Monday December 11, 2017
Latest Updates

യൂറോപ്യന്‍ നേതാക്കള്‍ ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടിയുമായി അടുക്കുന്നു,തെരേസ മേയ് മാറിയാലും ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ മുടങ്ങാതിരിക്കാന്‍ മുന്‍കരുതല്‍ 

യൂറോപ്യന്‍ നേതാക്കള്‍ ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടിയുമായി അടുക്കുന്നു,തെരേസ മേയ് മാറിയാലും ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ മുടങ്ങാതിരിക്കാന്‍ മുന്‍കരുതല്‍ 

ബ്രസല്‍സ് :ബ്രെക്സിറ്റ് പൂര്‍ത്തിയാവുന്നതിന് മുമ്പ് തെരേസ മേയ് ഗവണ്‍മെന്റ് നിലം പതിക്കുമെന്ന സൂചനകളെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്‍മാര്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിനുമായി ചര്‍ച്ച ആരംഭിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. തെരേസ മേയുടെ ഗവണ്‍മെന്റ് വീണാലും ബ്രെക്സിറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്ന ഉറപ്പാണ് ബ്രസല്‍സ് ഒഫീഷ്യലുകള്‍ കോര്‍ബിനില്‍ നിന്നും തേടിയിരിക്കുന്നത്.

നിലവില്‍ ഇതു വരെ യൂറോപ്യന്‍ യൂണിയന്‍ നടത്തിയ ചര്‍ച്ചകളുടെ ഭാഗമായി തെരേസ മേയ് നല്‍കിയ വാഗ്ദാനങ്ങള്‍,അവരുടെ സര്‍ക്കാര്‍ മാറിയാലും കോര്‍ബിന്‍ അധികാരത്തില്‍ വരുകയാണെങ്കില്‍ പാലിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ജൂണില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ ഭൂരിപക്ഷം കുറഞ്ഞുപോയ ടോറികളെ വിട്ട് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ലേബര്‍ പാര്‍ട്ടിയുമായി നടത്തുന്ന ചര്‍ച്ചകളുടെ ഫലം ആശാവഹമാണെന്നും ബ്രെക്‌സിറ്റ് നയങ്ങള്‍ വ്യത്യാസമില്ലാതെ തുടരുമെന്നും ചില യൂറോപ്യന്‍ നേതാക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

അതായത് ലേബറുമായി അടുത്ത ബന്ധം സ്ഥാപിക്കാനാണ് ബ്രസല്‍സ് ഇപ്പോള്‍ ശ്രമിച്ച് വരുന്നതെന്ന് ചുരുക്കം. തെരേസമേയ് ഒരു സുപ്രഭാതത്തില്‍ അധികാരത്തില്‍ നിന്നും നീക്കം ചെയ്യപ്പെട്ടാല്‍ ഇതുവരെ യൂണിയനുമായി നടത്തിയ ബ്രെക്സിറ്റ് ചര്‍ച്ചകള്‍ തീര്‍ത്തും നിഷ്പ്രയോജനമാകുമെന്ന ആശങ്ക യൂറോപ്യന്‍ യൂണിയന്‍ നെഗോഷ്യേറ്റര്‍മാര്‍ പുലര്‍ത്തുന്നുണ്ട്. ലേബര്‍ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ വേണ്ടി കാത്തിരിക്കുന്നുവെന്ന് ജൂണിലെ ഫലത്തിന് ശേഷം കോര്‍ബിന്‍ അവകാശ പ്രഖ്യാപനം നടത്തിയതിന് ശേഷമാണ് യൂണിയന് ലേബറിനോട് മൃദുസമീപനമുണ്ടാകാന്‍ തുടങ്ങിയിരിക്കുന്നത്.

ഇതിലൂടെ ബ്രെക്സിറ്റ് വിലപേശലിന്റെ ഉത്തരവാദിത്വം കൂടി കോര്‍ബിന്‍ ഏറ്റെടുക്കുമെന്നാണ് ബ്രസല്‍സ് പ്രതീക്ഷിക്കുന്നത്.ഇക്കഴിഞ്ഞ ജൂലൈയില്‍ ലേബര്‍ യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്ററായ മൈക്കല്‍ ബാര്‍ണിയറുമായി രണ്ട് മണിക്കൂറിലധികം തുറന്ന ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇക്കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററില്‍ വച്ച് നടന്ന ടോറി പാര്‍ട്ടി കോണ്‍ഫറന്‍സില്‍ വച്ച് തെരേസ നടത്തിയ നിര്‍ണായക പ്രസംഗം താറുമാറായതിനെ തുടര്‍ന്ന് അവര്‍ രാജി വയ്ക്കണമെന്ന് ടോറി പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നുണ്ട്.

30ല്‍ അധികം ടോറി എംപിമാര്‍ തെരേസയെ നീക്കം ചെയ്യാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. ബോറിസ് ജോണ്‍സന്‍ തെരേസയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവസരം കിട്ടിയാല്‍ അദ്ദേഹവും തെരേസയെ അട്ടി മറിച്ചേക്കാമെന്ന ആശങ്കയും പെരുകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങല്‍ലാണ് മുന്‍കരുതലെന്നോണം കോര്‍ബിനുമായി ബന്ധം മെച്ചപ്പെടുത്താന്‍ ബ്രസല്‍സ് ശ്രമിച്ച് വരുന്നത്.

ഇതിനിടെ മേയ് സര്‍ക്കാരിന് യാതൊരു ഭീഷണിയും ഇല്ലെന്ന് ടോറി നേതൃത്വം ആവര്‍ത്തിക്കുന്നുണ്ട്.

Scroll To Top