Monday January 23, 2017
Latest Updates

രണ്ട് വയസ്സുകാരന്‍ ഒറ്റയ്ക്ക് പാതിരാത്രി കഴിഞ്ഞ് ഒരു മൈല്‍ നടന്ന് ഡബ്ലിന്‍ റോഡിലെത്തി ,ഗാര്‍ഡയുടെ പിടിയിലായി

രണ്ട് വയസ്സുകാരന്‍ ഒറ്റയ്ക്ക് പാതിരാത്രി കഴിഞ്ഞ് ഒരു മൈല്‍ നടന്ന് ഡബ്ലിന്‍ റോഡിലെത്തി ,ഗാര്‍ഡയുടെ പിടിയിലായി

ഡബ്ലിന്‍ :ആരുമറിയാതെ പാതിരാത്രി കഴിഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിനടന്ന രണ്ട് വയസ്സുകാരനെ സുരക്ഷിതനായി വീട്ടുകാരെ തിരിച്ചേല്‍പ്പിച്ചു. രണ്ടു വയസ്സുകാരനായ കുട്ടി രാത്രി ഏവരും ഉറങ്ങുന്ന സമയം നോക്കിയാണ് ഗാരിയോണിലെ വീടിനു മുന്‍വശത്തെ അടയ്ക്കാതെ ചാരിയിട്ടിരുന്ന വാതിലിലൂടെ പുറത്തിറങ്ങിയത്. 2.20 ന് കുട്ടി ഒരു മൈല്‍ ദൂരത്തോളം സഞ്ചരിച്ച് ഡബ്ലിന്‍ റോഡില്‍ എത്തിയിരുന്നു

കൊച്ചുകുഞ്ഞ് ഇത്തരത്തില്‍ അലഞ്ഞുനടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട 21കാരനായ യുവാവാണ് ഗാര്‍ഡയെ വിവരമറിയിച്ചത്.
ഹെന്റ്‌റി സ്ട്രീറ്റ് സ്റ്റേഷനിലെ ഗാര്‍ഡ സംഭവസ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുക്കുകയും പരിസരപ്രദേശങ്ങളില്‍ കുട്ടിയുടെ വീട്ടുകാര്‍ക്കായി തിരച്ചില്‍ നടത്തുകയുമായിരുന്നു.

പരിസരത്തുള്ള പ്രദേശങ്ങളിലെ ഒരു വീടിന്റെ മുന്‍വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കുട്ടി ആ വീട്ടിലേതായിരിക്കുമെന്നുള്ള നിഗമനത്തില്‍ ഗാര്‍ഡ എത്തിച്ചേര്‍ന്നു. എന്നാല്‍ വാതില്‍ തുറന്ന് പുറത്തുവന്ന രക്ഷിതാക്കള്‍ ഞെട്ടലോടെയാണ് കുഞ്ഞ് പുറത്തേക്കുപോയിരുന്നുവെന്ന വാര്‍ത്ത കേട്ടത്. ഗാര്‍ഡ എത്തി വിവരമറിയിക്കുന്നതുവരെ കുഞ്ഞ് വീട്ടിലില്ലെന്ന കാര്യം രക്ഷിതാക്കള്‍ അറിഞ്ഞിരുന്നില്ലെന്നും ഗാര്‍ഡ അറിയിച്ചു.

2.20ന് വീടുവിട്ട് ഡബ്ലിന്‍ റോഡിലേക്ക് ഇറങ്ങിയ കുഞ്ഞിനെ രക്ഷിതാക്കളെ തിരികെ ഏല്‍പ്പിച്ചത് നാലുമണിക്കാണ്. കുഞ്ഞിനെ സുരക്ഷിതമായി തിരകെ ലഭിച്ചതില്‍ ഗാര്‍ഡയോടും സഹായിച്ച ചെറുപ്പക്കാരനോടും രക്ഷിതാക്കള്‍ നന്ദി അറിയിച്ചു.

കുഞ്ഞിന് യാതൊരു പരിക്കും ഏറ്റിരുന്നില്ലെന്നാണ് ഗാര്‍ഡ അറിയിച്ചത്. അപകടകരമായ സാഹചര്യത്തില്‍ പുറത്തിറങ്ങിയിട്ടുപോലും കുഞ്ഞ് സുരക്ഷിതനായി വീട്ടില്‍ തിരിച്ചെത്തിയെന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും.

ഗാര്‍ഡയെ വിവരമറിയിച്ച ചെറുപ്പക്കാരനും ഗാര്‍ഡയോടൊപ്പം പരിസരപ്രദേശങ്ങളിലെ വീടുകളില്‍ അന്വേഷണം നടത്താനായി സഹകരിച്ചിരുന്നു. കുഞ്ഞ് റോഡപകടത്തിലോ മറ്റേതെങ്കിലും അപകടങ്ങളിലോ പെടാതിരുന്നത് ഭാഗ്യത്താലാണെന്ന് ഇവരുടെ അയല്‍വാസി പറഞ്ഞു.കൊച്ചുകുഞ്ഞിനെ തിരിച്ചേല്‍പ്പിച്ചുകൊണ്ട് ഹീറോ ആയിരിക്കുകയാണ് ചെറുപ്പക്കാരന്‍.

Scroll To Top