Monday October 22, 2018
Latest Updates

മോര്‍ട്ട് ഗേജ് ഉടമകള്‍ അറിയാതെ ബാങ്കുകള്‍ അയര്‍ലണ്ടിലെ ഭവനവായ്പകള്‍ മറിച്ച് വില്‍ക്കുന്നു,വള്‍ച്ചര്‍ ഫണ്ടുകള്‍ക്ക് കടിഞ്ഞാണിടാതെ വളര്‍ത്തുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് പ്രതിപക്ഷം

മോര്‍ട്ട് ഗേജ് ഉടമകള്‍ അറിയാതെ ബാങ്കുകള്‍ അയര്‍ലണ്ടിലെ ഭവനവായ്പകള്‍ മറിച്ച് വില്‍ക്കുന്നു,വള്‍ച്ചര്‍ ഫണ്ടുകള്‍ക്ക് കടിഞ്ഞാണിടാതെ വളര്‍ത്തുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് പ്രതിപക്ഷം

ഡബ്ലിന്‍:വള്‍ച്ചര്‍ ഫണ്ടുകള്‍ക്കു മോര്‍ട്ട്‌ഗേജ് വായ്പകള്‍ വില്‍ക്കാനുള്ള ബാങ്കുകളുടെ നിലപാടിനെതിരെ പൊതുസമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുന്നു.പാര്‍ലമെന്റിന്റെ ഫിനാന്‍സ് കമ്മറ്റിയും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ച് ഫണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു.

അയര്‍ലണ്ടിലെ ഭവനവായ്പകള്‍ മാത്രമല്ല,ഫാം ലോണുകളും,ഈടുള്ള പേഴ്സണല്‍ വായ്പകളും പോലും വള്‍ച്ചര്‍ ഫണ്ടുകള്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഏറ്റെടുക്കുന്ന അവസ്ഥയാണ് രാജ്യത്ത് സംജാതമായിട്ടുള്ളത്.ഡിപ്പോസിറ്റ് വിഹിതവുമടച്ച് ബാങ്കുകള്‍ നല്‍കുന്ന വ്യവസ്ഥകള്‍ മുഴുവന്‍ പാലിച്ച് മോര്‍ട്ട്‌ഗേജ് എടുക്കുന്നവര്‍ കൃത്യമായി ലോണ്‍ തിരിച്ചടച്ചില്ലെങ്കില്‍ വീടിന്റെ ഉടമസ്ഥാവകാശമടക്കം ഫണ്ടുകള്‍ക്ക് കൈമാറുന്ന വിധമാണ് ഉപഭോക്താവുമായുള്ള മിക്ക ലോണ്‍ കരാറുകളും ബാങ്കുകള്‍ ഉണ്ടാക്കിയിരിക്കുന്നത്.ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്ന സംവിധാനമാണ് ഇപ്പോള്‍ ബാങ്കുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസരിച്ച് അങ്ങനെ ചെയ്യാനുള്ള അനുമതി ബാങ്കുകള്‍ക്കും,മോര്‍ട്ട്‌ഗേജ് ഉടമയുടെ അനുവാദമോ സമ്മതപത്രമോ ഇല്ലാതെ ലോണ്‍ ഏറ്റെടുക്കാനുള്ള വ്യവസ്ഥകള്‍ വള്‍ച്ചര്‍ ഫണ്ടുകള്‍ക്കും ഉണ്ട്.

പി എസ് ടി ബി അടക്കമുള്ള ബാങ്കുകള്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം 3.7 ബില്യണ്‍ യൂറോയുടെ വായ്പകളാണ് വള്‍ച്ചര്‍ ഫണ്ടുകള്‍ക്ക് കൈമാറാന്‍ തീരുമാനം എടുത്തത്.14,000 സ്വകാര്യ ഭവനങ്ങളുടെ മോര്‍ട്ടഗേജും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

ലോണ്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നവരുടെ വായ്പകള്‍ വരെ വില്‍ക്കുന്നതിനാണ് ബാങ്കുകള്‍ ഉന്നമിടുന്നത്.ഒന്നോ രണ്ടോ തവണ വായ്പതവണ മുടങ്ങിയാല്‍ പോലും ഇവ പ്രവര്‍ത്തന രഹിത വായ്പകളാക്കി നിഷ്‌ക്രീയ ആസ്തി എന്ന നിലയിലാക്കി വള്‍ച്ചര്‍ ഫണ്ടുകള്‍ക്ക് മറിച്ച് വില്‍ക്കുക എന്ന സമീപനമാണ് ബാങ്കുകള്‍ എടുക്കുന്നത്.

