Wednesday February 22, 2017
Latest Updates

റബര്‍ വിലയിടിവ് :പാട്ടത്തിനെടുത്തവര്‍ പ്രതിസന്ധിയില്‍ ,തര്‍ക്കങ്ങള്‍ പെരുകുന്നു

റബര്‍ വിലയിടിവ് :പാട്ടത്തിനെടുത്തവര്‍ പ്രതിസന്ധിയില്‍ ,തര്‍ക്കങ്ങള്‍ പെരുകുന്നു

കാഞ്ഞിരപ്പള്ളി :റബര്‍ വിലയിടിവിനെത്തുടര്‍ന്ന് തോട്ടങ്ങള്‍ പാട്ടത്തിനെടുത്തവര്‍ കടുത്ത പ്രതിസന്ധിയിലായി. തോട്ടമുടമകളും പാട്ടക്കാരും തമ്മില്‍ തര്‍ക്കങ്ങളും പതിവായിരിക്കുകയാണ്.പാട്ടത്തുക കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള തര്‍ക്കമാണ് കാഞ്ഞിരപ്പള്ളി കപ്പാട് കഴിഞ്ഞ ദിവസം പാട്ടക്കാരന്‍ തോട്ടമുടമയെ കുത്തിക്കൊല്ലുന്നതിലേക്ക് നയിച്ചത്.
റബര്‍ വിലയിടിവിനെത്തുടര്‍ന്ന് തോട്ടംനടത്തിപ്പ് നഷ്ടത്തിലായതിനാല്‍ പാട്ടത്തുക കുറച്ചുനല്‍കണണെന്നാവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് പാട്ടക്കാരനായ കുട്ടിച്ചന്‍ എന്ന ആന്റണി കപ്പാട് മൂന്നാംമൈല്‍ സ്വദേശി ഞാവള്ളി ഔസേപ്പച്ചനെ കുത്തിക്കൊന്നത്. ആക്രമണത്തില്‍ ഔസേപ്പച്ചന്റെ ഭാര്യക്കും മക്കള്‍ക്കും വീട്ടുവേലക്കാരനും പരുക്കേല്‍ക്കുകയും ചെയ്തു.

ഒരു കോടി 15ലക്ഷം രൂപയ്ക്ക് പാട്ടമുറപ്പിച്ചതില്‍ 60ലക്ഷം രൂപ ഔസേപ്പച്ചന് നല്‍കിയിരുന്നെങ്കിലും നാല് ലക്ഷം രൂപ മാത്രമാണ് ഇത് വരെയുള്ള വരുമാനമെന്ന് പ്രതി പിന്നീട് പൊലീസിന് മൊഴി നല്‍കി. ഉണ്ടായിരുന്ന ഭൂമിയെല്ലാം വിറ്റ് റബര്‍ കൃഷിയില്‍ മുടക്കിയെന്നും വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രതി പറഞ്ഞത്.

റബര്‍ വില ഉയര്‍ന്നു നിന്നപ്പോള്‍ കോടികള്‍ മുടക്കി വലിയ തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത പലരും ഇത്തരത്തില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്.250 രൂപ വരെ വില വന്ന റബറിന്റെ ഈയാഴ്ച്ചത്തെ പരമാവധി വില 142 രൂപയാണ്
നേരത്തെ തന്നെ പാട്ടക്കരാറൊപ്പു വയ്ക്കുന്നതിനാല്‍ വിലയിടിഞ്ഞാലും പാട്ടത്തുക കുറച്ച് നല്‍കാന്‍ മിക്ക തോട്ടമുടമകളും തയ്യാറാകുന്നില്ല. ഇത് മൂലം റബര്‍ കൃഷിയുള്ള പ്രദേശങ്ങളില്‍ തര്‍ക്കങ്ങള്‍ പതിവായിരിക്കുകയാണ്. മിക്കയിടത്തും പ്രദേശിക രാഷ്ട്രീയ നേതാക്കളും വൈദികരുമൊക്കെയിടപെട്ട് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും പരിഹാരം കാണാനാകുന്നില്ല. പ്രതിസന്ധിയും തര്‍ക്കങ്ങളും തുടര്‍ന്നാല്‍ ടാപ്പിംഗ് തന്നെ നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥയിലാണ് പാട്ടക്കാരില്‍ പലരും.

