Wednesday September 26, 2018
Latest Updates

മോഡി വിളിച്ചു,സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ വരദ്കര്‍ ഇന്ത്യയ്ക്ക് പോകും ,വ്യാപാരബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഉചിതമായ രാജ്യമാണ് ഇന്ത്യയെന്ന് ഐറിഷ് പ്രധാനമന്ത്രി 

മോഡി വിളിച്ചു,സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ വരദ്കര്‍ ഇന്ത്യയ്ക്ക് പോകും ,വ്യാപാരബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഉചിതമായ രാജ്യമാണ് ഇന്ത്യയെന്ന് ഐറിഷ് പ്രധാനമന്ത്രി 

ഡബ്ലിന്‍ :പ്രധാനമന്ത്രി ലിയോ വരദ്കര്‍ ഇന്ത്യ സന്ദര്‍ശിക്കും.ഡിസംബറിലോ ജനുവരിയിലോ സന്ദര്‍ശനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യന്‍ വംശജന്‍ കൂടിയായ ഐറീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

ഡെയ്ല്‍ നടക്കുന്ന വേളയില്‍ ദീര്‍ഘയാത്രയ്ക്കായി ഇവിടം വിട്ടുപോകാനാവില്ല. അതിനാല്‍ ഈ കാലയളവില്‍ സന്ദര്‍ശനം നടത്തുന്നതാവും ഉചിതമെന്നു കരുതുന്നു.വ്യാപാരലക്ഷ്യം കൂടി മുന്നില്‍ക്കണ്ടായിരിക്കും സന്ദര്‍ശനം.നമുക്ക് വ്യാപാരബന്ധങ്ങള്‍ ദൃഢമാക്കാന്‍ കഴിയുന്ന ഒരു രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു. സുദര്‍ഘമായ ഒരു രാഷ്ട്രീയ അഭിമുഖ സംഭാഷണത്തിലാണ് വരദ്കര്‍ തന്റെ ഇന്ത്യന്‍ സന്ദര്‍ശനം സംബന്ധിച്ച വിവരം അറിയിച്ചത്.

പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടയുടന്‍ ലിയോ വരദ്കറെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദനം അറിയിച്ചിരുന്നു.ഫോണില്‍ വിളിച്ചായിരുന്നു മോഡി തന്റെയും രാജ്യത്തിന്റെയും പിന്തുണയും ആഹ്ലാദവും ലിയോവരദ്കറുമായി പങ്കുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡി 2015ല്‍ അയര്‍ലണ്ട് സന്ദര്‍ശിച്ചപ്പോള്‍ സ്വീകരിക്കാനെത്തിയതും മന്ത്രിയായിരുന്ന ലിയോവരദ്കര്‍ ആയിരുന്നു.ലിയോ കായിക മന്ത്രിയായിരുന്നപ്പോള്‍ ഐറീഷ് ക്രിക്കറ്റ് ടീമിനൊപ്പം മുംബൈയിലും എത്തിയിരുന്നു.

അയര്‍ലണ്ട് പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദര്‍ശനം അദ്ദേഹത്തിന്റെ അവിടുത്തെ ബന്ധുജന സമൂഹവും ഉറ്റുനോക്കിയിരിക്കുന്നതു തന്നെയാണ്.ലിയോ ഡബ്ലിനിലാണ് ജനിച്ചതെങ്കിലും അച്ഛന്‍ ഡോ.അശോക് കുമാര്‍ ഇന്ത്യക്കാരനാണ്.മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ വരാട് ഗ്രാമവാസിയാണ്ഡോ.അശോക് കുമാര്‍. 1960ല്‍ അയര്‍ലണ്ട് നഴ്സായ മിറിയത്തെ വിവാഹം ചെയ്ത ശേഷം അവിടെ പൗരത്വം സ്വീകരിക്കുകയായിരുന്നു ഡോ.അശോക്.ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളൊക്കയുള്‍പ്പെട്ട കുടുംബമാണ് വരദ്കറുടേത്.

