Wednesday September 20, 2017
Latest Updates

യൂറോപ്യന്‍ കമ്മീഷണര്‍ സ്ഥാനത്തേക്ക് കണ്ണുനട്ട് എമോണ്‍ ഗില്‍മോറും

യൂറോപ്യന്‍ കമ്മീഷണര്‍ സ്ഥാനത്തേക്ക് കണ്ണുനട്ട് എമോണ്‍ ഗില്‍മോറും

ഡബ്ലിന്‍: യൂറോപ്യന്‍ കമ്മീഷണര്‍ സ്ഥാനത്തേക്ക് കണ്ണുനട്ട് എമോണ്‍ ഗില്‍മോറും. താന്‍ യൂറോപ്യന്‍ കമ്മീഷണര്‍ സ്ഥാനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നുവെന്ന വാര്‍ത്തകള്‍ ഗില്‍മോര്‍ നിഷേധിച്ചില്ല. നാളെ ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം ഒഴിയുന്ന സാഹചര്യത്തില്‍ ലേബര്‍ നേതാവിനെ ഉന്നതമായ യൂറോപ്യന്‍ കമ്മീഷണര്‍ പദവിയില്‍ എത്തിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എമോണ്‍ ഗില്‍മോര്‍ പാര്‍ട്ടി നേതൃസ്ഥാനം രാജി വച്ചിരുന്നു.

നിലവില്‍ പരിസ്ഥിതി മന്ത്രിയായ ഫില്‍ ഹോഗന്റെ പേരാണ് യൂറോപ്യന്‍ കമ്മീഷണര്‍ സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നത്. ഫില്‍ ഹോഗന്‍ തന്നെ തെരഞ്ഞെടുക്കപ്പെടുമെന്നത് സംബന്ധിച്ച് ഫിനാഗല്‍ പാര്‍ട്ടി നേതൃത്വത്തിനു സംശയമില്ല. എന്നാല്‍ ഇതിനിടെയാണ് എമോണ്‍ ഗില്‍മോറിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്ന സൂചന നല്‍കി ലേബര്‍ നേതൃത്വം രംഗത്ത് വന്നത്. യൂറോപ്യന്‍ കമീഷണര്‍ സ്ഥാനത്തേക്ക് ഫില്‍ ഹോഗന്റെ നാമനിര്‍ദ്ദേശം അന്തിമമല്ലെന്ന് ലേബര്‍ മന്ത്രി കാത്ത്‌ലീന്‍ ലിഞ്ച് പറഞ്ഞു. എമോണ്‍ ഗില്‍മോര്‍ മത്സര രംഗത്തേക്ക് വരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് കാത്ത്‌ലീന്‍ ഇത് പറഞ്ഞത്.

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് സ്ഥാനവും ഏറ്റെടുക്കുമെന്ന് ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ഗില്‍മോര്‍ പറഞ്ഞു. ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതൃത്വവും ഗവണ്‍മെന്റും ഇത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും ഗില്‍മോര്‍ പറഞ്ഞു. മന്ത്രിസഭാ പുനസംഘടനയും ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികളും അയര്‍ലണ്ടില്‍ പുരോഗമിക്കുകയാണ്. പുനസംഘടനയുടെ ഭാഗമായി ഇന്നലെ വിദ്യാഭ്യാസ മന്ത്രി റുവാരി ക്വിന്‍ രാജി വച്ചിരുന്നു.

Scroll To Top