Tuesday September 25, 2018
Latest Updates

രാജിയോ ,പൊതു തിരഞ്ഞെടുപ്പോ? വരദ്കര്‍ കളിക്കുന്നത് തന്ത്രപരമായി,തീരുമാനം ഉടന്‍ 

രാജിയോ ,പൊതു തിരഞ്ഞെടുപ്പോ?  വരദ്കര്‍ കളിക്കുന്നത് തന്ത്രപരമായി,തീരുമാനം ഉടന്‍ 

ഡബ്ലിന്‍ : ലിയോവരദ്കറുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയത്തെ മറികടക്കാനാകുമോയെന്ന ചര്‍ച്ചയാണ് എങ്ങും സജീവമാകുന്നത്.ആരോപണച്ചുഴിയില്‍പ്പെട്ട ഉപപ്രധാനമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്സ്ജെറാള്‍ഡിനെ എങ്ങനെ രക്ഷിച്ചെടുക്കുമെന്നതിലൂടെയാകും ലിയോ വരദ്കര്‍ എന്ന നേതാവിന്റെ രാഷ്ട്രീയ നയതന്ത്രങ്ങള്‍ ഇനി രാജ്യത്തിന്റെ ചരിത്രം അടയാളപ്പെടുത്തുക.ഭരണത്തെ പിന്തുണയ്ക്കുന്നവര്‍ കൂടി എതിരായതോടെ പ്രതിസന്ധിയുടെ നൂല്‍പ്പാലത്തിലൂടെയാവുകയാണ് ലിയോവരദ്കര്‍ ഭരണകൂടത്തിന്റെ പ്രയാണം.

ഫിറ്റ്സ് ജെറാള്‍ഡില്‍ അഗാധമായ വിശ്വാസം വരദ്കര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പല തവണ അതേറ്റു പറഞ്ഞു.മൈക്കിള്‍ മാര്‍ട്ടിനെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ രേഖകള്‍ കാട്ടി ബോധ്യപ്പെടുത്തി.കാര്യമൊക്കെ ശരി.ഡിസംബറില്‍ ഒരു തിരഞ്ഞെടുപ്പ് വേണ്ടെങ്കില്‍ ഫിറ്റ്സ് ജെറാള്‍ഡിന് പുറത്തു പോവേണ്ടി വരും എന്ന് വരദ്കര്‍ക്ക് പോലും ഉറപ്പാണത്രെ.കഴിഞ്ഞ ദിവസം വെസ്റ്റ് ഡബ്ലിനിലെ ഫിനഗേല്‍ പാര്‍ട്ടി ഇനിയൊരു തിരഞ്ഞെടുപ്പ് വന്നാലും ഫിറ്റ്സ് ജെറാള്‍ഡ് തന്നെ ലൂക്കനിലെ സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അവിശ്വാസപ്രമേയത്തിന്റെ കാര്യത്തില്‍ ഫിനാ ഫെയ്ലും ഷീന്‍ ഫെയ്നും ഒത്തുചേര്‍ന്നിരിക്കുകയാണ്. പ്രമേയം വിജയിച്ചാല്‍ അത് ഉപപ്രധാനമന്ത്രിയുടെ പരാജയമാകില്ല,മറിച്ച് പ്രധാനമന്ത്രി ലിയോവരദ്കറുടെ വന്‍ തോല്‍വിയാകും.അതിനാല്‍ പ്രമേയത്തിന്റെ വോട്ടെടുപ്പിന് വരദ്കര്‍ നിന്ന് കൊടുക്കില്ല.

അതിനിടെ, വിഷയം ട്രൈബ്യൂണലിന് വിടണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്.വിദേശമന്ത്രി സൈമണ്‍ കോവ്നെയാണ് ഇത്തരമൊരു അഭിപ്രായം ഉന്നയിച്ചത്.എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനമൊന്നും എടുത്തിട്ടില്ല.

അതേസമയം,ഉപപ്രധാനമന്ത്രിയിലൂടെ സര്‍ക്കാര്‍ ചെന്നുപെട്ട പ്രതിസന്ധിയില്‍ ഫിനഗേല്‍ അംഗങ്ങളാകെ വിഷമത്തിലൊന്നുമല്ല എന്നതാണ് സത്യം..ഒരു പൊതു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ ഒരുക്കി കഴിഞ്ഞു അവര്‍.പകുതിയില്‍ അധികം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ വരെ കണ്ടെത്തി കഴിഞ്ഞു,അതിനാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി എന്തു തീരുമാനമെടുക്കുമെന്നാണ് ഇവരെല്ലാം ഉറ്റുനോക്കുന്നത്.

പക്ഷെ ഫിനഗേലിന്റെ നേതൃത്വം കളിക്കുന്നത് പ്രായോഗിക രാഷ്ട്രീയം തന്നെയാണ് എന്ന് വിമര്‍ശകര്‍ പറയുന്നു.സംഭവങ്ങള്‍ നേര്‍വഴിക്ക് വന്നില്ലെങ്കില്‍ ചൊവ്വാഴ്ച പുതിയ ഇലക്ഷന്‍ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ വരദ്കര്‍ പ്രതീക്ഷിക്കുന്നത് പാര്‍ട്ടിയ്ക്ക് വേണ്ടി ഫിറ്റ്സ് ജെറാള്‍ഡ് സ്വമേധായ രാജി വെക്കുമെന്ന് തന്നെയാണ്.

