Tuesday November 21, 2017
Latest Updates

രചനാ മോഷണത്തില്‍ കുടുങ്ങിയ കോര്‍ക്കിലെ  വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

രചനാ മോഷണത്തില്‍ കുടുങ്ങിയ കോര്‍ക്കിലെ  വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

കോര്‍ക്ക്: പരീക്ഷാ ക്രമക്കേടുകളുടെ പേരില്‍ നിരവധി വിദ്യാര്‍ഥികളുടെ റിസള്‍ട്ട് കോര്‍ക്ക് യൂണിവേഴ്സിറ്റി തടഞ്ഞുവെച്ചു.അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളുടെ പരീക്ഷാഫലമാണ് തടഞ്ഞത്.ബിസിനസ് ഇന്‍ഫര്‍മേഷന്‍ കോഴ്സിലെ കുട്ടികളാണ് രചനാമോഷണം നടത്തി പരീക്ഷാത്തട്ടിപ്പ് നടത്തിയത്. ഏതാനും കുട്ടികള്‍ പരീക്ഷാക്രമക്കേടുകള്‍ നടത്തിയതായി യൂണിവേഴ്സിറ്റി അധികൃതര്‍ സ്ഥിരീകരിച്ചു.

ഇന്റേണല്‍ പരിശോധനയിലാണ് ഒരു കുട്ടിയുടെ രചനാമോഷണം ശ്രദ്ധയില്‍പ്പെട്ടത്. ഇയാളെ പിടികൂടിയതോടെ മറ്റ് 14 കൂട്ടാളികള്‍ കൂടി ഈ ‘സംരംഭത്തില്‍’ ഉണ്ടെന്നു വിവരം ലഭിക്കുകയായിരുന്നു.മറ്റുള്ളവരുടെ പ്രോജക്ട് വര്‍ക്കുകള്‍ സ്വന്തം പേരില്‍ നല്‍കുകയാണ് ഇവരെല്ലാം ചെയ്തത്.
സംഭവം പുറത്തായതിനെ തുടര്‍ന്ന് യൂണിവേഴ്സിറ്റയിലെ എല്ലാ വിദ്യാര്‍ഥികളും അവരുടെ പ്രോജക്ട് വര്‍ക്കുകളോടൊപ്പം സത്യവാങ്മൂലം കൂടി സമര്‍പ്പിക്കണമെന്നും യൂണിവേഴ്സിറ്റി നിര്‍ദേശിച്ചു.

പ്രോജക്ട് വര്‍ക്ക് പൂര്‍ണമായും സ്വന്തമായി തയ്യാറാക്കിയതാണെന്നു തെളിയിക്കുന്നതായിരിക്കണം സത്യവാങ്മൂലം.ഇത് ലംഘിക്കുന്നവര്‍ക്ക് സീറോ മാര്‍ക്കായി പരിഗണിക്കും.അല്ലാത്തപക്ഷം യൂണിവേഴ്സിറ്റിയില്‍ നിന്നും പുറത്താക്കുമെന്നും അധികൃതര്‍ അറിയിച്ചു.

രചനാചോരണം അയര്‍ലണ്ടിന്റെ വിദ്യാഭ്യാസരംഗത്തെ വലിയ പ്രശ്നമായി മാറിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒട്ടേറെ പരാതികള്‍ ഉയരാറുണ്ടെങ്കിലും കുറച്ചു മാത്രമേ അന്വേഷിക്കാറുള്ളു.വ്യക്തികളും സ്ഥാപനങ്ങളുമൊക്കെയുള്‍പ്പെട്ട വന്‍ റാക്കറ്റാണ് ഈ ആസൂത്രിത രചനാമോഷണത്തിലുള്‍പ്പെട്ടിട്ടുള്ളത്.കുട്ടികള്‍ക്ക് ആവശ്യാനുസരണം പ്രോജക്ടുകളും ഉപന്യാസങ്ങളും ലേഖനങ്ങളുമൊക്കെ തയ്യാറാക്കിക്കൊടുക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ആയിരത്തിലധികം പേരെയാണ് ഇത്തരത്തില്‍ കോപ്പിയടിച്ചതിന് അധികൃതര്‍ പിടികൂടിയത്.ബിസിനസ് ,നഴ്സിംഗ്,അടക്കമുള്ള മേഖലകളിലാണ് ഏറ്റവും കൂടുതല്‍ രചനാ മോഷണം നടക്കുന്നത്.ഇത്തരത്തിലുള്ള രചനാ മോഷണം കുറ്റകരമാക്കുന്ന നിയമം വിദ്യാഭ്യാസമന്ത്രി റിച്ചാര്‍ട് ബ്രൂട്ടന്റെ പരിഗണനയിലാണ്.

Scroll To Top