Thursday November 23, 2017
Latest Updates

രോഗനിര്‍ണ്ണയപരിശോധനകള്‍ കാത്തിരിക്കുന്നവരുടെ എണ്ണം പെരുകുന്നു,അയര്‍ലണ്ട് വീണ്ടും യൂറോപ്പിന്റെ രോഗിയാവുകയാണോ ?

രോഗനിര്‍ണ്ണയപരിശോധനകള്‍ കാത്തിരിക്കുന്നവരുടെ എണ്ണം പെരുകുന്നു,അയര്‍ലണ്ട് വീണ്ടും യൂറോപ്പിന്റെ രോഗിയാവുകയാണോ ?

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ആശുപത്രികളില്‍ സ്‌കാനിങ് കാത്തിരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു.രോഗനിര്‍ണയത്തിന് ആവശ്യമായ സാങ്കേതിക ശാസ്ത്ര പരിശോധന കാത്തിരിക്കുന്നത് ആയിരകണക്കിന് പേരാണെന്നാണ് ആക്ഷേപം.

എന്നാല്‍ രോഗികളുടെ വിശദാംശങ്ങള്‍ പുറത്തു വിടാന്‍ എച്.എസ്.ഇയുടെ തയാറാവുന്നില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി എംആര്‍ഐ സ്‌കാന്‍,സിടിസ്‌കാന്‍,ബോണ്‍ സ്‌കാന്‍ എന്നിവയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം അവര്‍ പുറത്തുവിട്ടിട്ടില്ല.മാത്രമല്ല, ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനും എച്എസ്ഇക്കാവുന്നില്ല.

വിവിധ സ്പെഷ്യല്‍ വിഭാഗങ്ങളിലെ ഒ.പിയുടേതടക്കം രോഗികളുടെയും രോഗങ്ങളുടെയും വിശദാംശങ്ങള്‍ നാഷണല്‍ ട്രീറ്റ്മെന്റ് പര്‍ച്ചേസ് ഫണ്ട് (എന്‍ടിപിഎഫ്) ഓരോ മാസവും പ്രസിദ്ധീകരിക്കാറുണ്ട്.എന്നിട്ടും സ്‌കാനിംഗ് രോഗികളെക്കുറിച്ചുള്ള വിവരങ്ങളില്ലാത്തതിനു കാരണം വ്യക്തല്ല.കഴിഞ്ഞ വര്‍ഷം എന്‍ടിപിഎഫ് പ്രസിദ്ധീകരിച്ച വെയ്റ്റിംഗ് ലിസ്റ്റുകളെക്കുറിച്ച് ആക്ഷേപമുയര്‍ന്നിരുന്നു.യഥാര്‍ഥത്തിലുള്ളതിനേക്കാള്‍ കുറഞ്ഞ കണക്കുകളാണ് അവര്‍ വെളിപ്പെടുത്തിയതെന്നായിരുന്നു വിമര്‍ശം.

ജനുവരിയില്‍ പ്രസിദ്ധീകരിച്ച യൂറോപ്പിന്റെ ആരോഗ്യരംഗം സംബന്ധിച്ച പഠനത്തില്‍ അയര്‍ലണ്ടിലെ ഹോസ്പിറ്റലുകളിലെ ആക്സിഡന്റ് -എമര്‍ജന്‍സി യൂണിറ്റുകളിലാണ് ഏറ്റവും മോശമായ വെയ്റ്റിംഗ് ലിസ്റ്റുകളുള്ളതെന്ന് വ്യക്തമാക്കിയിരുന്നു.

എത്ര ഹോസ്പിറ്റലുകളിലാണ് സ്‌കാനിംഗ് സൗകര്യങ്ങളുള്ളതെന്ന് എച്എസ്ഇ വെളിപ്പെടുത്താന്‍ തയ്യാറായി. 39 ആശുപത്രികളില്‍ സി ടിസ്‌കാനിംഗിനും 29ഇടത്ത് എംആര്‍ഐയ്ക്കും 13 കേന്ദ്രങ്ങളില്‍ ബോണ്‍ സ്‌കാനിംഗിനും സൗകര്യമുണ്ട്.ദിനംപ്രതി ചെയ്യുന്ന കാര്യമായിട്ടു കൂടിയും ഇത്തരം സ്‌കാനിംഗ് രോഗികളെ സംബന്ധിച്ച കണക്കുകള്‍ നല്‍കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

മൂന്നുവര്‍ഷമായി സ്‌കാനിംഗ് രോഗികളുടെ എണ്ണവും മറ്റും ആവശ്യപ്പെടുകയാണ്. എന്നാല്‍ ‘സമാഹരിക്കാനായിട്ടില്ല’ എന്ന മറുപടിയാണ് അവര്‍ നല്‍കിയത്.- കോര്‍ക്കിലെ ഫിനാ ഫെയ്ല്‍ ടിഡി ബില്ലി കെല്ലഹര്‍ പറയുന്നു.എല്ലാ വര്‍ഷവും ഒരേ മറുപടി തരുന്നുവെന്ന നാണക്കേട് കൂടി അവര്‍ ചെയ്യുന്നുണ്ട്.കണക്കുകളുടെ അടിസ്ഥാനത്തിലേ മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധികളക്ക് ആവശ്യപ്പെടാനാവു.അത് പോലും ലഭ്യമല്ലെന്ന അവസ്ഥ നമ്മുടെ ആരോഗ്യരംഗത്തെ അപചയപെടുത്തും.റ്റി ഡി പറയുന്നു.

Scroll To Top