അതേസമയം വായ്പാ തിരിച്ചടക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് വായ്പാ രണ്ടു വ്യത്യസ്ത വ്യവസ്ഥകളിലായി അടക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതായി ചില ബാങ്കുകള്‍ വ്യക്തമാക്കുന്നുണ്ട്.മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഇടപാടുകാരന്റെ പേരില്‍ വായ്പ തരപ്പെടുത്തി വായ്പാ കണക്കില്‍ വരവ് വെയ്ക്കുന്നതും ഈ സംവിധാനം ബാങ്കിന് സൗകര്യം നല്‍കുന്നു.ഇതു വഴി മാസം തോറുമുള്ള തിരിച്ചടവ് കുറച്ചുകൂടി എളുപ്പമാക്കാന്‍ സാധിക്കുമെന്ന് ബാങ്ക് സൂചിപ്പിച്ചു.എന്നാല്‍ അന്തിമമായി ഇത്തരം മിക്ക വായ്പകളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വള്‍ച്ചര്‍ ഫണ്ടുകള്‍ പിടിച്ചെടുക്കുന്ന സ്ഥിതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

എന്നാല്‍ ബാങ്കിന്റെ നടപടികളില്‍ പാര്‍ലിമെന്ററി കമ്മറ്റി ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. സ്പ്ലിറ്റ് മോര്‍ട്ടഗേജ് സംവിധാനം ബാങ്ക് ഏര്‍പ്പെടുത്തുന്നുണ്ട് എങ്കിലും അതിലെ വ്യവസ്ഥകള്‍ തൃപ്തികരമല്ല എന്നാണ് കമ്മറ്റിയുടെ വാദം. ബാങ്ക് വ്യവസ്ഥയില്‍ പറയുന്നതനുസരിച്ചു സ്പ്ലിറ്റ് മോര്‍ട്ടഗേജ് കരാര്‍ എപ്പോള്‍ വേണമെങ്കിലും ബാങ്കിന് പിന്‍വലിക്കാവുന്നതാണ്.

വായ്പാ ഉപഭോക്താക്കള്‍ക്ക് വലിയ പ്രതിസന്ധിയാണ് ബാങ്കുകള്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന് പാര്‍ലിമെന്ററി സമിതി കുറ്റപ്പെടുത്തി.

അതേസമയം, യൂറോപ്യന്‍ റെഗുലേറ്ററുമായി ചേര്‍ന്ന് സ്പ്ലിറ്റ് മോര്‍ട്ടഗേജുകള്‍ കൈകാര്യം ചെയ്യുന്നതിനായി ശ്രമിക്കുന്നുണ്ടെന്ന് എഐ ബി കമ്മറ്റിയെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തിലും കമ്മറ്റിക്ക് തൃപ്തികരമായ അഭിപ്രായമല്ല ഉള്ളത്.

ഒരു വര്‍ഷത്തെ പ്രൊബേഷനറി പീരിഡില്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കപ്പെടുന്ന വായ്പകള്‍ പെര്‍ഫോമിംഗ് വായ്പകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. എന്നാല്‍ അത്തരത്തിലുള്ള സംവിധാനം പെര്‍മനന്റ് റ്റിഎസ് ബി ഏര്‍പ്പെടുത്താത്തതിനെ ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സിന്റെ ഹെഡ് ജിം ഒ കെഫ് ചോദ്യം ചെയ്തു.

ബാങ്കുകള്‍ വള്‍ച്ചര്‍ ഫണ്ടുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന തോന്നലാണ് ഉണ്ടാക്കുന്നത്.ശരിയായ ദിശയില്‍ നിയന്ത്രണം സാധ്യമായില്ലെങ്കില്‍ വള്‍ച്ചര്‍ ഫണ്ടുകള്‍ രാജ്യത്തെ ഭവന മേഖലയെ നാശത്തിലേക്ക് നയിക്കുമെന്ന സ്ഥിതിയിലാണ് അവസ്ഥകള്‍.അയര്‍ലണ്ടില്‍ ഒരു ഭവനനിര്‍മ്മാണ വകുപ്പ് ഇല്ലെന്ന തോന്നാലാണ് സാധാരണക്കാര്‍ക്ക് ഉള്ളതെന്ന് മുഖ്യ പ്രതിപക്ഷ കക്ഷിയായ ഫിനാഫാളും കുറ്റപ്പെടുത്തി.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top