Wednesday February 22, 2017
Latest Updates

രാജി വാര്‍ത്തകള്‍ ഊഹാപോഹമെന്ന് ജെയിംസ് റൈലി 

രാജി വാര്‍ത്തകള്‍ ഊഹാപോഹമെന്ന് ജെയിംസ് റൈലി 

ഡബ്ലിന്‍: താന്‍ രാജി വയ്ക്കുമെന്ന വാര്‍ത്തകള്‍ തള്ളി ആരോഗ്യമന്ത്രി ജെയിംസ് റൈലി രംഗത്ത്. എന്‍ഡ കെന്നി മന്ത്രിസഭയില്‍ നിന്ന് ഇപ്പോള്‍ രാജി വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തന്റെ രാജി തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയാണെന്നും ജെയിംസ് റീലി പറഞ്ഞു. അദേഹം രാജി വയ്ക്കാന്‍ ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ താന്‍ മന്ത്രിസഭയില്‍ തുടരുമെന്നും ജെയിംസ് റൈലി വ്യക്തമാക്കി.

കൂട്ടുകക്ഷി ഗവണ്‍മെന്റിന്റെ കാലാവധി അവസാനിക്കുന്നത് വരെ താന്‍ മന്ത്രിയായി തുടരുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. തന്റെ രാജി സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അതിശയോക്തിപരമാണെന്നും മുന്‍ ജിപി കൂടിയായ ജെയിംസ് റീലി വ്യക്തമാക്കി. 

ആറ് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ ജിപി കെയര്‍ ഉറപ്പ് വരുത്തുന്ന പദ്ധതി ഈയിടെ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഈ നിര്‍ദ്ദേശത്തിനെതിരെ ജിപിമാരുടെ സംഘടന പ്രതിശേഷം ഉന്നയിച്ച് രംഗത്ത് വന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഐഎന്‍എംഒയുടെ സമ്മേളനത്തില്‍ നിന്നും ജെയിംസ് റൈലി വിട്ടുനിന്നിരുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജെയിംസ്‌റൈലി ജിപിമാരുടെ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നത്. 

എന്നാല്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി മാറി നിന്നത് എന്നാണ് അണിയറ സംസാരം. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ രാജി വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ മന്ത്രി തന്നെ തന്റെ രാജി വാര്‍ത്ത നിഷേധിച്ച് രംഗത്ത് വന്ന സാഹചര്യത്തില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്.

Scroll To Top