അതെ സമയം , റബര്‍ വില കൂടിയാല്‍ അതിന്റെ ലാഭം മുഴുവനും പാട്ടക്കാര്‍ തന്നെയാണ് അനുഭവിക്കുന്നതെന്നും , തങ്ങള്‍ക്ക് അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല എന്നും തോട്ടമുടമകള്‍ ന്യായീകരിക്കുന്നു. കാഞ്ഞിരപ്പള്ളിയില്‍ നടന്ന കൊലപാതക കേസില്‍ തന്നെ , 80 ലക്ഷം രൂപക്കു മതിച്ചിരുന്ന 1500 മരങ്ങള്‍ മാത്രം വരുന്ന തോട്ടമാണ് കുട്ടിച്ചന്‍ ഒരു കോടി15ലക്ഷം രൂപയ്ക്ക് പാട്ടത്തിനു എടുത്തത്.മറ്റുള്ളവരെ വെട്ടി കൂടുതല്‍ വിലക്ക്, കാര്യങ്ങള്‍ പഠിക്കാതെ പാട്ടത്തിനുവേണ്ടി റിസ്‌ക് എടുത്തു ചെയ്യുന്നവരാണ് പ്രതിസന്ധിയില്‍ പെട്ടിരിക്കുന്നതില്‍ അധികവും.
ചെറിയ തോട്ടം ഉടമകളാകട്ടെ, പാട്ടം പണം കൊണ്ട് മക്കളുടെ വിവാഹം മുതലായവക്കു വേണ്ടി നേരത്തെ തന്നെ കരുതി വച്ചവയാണ് . 25 വര്‍ഷങ്ങള്‍ പരിപാലിച്ച മരങ്ങള്‍ പാട്ടത്തിനു കൊടുക്കുമ്പോള്‍ ഇനി പുതിയ മരം നാട്ടു വളര്‍ത്തി , അതില്‍ നിന്നും ആദായം കിട്ടുവാന്‍ വേണ്ടി ഏഴ് വര്‍ഷങ്ങള്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരുന്നതിനാല്‍, അതിനുവേണ്ടിയുള്ള സമ്പാദ്യവും കൂടി നേരത്തെ കരുതി വയ്ക്കണം .അതിനാല്‍ പറഞ്ഞു ഉറപ്പിച്ച പാട്ടത്തുക കുറക്കണം എന്ന് ആവശ്യപെട്ടാല്‍ അവരും കഷ്ടത്തിലാകും .

Joseph nvllyഈ സാഹചര്യത്തില്‍ ഇതിനു ഒരു പരിഹാരം എന്ന നിലയില്‍ നഷ്ട്ടങ്ങള്‍ രണ്ടുപേരും ഒരു പോലെ സഹിച്ചു കൊണ്ടൊരു ഒത്തു തീര്‍പ്പിന് ശ്രമിക്കുന്നതാണ് ജീവനും സ്വത്തിനും നല്ലത് . ഇനിയും ഇതിന്റെ പേരില്‍ ഇവിടെ ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാര്‍ഥനയിലാണ് മലയോര മേഖലയിലെ ജനങ്ങള്‍.
കപ്പാട് കഴിഞ്ഞ ദിവസം പാട്ടക്കാരന്റെ കുത്തേറ്റു മരിച്ച ജോസഫ് ജെ ഞാവള്ളിയുടെ(ഔസേപ്പച്ചന്‍ ) സംസ്‌കാരം ഇന്ന് (തിങ്കള്‍ ) കപ്പാട് മാര്‍ സ്ലീബാ പള്ളിയില്‍ നടത്തപ്പെട്ടു.കാഞ്ഞിരപ്പള്ളി മേഖലയിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ നിര സാന്നിധ്യമായിരുന്ന ഔസേപ്പച്ചന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് പേര്‍ എത്തിയിരുന്നു.

വാര്‍ത്ത :(കാഞ്ഞിരപ്പള്ളി ന്യൂസ് )

Scroll To Top