Sunday October 22, 2017
Latest Updates

റയ്നെയര്‍ എയര്‍ലൈന്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കും,നാല് ലക്ഷം പേരുടെ യാത്രയെ ബാധിക്കും 

റയ്നെയര്‍ എയര്‍ലൈന്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കും,നാല് ലക്ഷം പേരുടെ യാത്രയെ ബാധിക്കും 

ഡബ്ലിന്‍ :റയ്നെയര്‍ എയര്‍ലൈന്‍സിലെ കെടുകാര്യസ്ഥതയും പൈലറ്റുമാരുടെ അവധി വിഷയത്തിലുള്ള തര്‍ക്കവും തീവ്രമായതോടെ, എയര്‍ലൈന്‍സ് 18,000 അധിക സര്‍വീസുകള്‍ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. ഇത് നാലുലക്ഷം യാത്രക്കാരെ സാരമായി ബാധിക്കും.

അപ്രതീക്ഷിതമായി സര്‍വ്വീസ് നിര്‍ത്തിവെക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടി 25 വിമാനങ്ങള്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെ സര്‍വീസ് നടത്താതിരിക്കാനാണ് കമ്പനിയുടെ തീരുമാനം.പൈലറ്റുമാരുടെ ലീവ് സംബന്ധിച്ച മാനേജ്മെന്റ്റിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയതാണ് ഈ പ്രശ്‌നത്തിന് കാരണമായത്. രണ്ടായിരത്തോളം റൂട്ട് സര്‍വീസുകളാണ് റദ്ധാക്കപ്പെടുക.

സര്‍വീസ് നിര്‍ത്തലാക്കുന്നതോട് കൂടി 4200 പൈലറ്റുമാര്‍ക്ക് ബോണസ് ലഭ്യമാകുന്നതല്ലെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കി.

ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളില്‍ പൈലറ്റുമാരുടെ ലീവ് സംബന്ധിച്ച പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് കമ്പനി കരുതുന്നത്. 2018 മാര്‍ച്ച് വരെ 34 റൂട്ടുകളിലേക്കുള്ള സര്‍വീസുകളാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുള്ളത്. ഇത് കാരണം കമ്പനിയുടെ വളര്‍ച്ച നിരക്ക് 9 ശതമാനത്തില്‍ നിന്ന് 4 ശതമാനത്തിലേക്ക് കുറയും.

2019 മാര്‍ച്ച് വരെ പ്രശ്‌നം ചെറിയ തോതില്‍ വളര്‍ച്ച നിരക്കിനെ ബാധിക്കുമെങ്കിലും കമ്പനിയുടെ ലാഭം 1 .45 ബില്യണ്‍ യൂറോയില്‍ തന്നെ നില നിര്‍ത്താന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം ദിനം പ്രതി ഒരു വിമാനത്തിന്റെ സര്‍വീസ് മാത്രമേ റദ്ദാവുകയുള്ളു.റദ്ദാക്കുന്ന സര്‍വീസിലുള്ള യാത്രക്കാര്‍ക്ക് ഇത് സംബന്ധിച്ച് വിവരം നല്‍കുകയും ബദല്‍ സര്‍വീസ് ഏര്‍പ്പെടുത്തുകയോ റീഫണ്ട് നല്‍കുകയോ ചെയ്തിട്ടുണ്ട്. കൂടാതെ 40 യൂറോയുടെ വൗച്ചറുകള്‍ നല്‍കിയിട്ടുണ്ട്.

ഇതിനു മുന്‍പ് റയാനിയാര്‍ അലൈറ്റാലിയ വിമാനം ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പ്രശ്‌നം കാരണം അത് ഉപേക്ഷിക്കുകയായിരുന്നു.കുറച്ചാഴ്ച്ചകള്‍ക്കു മുന്‍പാണ് പൈലറ്റുമാരുടെ ശമ്പളം വര്‍ധിപ്പിച്ചത്. അതേസമയം, വാര്‍ത്ത പുറത്തു വന്നതോടെ റിയാന്‍യറിന്റെ ഷെയര്‍ മൂല്യം 3.43 ശതമാനം ഉയരുകയും ചെയ്തിരുന്നു.

Scroll To Top