Monday September 25, 2017
Latest Updates

രോഗബാധിതനായ കൗമാരക്കാരന്റെ മുടിമുറിക്കാന്‍ വിസമ്മതിച്ച കോര്‍ക്കിലെ ബാര്‍ബറെ കോടതി ശിക്ഷിച്ചു 

രോഗബാധിതനായ കൗമാരക്കാരന്റെ മുടിമുറിക്കാന്‍ വിസമ്മതിച്ച കോര്‍ക്കിലെ ബാര്‍ബറെ കോടതി ശിക്ഷിച്ചു 

കോര്‍ക്ക് :രോഗബാധിതനായ കൗമാരക്കാരന്റെ മുടിമുറിക്കാന്‍ വിസമ്മതിച്ച ബാര്‍ബര്‍ക്ക് 2000യൂറോ പിഴ. കോര്‍ക്ക് സിറ്റിയിലെ തുര്‍ക്കിക്കാരനായ ബാര്‍ബറാണ് സെറിബ്രല്‍ പാള്‍സി ബാധിതനായ കുട്ടിയുടെ മുടി മുറിക്കുന്നതിന് മടിച്ചത്.വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷനാണ് ബാര്‍ബറുടെ ക്രൂരമായ വിവേചനത്തിനു ശിക്ഷ നല്‍കിയത്.

13കാരനായ തോമസ് ബെര്‍മിംഗ്ഹാം വീല്‍ച്ചെയറിലാണ് മുടിവെട്ടാനെത്തിയത്. എന്നാല്‍ ബാര്‍ബര്‍ അതിനു സമ്മതിച്ചില്ല.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം.അമ്മ മേരിബെര്‍മിംഗ്ഹാമാണ് തുര്‍ക്കികാരനായ ബാര്‍ബര്‍ക്കെതിരെ പരാതി നല്‍കിയത്.

പിഴയായി ലഭിക്കുന്ന 2000യൂറോ തോമസിന്റെ തെറാപ്പികള്‍ക്കായി ഉപയോഗിക്കാനാണ് മേരിയുടെ തീരുമാനം.മാര്‍ച്ച് 31നാണ് തോമസും രണ്ട് അനുജത്തിമാരും കൂടി ബാര്‍ബര്‍ഷോപ്പിലെത്തിയത്. എന്നാല്‍ തീരെ തിരക്കില്ലാഞ്ഞിട്ടുകൂടിയും തോമസിനെ ചൂണ്ടി അതെനിക്ക് സാധിക്കില്ലെന്നു പറയുകയായിരുന്നു ബാര്‍ബര്‍ ചെയ്തതെന്നു മേരി കമ്മീഷനില്‍ പറഞ്ഞു.ഈ ദുരനുഭവം മേരി കോര്‍ക്ക് റേഡിയോയിലൂടെയും ലോകത്തെ അറിയിച്ചു. ഇതേതുടര്‍ന്നു ബാര്‍ബര്‍ഷോപ്പിനു മുന്നില്‍ പ്രതിഷേധപരിപാടികളും അരങ്ങേറി.തുടര്‍ന്നു അയാള്‍ക്ക് ഷോപ്പ് വില്‍ക്കേണ്ടിയും വന്നു.

എന്നാല്‍ മനപ്പൂര്‍വ്വം മുടി മുറിക്കാതിരുന്നിട്ടില്ലെന്നായിരുന്നു ബാര്‍ബറുടെ വാദം. മുടി മുറിക്കുന്നതിനിടെ തോമസ് അസ്വസ്ഥനായി. ഇതേതുടര്‍ന്ന് അല്‍പ്പം കഴിഞ്ഞ് ബാക്കിചെയ്യാമെന്നു പറയുകയായിരുന്നുവെന്നും അയാള്‍ വിശദീകരിച്ചു. എന്നാല്‍ ബാര്‍ബര്‍ നുണ പറയുകയാണെന്നു മേരി പറഞ്ഞു. രണ്ടു തവണ ഷോപ്പില്‍ ചെന്നിട്ടും അയാള്‍ ജോലി ചെയ്യാന്‍ തയ്യാറായില്ല. ഒടുവില്‍ മറ്റൊരു ഷോപ്പില്‍ പോയാണ് ചെയ്തത്. അന്വേഷണത്തില്‍ മേരി പറഞ്ഞത് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്‍ പിഴ വിധിച്ചത്.

‘പണത്തിന്റെ പ്രശ്നമല്ല അത് ,ബാര്‍ബറുടെ ക്ഷമാപണവും ആവശ്യമില്ല. എന്നിരുന്നാലും ഇത്തരം സംഭവങ്ങള്‍ നല്‍കുന്ന വേദന ആവര്‍ത്തിക്കാതിരുന്നാല്‍ മതി ‘ വിധി അറിഞ്ഞ് തോമസിന്റെ അമ്മ മേരി പറഞ്ഞു.’ എത്ര പരിഹാസ്യമാണ് ഒരു ബാര്‍ബര്‍ തന്റെ ജോലി, അതും രോഗിയായ ബാലനായി ചെയ്യില്ലെന്നു പറയുന്നത്.അവന്റെ വൈകല്യം കൊണ്ടാണ് വീല്‍ച്ചെയറില്‍ നിന്നും താഴെ ഇറങ്ങാന്‍ കഴിയാത്തത്’ മേരി പറഞ്ഞു.

കമ്മീഷനില്‍ തോമസിനു വേണ്ടി ഹാജരായതും മേരിയായിരുന്നു. ‘ആ ദിവസം മുഴുവന്‍ അവന്‍ സങ്കടത്തിലായിരുന്നു. എന്നാല്‍ ഈ കോടതി വിധി തോമസിനെ സന്തുഷ്ടനാക്കിയിട്ടുണ്ട്’ മേരി പറഞ്ഞു.

Scroll To Top