല.പാക്കിസ്ഥാന്‍,മലേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരം തട്ടിപ്പുകളുടെ ആസൂത്രകര്‍ രംഗത്തെത്തുന്നതെന്ന് പറയപ്പെടുന്നു.

കഴിഞ്ഞ ദിവസം ഒരു മുപ്പതുകാരന്റെ 3000 യൂറോയാണ് ഇത്തരത്തില്‍ ‘റവന്യു വ്യാജന്മാര്‍” അടിച്ചു മാറ്റാന്‍ ശ്രമിച്ചത്.നികുതിയടച്ചതിന്റെ ക്രമക്കേടുകളുടെ പേരില്‍ ജയിലില്‍ പോകേണ്ടി വരുമെന്നു ഈ ‘റവന്യു ഉദ്യോഗസ്ഥര്‍’ ഭീഷണിപ്പെടുത്തുകയായിരുന്നു.3209 യൂറോയുടെ ‘നികുതിവെട്ടിപ്പ്’ കണ്ടെത്തിയെന്നായിരുന്നു ഇയാളെ അറിയിച്ചത്.

പേര് വെളിപ്പെടുത്താത്ത യുവാവ് തട്ടിപ്പിന്റെ കഥ ഇങ്ങനെ: ഒരു റവന്യു ബില്‍ യുവാവ് അടച്ചിരുന്നു.തുടര്‍ന്ന് ഡബ്ലിന്‍ നമ്പരില്‍ നിന്ന് ഒരു ഓട്ടോമേറ്റഡ് ഫോണ്‍ കോള്‍ ഇദ്ദേഹത്തിന് വന്നു.ഒരു ലീഗല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരില്‍ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ആ കംപ്യൂട്ടര്‍ വോയ്സ് മെസ്സേജ്.ആ നമ്പരില്‍ തിരിച്ചു വിളിച്ചപ്പോള്‍ സംസാരിച്ച റവന്യു ഉദ്യോഗസ്ഥന്‍ മൂന്ന് ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ ഉന്നയിച്ചു.

റവന്യു നിയമ ലംഘനം,തെറ്റായ വരുമാനനികുതി ഫയല്‍ ചെയ്യല്‍,റവന്യു നികുതി വെട്ടിപ്പ് എന്നീ ആരോപണങ്ങളാണ് ഉന്നയിച്ചത്.3000യൂറോയിലേറെ തെറ്റായ കണക്കില്‍പ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.ഈ പണം മനപ്പൂര്‍വം തട്ടിയെടുത്തതാണെന്ന് റവന്യുവകുപ്പിന് തെളിവു ലഭിച്ചിട്ടുണ്ടെന്നും അതിന് ജയില്‍ വാസമോ വീട്ടുപകരണങ്ങള്‍ ജപ്തിചെയ്യലോ നേരിടേണ്ടി വരുമെന്നും അറിയിച്ചു.

2013ലെ നികുതിയുമായി ബന്ധപ്പെട്ടു യാതോരു വിധ നോട്ടീസുകളോ അറിയിപ്പുകളോ ഇതുവരെ ലഭിച്ചില്ലെന്നും ഇത്തരത്തില്‍ ഒരു തുക നല്‍കേണ്ടിനെക്കുറിച്ചറിയില്ലെന്നും യുവാവ് വാദിച്ചതോടെ ഫോണ്‍ റവന്യുഓഫിസറുടെ ‘മേധാവി’ക്ക് കൈമാറി. ജോണ്‍ എന്നു പരിചയപ്പെടുത്തിയ ഇദ്ദേഹം വളരെ മാന്യമായും തികഞ്ഞ ആധികാരികതയോടെയുമാണ് ചോദ്യങ്ങള്‍ ചോദിച്ചതും സംശയങ്ങള്‍ക്കു മറുപടി നല്‍കിയതും.
ഒടുവില്‍ സംസാരിച്ച് ഒരു തീര്‍പ്പിലെത്തി.

‘ഇത്തരത്തില്‍ 15000ത്തോളം നികുതിദായകരുണ്ടെന്നും അവര്‍ക്കെതിരെയൊന്നും ഒരു നടപടിയുമെടുത്തിട്ടില്ലെന്നും അതിനാല്‍ ഭയത്തിന്റെ കാര്യമില്ലെന്നും ഇടപാടുകള്‍ എല്ലാം വളരെ രഹസ്യമായിരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.അങ്ങനെ തുടര്‍ നിയമ നടപടികളൊഴിവാക്കാന്‍ അര മണിക്കൂറിനുള്ളില്‍ ഐട്യൂണ്‍ വൗച്ചറായി 3000യൂറോ നല്‍കണമെന്നു പറഞ്ഞു.ഫോണില്‍ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ നടക്കില്ല ,അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നും യുവാവ് അറിയിച്ചു.

അതിനാല്‍ ഐട്യൂണ്‍ കാര്‍ഡ് വാങ്ങിയശേഷം അതിന്റെ പിന്നിലെ നമ്പര്‍ വായിച്ചു കേള്‍പ്പിക്കാനും യുവാവ് ആവശ്യപ്പെട്ടു. തന്റെ ഫോണ്‍ നിന്നും ചെവിക്കല്ലുതകര്‍ക്കുന്ന അപായ സൈറണാണ് മുഴങ്ങുന്നതെന്ന് അയാള്‍ അപ്പോള്‍ പറഞ്ഞു. തുടര്‍ന്നു സംശയം തോന്നിയ യുവാവ് ജോണിനോട് റവന്യു ഫയലിലെ പിപിഎസ് നമ്പര്‍ ചോദിച്ചു.

അതോടെ അയാള്‍ ഫോണ്‍ കട്ട് ചെയ്ത് അവര്‍ സംഘം കടന്നു.ഇരുവരുടേയും നിയമ ദുര്‍വ്യാഖ്യാനത്തിലും ജയില്‍ ഭീഷണിയിലും ഒരു ഇന്ത്യന്‍ സ്പര്‍ശം ഉണ്ടായിരുന്നതായി യുവാവ് ആരോപിക്കുന്നു.’ഇന്ത്യക്കാര്‍ സംസാരിക്കുന്ന രീതിയിലുള്ള ഇംഗ്ലീഷാണ് അവര്‍ ഉപയോഗിച്ചിരുന്നത്’.തട്ടിപ്പ് ശ്രമത്തിന് ഇരയായ യുവാവ് ആവര്‍ത്തിച്ചു.

ഇത്തരം തട്ടിപ്പുകള്‍ സാധാരണയായിട്ടുണ്ടെന്നും ഫോണിലൂടെയും ഇമെയിലിലൂടെയുമൊക്കെ ആളുകളില്‍ നിന്നും പണം തട്ടുകയാണ് ചെയ്യുന്നതെന്നും റവന്യുവിന്റെ പ്രസ് ആന്റ് മീഡിയ റിലേഷന്‍സ് മാനേജര്‍ ക്ലയര്‍ ഒമേലിയ പറഞ്ഞു. റവന്യുവിന് ഈ തട്ടിപ്പിനെക്കുറിച്ചറിവില്ലെന്നും അവര്‍ പറഞ്ഞു.വ്യക്തിഗത വിവരങ്ങള്‍ ഇമെയിലിലോ അല്ലാതെയോ നല്‍കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.ഏതെങ്കിലും വിധത്തില്‍ ആരെങ്കിലും റവന്യു നികുതി സംബന്ധിച്ച് ബന്ധപ്പെട്ടാല്‍ 1890 20 30 70 നമ്പരില്‍ വിളിക്കണം. അവര്‍ അറിയിച്ചു

Scroll To Top