Tuesday October 16, 2018
Latest Updates

റഫറണ്ടം :നോ വോട്ടിനെ പിന്തുണയ്ക്കാന്‍ ജി എ എ കളിക്കാര്‍ കൂട്ടത്തോടെ, തടയിടാന്‍ തുനിഞ്ഞ് സര്‍ക്കാര്‍ പക്ഷം 

റഫറണ്ടം :നോ വോട്ടിനെ പിന്തുണയ്ക്കാന്‍ ജി എ എ കളിക്കാര്‍ കൂട്ടത്തോടെ, തടയിടാന്‍ തുനിഞ്ഞ് സര്‍ക്കാര്‍ പക്ഷം 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ പ്രമുഖരായ ഒട്ടേറെ ഗേലിക് താരങ്ങള്‍ എട്ടാം ഭരണഘടന ഭേദഗതിയ്ക്ക് എതിരെയും,ഗര്‍ഭച്ഛിദ്രത്തിനെതിരെയും പരസ്യ നിലപാടെടുത്ത് രംഗത്തു വന്നതോടെ റഫറണ്ടം പ്രചാരണത്തില്‍ താളം തെറ്റി സര്‍ക്കാര്‍ അനുകൂല പക്ഷം.

ഐറിഷ്‌കാര്‍ക്ക് ജീവന്‍ പോലെ പ്രിയകരമാണ് ഗേലിക് ഫുട്‌ബോളും,ഹര്‍ലിംഗും,.ഇവയുടെ പരിപോഷണത്തിനും ഐറിഷ് സംസ്‌കാരത്തിന്റെ സംരക്ഷണത്തിനുമായി ഗ്രാമങ്ങളും,നഗരങ്ങളും തോറും പ്രവര്‍ത്തിക്കുന്ന ഗേലിക് അത്ലറ്റിക് അസോസിയേഷനില്‍ അഞ്ചു ലക്ഷത്തോളം അംഗങ്ങളാണ് ഉള്ളത്.ഓരോ പ്രദേശത്തിന്റെയും സാംസ്‌കാരിക താവളങ്ങളായാണ് ജിഎഎ അറിയപ്പെടുന്നത്.പ്രമുഖ താരങ്ങള്‍ക്കൊക്കെ ദേവതുല്യമായ സ്ഥാനമാണ് ഐറിഷ്‌കാര്‍ കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത്.ഏത് വിഷയത്തിലും ഇവര്‍ എടുക്കുന്ന തീരുമാനത്തെ ഐറിഷ്‌കാര്‍ പൊതുവെ വിലമതിയ്ക്കുന്നു.

ദേശീയ തലത്തിലെ ഒട്ടേറെ ജി എ എ താരങ്ങള്‍ കൂട്ടത്തോടെ നോ വോട്ടിന് രംഗത്ത് വന്നതാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നത്.ടൈറോണ്‍ ജി എ എ മാനേജര്‍ മിക്കി ഹേര്‍ട്ടിന്റെ ഒരു വീഡിയോ കൂടി നോ വോട്ടിന് അനുകൂലമായി ഇറങ്ങിയതോടെ സര്‍ക്കാര്‍ ഇടപെടല്‍ വഴി ജി എ എ രാഷ്ട്രീയ പ്രചാരണത്തിന് ഇടപെടുന്ന സംഘടനയല്ലെന്ന പരസ്യ പ്രസ്താവനയുമായി ജി എ എ നേതൃത്വം ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.

ബാലിഫെര്‍മോട്ടില്‍ ഈ വാരാന്ത്യത്തില്‍ ദേശീയതലത്തിലുള്ള കുട്ടികളുടെ ട്രെയിനിംഗ് നടക്കുന്ന സമയത്ത് തന്നെ അതിനു സമീപമായി നോ വോട്ടിനു വേണ്ടിയുള്ള ഗേലിക് താരങ്ങളുടെ ദേശിയ പ്രചാരണം ആരംഭിക്കാന്‍ പ്രമുഖ കായികതാരങ്ങള്‍ തീരുമാനിച്ചതും സര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധം പാടില്ലെന്ന് ജിഎഎ ഭരണഘടനയില്‍ ഉണ്ടെങ്കിലും,രാഷ്ടം നേരിടുന്ന നിലപാടുകളില്‍ വ്യക്തിപരമായി അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ല എന്നാണ് നോ പക്ഷക്കാരുടെ നിലപാട്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top