ഉപ പ്രധാനമന്ത്രി രാജി വച്ചില്ലെങ്കില്‍ ഇലക്ഷന്‍ അല്ലാതെ വഴിയില്ല വരദ്കര്‍ക്ക്.അതിനുള്ള ചതുരംഗക്കളങ്ങളും അദ്ദേഹം ഒരുക്കി കഴിഞ്ഞു. വര്‍ദ്ധിപ്പിച്ച സോഷ്യല്‍ വെല്‍ഫെയര്‍ ബോണസ് ഈ ആഴ്ച കൈപ്പറ്റാന്‍ പോകുന്നത് രാജ്യത്തെ മൂന്നിലൊന്നോളം പൗരന്‍മാരാണ്.വാട്ടര്‍ ചാര്‍ജ് റീഫണ്ടിനുള്ള 180000 ചെക്കുകള്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തു കഴിഞ്ഞു.ബാക്കി ഉള്ളവര്‍ക്ക് ഈ ആഴ്ച അവസാനത്തോടെ ചെക്ക് കിട്ടും.ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുന്നത് ജനുവരി ഒന്ന് മുതലാണ് .സര്‍ക്കാര്‍ തുടര്‍ന്നില്ലെങ്കില്‍ അതും വെള്ളത്തിലായേക്കും.

ഫിറ്റ്സ്ജെറാള്‍ഡ് കാബിനറ്റില്‍ തുടരുന്ന വേളയില്‍ അടുത്ത ആഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പിനെ പിന്തുണയ്ക്കണമെന്ന് ഫിനാ ഫെയ്ല്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിനോട് വരദ്കര്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഈ വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മൈക്കിള്‍ മാര്‍ട്ടിന്‍ പ്രധാനമന്ത്രിയോട് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ എന്തുതന്നെയായാലും ഉപപ്രധാനമന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങളെത്തുന്നതില്‍ പ്രധാനമന്ത്രിക്കു തീരെ താല്‍പ്പര്യമില്ല എന്നത് അര്‍ദ്ധ സത്യം മാത്രമാണെങ്കിലും കര്‍ക്കശമായ നിലപാടില്‍ ഫിനാ ഫാള്‍ അയവുവരുത്തിയില്ലെങ്കില്‍ ക്രിസ്മസ് കാലത്ത് ഇലക്ഷനിലേക്ക് പോകാനും വരദ്കര്‍ തയ്യാറായേക്കും.

ജനറല്‍ ഇലക്ഷനില്‍ നിന്നും സര്‍ക്കാരിനെയും രാജ്യത്തെയും രക്ഷിക്കുന്നതിന് ഉപപ്രധാനമന്ത്രി നാടകീയമായി രാജിവെക്കണമെന്ന് പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ അഭിപ്രായമുയര്‍ന്നെങ്കിലും പാര്‍ലമെന്ററി പാര്‍ടി ഒന്നടങ്കം ഉപപ്രധാനമന്ത്രിക്കു പിന്നില്‍ ശക്തമായി നിലയുറപ്പിച്ചു.അതോടെ തീരുമാനം ലിയോ വരദ്കറുടേത് മാത്രമായി ;ഒന്നുകില്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ ഉപപ്രധാനമന്ത്രി.തന്റെ മന്ത്രിമാരില്‍ ഒരാളെ രക്ഷിക്കാനായി സര്‍ക്കാരിനെ തകര്‍ക്കാന്‍ ഒരു പ്രധാനമന്ത്രിയും ഒരിക്കലും തയ്യാറായിട്ടില്ല. അതാവുമോ വരദ്കര്‍ ഇപ്പോള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നതാണ് കാണേണ്ടത്.

സ്ഥിതിഗതികള്‍ വേഗംതന്നെ പഠിക്കാന്‍ ബഹുമിടുക്കനാണ് വരദ്കറെന്നു അദ്ദേഹത്തിന്റെ അനുയായികള്‍ വിശ്വസിക്കുന്നു.ഉചിതമായ തീരുമാനം യഥാസമയം ഉണ്ടാകുമെന്നും അവര്‍ കരുതുന്നു.

എന്തായാലും കാലം വരദ്കര്‍ക്ക് അനുകൂലമാണ്.ഉപ പ്രധാനമന്ത്രി രാജി വെച്ച് പോയാല്‍ ഫിനാ ഫാളിനെ ചുരുങ്ങിയത് ഒരു വര്‍ഷത്തേയ്ക്ക് എങ്കിലും അടക്കിയിരുത്താം.ഇനി അഥവാ ഇലക്ഷന്‍ വന്നാലും ആനുകൂല്യങ്ങള്‍ വാരിക്കോരി കൈപ്പറ്റുന്ന ജനം സര്‍ക്കാരിനെ തുടരാന്‍ അനുവദിക്കും എന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

റെജി സി ജേക്കബ്

Scroll To Top