Monday February 27, 2017
Latest Updates

യുഡിഎഫ് സര്‍ക്കാര്‍ വാങ്ങിയത് 20 കോടി; ബാറുടമകള്‍ തെളിവ് കൈമാറും

യുഡിഎഫ് സര്‍ക്കാര്‍ വാങ്ങിയത് 20 കോടി; ബാറുടമകള്‍ തെളിവ് കൈമാറും

കൊച്ചി: ബാര്‍ കോഴ ആരോപണത്തില്‍ ബാറുടമകള്‍ ഇന്ന് വിജിലന്‍സിന് മുന്‍പില്‍ ഹാജരായി തെളിവ് കൈമാറും. കെഎം മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശാണ് ഇന്ന് വിജിലന്‍സിന് മുന്‍പാകെ ഹാജരാകുന്നത്. അതിനിടെ ബാറുടമകള്‍ യുഡിഎഫ് സര്‍ക്കാരിന് 20 കോടി രൂപ കൊടുത്തുവെന്ന് അവകാശപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ മാതൃഭൂമി ചാനല്‍ പുറത്തുവിട്ടു. ഇന്നലെ കൊച്ചിയില്‍ നടന്ന ബാറുടമകളുടെ യോഗത്തില്‍ നിന്നുള്ള ഒളിക്യാമറ ദൃശ്യങ്ങളാണ് ചാനല്‍ പുറത്ത് വിട്ടത്.

യുഡിഎഫ് മന്ത്രിസഭയിലെ പലര്‍ക്കും കോടികള്‍ കൈമാറിയതായി ബാറുടമകള്‍ യോഗത്തില്‍ പറയുന്നുണ്ട്. ഇത് സംബന്ധിച്ച് കയ്യിലുള്ള രേഖകള്‍ വച്ച് സര്‍ക്കാരുമായി വിലപേശണമെന്നും ബാറുടമകള്‍ പറയുന്നു. കോഴ വാങ്ങിയതായി ബാറുടമകള്‍ ആരോപിക്കുന്ന മറ്റ് മന്ത്രിമാരെ സംബന്ധിച്ച തെളിവുകളും വിജിലന്‍സിന് കൈമാറിയേക്കും. ബാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളുമായി ഇപ്പോള്‍ സഹകരിക്കേണ്ടന്നും ബാറുടമകള്‍ പറയുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒരുകാരണവശാലും വിശ്വസിച്ചുകൂടെന്ന് ആരോപണം ഉന്നയിച്ച ബിജു രമേശ് പറയുന്നു. ധനമന്ത്രി കെ.എം. മാണിക്കു പണംകൊടുക്കുന്നതു സംബന്ധിച്ചു നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ കൈവശമുണ്ടെന്ന സൂചനയും യോഗത്തിലെ ചര്‍ച്ചകളില്‍നിന്നു വ്യക്തമാണ്. ഏതായാലും ബാറുടമകള്‍ തെളിവ് കൈമാറുന്നതോടെ കോണ്‍ഗ്രസ് മന്ത്രിമാരും കുടുങ്ങിയെക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Scroll To Top