സാമ്പത്തികവും രാഷ്ട്രീയവുമായ അതിര്‍വരമ്പുകളില്ലാത്ത വിശാലമായ ബന്ധമാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടുമായി ആഗ്രഹിക്കുന്നതെന്ന് അഭിമുഖത്തില്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു.നമ്മള്‍ അതിര്‍ത്തി ആഗ്രഹിക്കുന്നില്ല. ആഗ്രഹിക്കുന്നത് അവരാണ്;യൂണിയനിസ്റ്റുകള്‍.അപ്പോള്‍ അതെന്തായിരിക്കണം എവിടെയായിരിക്കണം എന്നതൊക്കെ നിര്‍ദേശിക്കേണ്ടതും അവര്‍ തന്നെയാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.ആദ്യമായി അവര്‍ അവിടുത്തെ ജനങ്ങളുമായി ,അവിടുത്തെ വോട്ടര്‍മാരുമായി സംവദിക്കട്ടെ.അവരുടെ മനസ്സ് എന്തെന്നറിയുന്നത് വളരെ നല്ലതാവും.പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി പക്ഷേ അതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും പ്രതികരിച്ചു.

അമേരിക്കന്‍ പ്രസിഡണ്ടിന്റെ ട്രാന്‍സ് ജെന്‍ഡര്‍ നയത്തോട് യോജിപ്പില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. മാര്‍ച്ചില്‍ അമേരിക്ക സന്ദര്‍ശിക്കും.എന്നാല്‍ പ്രസിഡണ്ട് ട്രംപിനെ കാണുന്ന കാര്യം തീരുമാനിച്ചിട്ടില്ല.അമേരിക്കയുടെ 50 സ്റ്റേറ്റുകളിലായി ഒരു ലക്ഷത്തോളം ഐറിഷ്‌കാര്‍ ജോലി ചെയ്യുന്നുണ്ടെന്ന കാര്യം ട്രംപിനെ അറിയിച്ചിട്ടുണ്ട്.വ്യാപാര തീരുമാനങ്ങളെടുക്കുമ്പോള്‍ അക്കാര്യം കൂടി ഓര്‍മ്മിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ജുഡീഷ്യല്‍ നിയമനം സംബന്ധിച്ച ബില്ലിന്റെ ആശയം ഇന്‍ഡിപെന്‍ഡന്റ് അലൈന്‍സിന്റെ വകയാണെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി.എന്നാല്‍ ബില്‍ അവതരിപ്പിക്കുന്നത് സര്‍ക്കാരാണ്.

ഗര്‍ഭഛിദ്രനയം സംബന്ധിച്ച യു.എന്നിന്റെ വിമര്‍ശനത്തെ പരാമര്‍ശിച്ച് യുഎന്‍ സമിതികള്‍ കോടതികളല്ലെന്ന മറുപടിയാണ് പ്രധാനമന്ത്രി നല്‍കിയത്.നമുക്കിവിടെ സിറ്റിസണ്‍സ് കൗണ്‍സിലുകളുണ്ട്. അവര്‍ നല്‍കിയ ശുപാര്‍ശകള്‍ ഒയ്റിചാര്‍ട്സ് കമ്മിറ്റി പഠിക്കും. കമ്മിറ്റി ശുപാര്‍ശ ചെയ്താല്‍ റഫറണ്ടവുമായി മുന്നോട്ടുപോകും. അക്കാര്യത്തില്‍ മാറ്റമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി എണ്‍ഡ കെന്നി പ്രസിഡണ്ട് പദവിയിലെത്തുമെന്ന വാര്‍ത്തയെ ലിയോ വരദ്കര്‍ തള്ളിക്കളഞ്ഞു.നമ്മുടെ ഭരണഘടനപ്രകാരം പ്രസിഡന്റിന് സ്വയം റീ-നോമിനേറ്റ് ചെയ്യാം. ഇപ്പോഴത്തെ പ്രസിഡണ്ട് രാജ്യത്തിനുവേണ്ടി വിശിഷ്ടമായ സേവനമാണ് ചെയ്യുന്നത്. വളരെയേറെ അനുഭവജ്ഞാനമുള്ള ഒരു പ്രസിഡണ്ട് തന്നെപ്പോലെ തുടക്കക്കാരനായ പ്രധാനമന്ത്രിയെ സംബന്ധിച്ച് ഒരു മുതല്‍ക്കൂട്ടാണ്. ഹിഗ്ഗിന്‍സ് വീണ്ടും പ്രസിഡണ്ടായി തുടരുമെന്ന സൂചനയാണ് വരദ്കര്‍ പങ്കുവെച്ചത്.അടുത്ത വര്‍ഷമാണ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്.വാട്ടര്‍ച്ചാര്‍ജ് പ്രശ്നമോ ഡോഹ്രഡയിലെ പൈപ്പ് പൊട്ടലോ ഒന്നും അടുത്ത ഇലക്ഷനില്‍ ചര്‍ച്ചയാകില്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Scroll To Top