Monday September 25, 2017
Latest Updates

മോഡിയുടെ വഞ്ചന മറനീക്കി പുറത്ത് :അണുവായുധ അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ഇന്ത്യക്ക് മാത്രം !

മോഡിയുടെ വഞ്ചന മറനീക്കി പുറത്ത് :അണുവായുധ അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ഇന്ത്യക്ക് മാത്രം !

ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള ആണവ സഹകരണ കരാര്‍ പ്രാബല്യത്തിലാക്കുന്നതിന് യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തിനിടെ അംഗീകരിച്ച ധാരണയുടെ സുപ്രധാന വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. ആണവ ദുരന്തമുണ്ടായാല്‍ വിദേശ ആണവോര്‍ജവും പ്ലാന്റും രാജ്യത്തിന് നല്‍കിയ വിതരണക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ ഇരകള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ അവകാശമുണ്ടാകില്ല. ദുരന്തമുണ്ടായാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരവും വിദേശ കമ്പനികളില്‍ നിന്ന് ലഭിക്കില്ല. അത് കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവാദിത്വമായിരിക്കും.

ഏതു വിദേശരാജ്യത്ത് നിന്നും ആണവ സാമഗ്രികള്‍ വാങ്ങിയാലും അപകടം ഉണ്ടായാല്‍ അവര്‍ അതിന് ഉത്തരവാദികള്‍ ആവില്ലെന്നത് അമേരിക്ക അടക്കമുള്ള അണ്വായുധ നിര്‍മ്മാണകമ്പനികളെ സഹായിക്കാനുള്ള വഴിയായി ഇതോടെ മാറും. 

കരാറില്‍ ധാരണയിലെത്തി രണ്ടാഴ്ചക്കു ശേഷമാണ് വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നത്. ആണവ ബാധ്യതാ ബില്ലിലെ വ്യവസ്ഥകള്‍ മറികടന്നുകൊണ്ടാണ് കരാര്‍ പ്രാബല്യത്തിലാക്കുന്നതിന് ബരാക് ഒബാമയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധാരണയിലെത്തിയത്. ആണവ ബാധ്യതാ വ്യവസ്ഥകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇന്ത്യ തയ്യാറായതോടെയാണ് കരാര്‍ യാഥാര്‍ഥ്യമാകുന്നത്. ആണവ ബാധ്യത സംബന്ധിച്ചും ആണവനിലയങ്ങളിലെ പരിശോധന സംബന്ധിച്ചുമായിരുന്നു പ്രധാന ഒത്തുതീര്‍പ്പുകള്‍. 

ഇതുപ്രകാരം ആണവ ദുരന്തമുണ്ടായാല്‍ പ്ലാന്റിന്റെ നടത്തിപ്പുകാര്‍ക്കാണ് ഉത്തരവാദിത്വമെന്നും ആണവോര്‍ജം വിതരണം ചെയ്യുന്ന വിദേശ കമ്പനികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. പ്ലാന്റ് പ്രവര്‍ത്തിക്കുന്ന രാജ്യത്തിനാകും നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത.

ദുരന്തമുണ്ടായാല്‍ ഇരകള്‍ക്ക് വിദേശരാജ്യത്ത് നിന്ന് നഷ്ടപരിഹാരവും ലഭിക്കില്ല. ആണവ സഹകരണം, ബാധ്യത, ആണവ ദുരന്തമുണ്ടായാല്‍ നല്‍കേണ്ട നഷ്ടപരിഹാരം തുടങ്ങിയവയെ കുറിച്ച് നിരന്തരം ഉന്നയിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എന്ന രീതിയിലാണ് വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പ് പുറത്തിറക്കിയത്. മൂന്ന് ഘട്ടമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്ത്യ യു എസ് ആണവ സഹകരണ കരാറിനുള്ള തടസ്സങ്ങള്‍ നീങ്ങിയതെന്ന് മന്ത്രാലയം പറയുന്നു.

ബരാക് ഒബാമ ഇന്ത്യയിലെത്തുന്നതിന് മൂന്ന് ദിവസം മുമ്പ് ഇന്ത്യ അമേരിക്ക ആണവ കോണ്‍ടാക്ട് ഗ്രൂപ്പുമായി ലണ്ടനില്‍ നടത്തിയ ചര്‍ച്ചയിലാണ് ഏകദേശ ധാരണയായത്. ഈ കൂടിക്കാഴ്ചകളുടെ അടിസ്ഥാനത്തില്‍ നരേന്ദ്ര മോദിയും ഒബാമയും നടത്തിയ ചര്‍ച്ചയിലാണ് സിവില്‍ ആണവ കരാര്‍ സംബന്ധിച്ച അന്തിമ ധാരണയിലെത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. സിവില്‍ ലയബിലിറ്റിറ്റി ഫോര്‍ ന്യൂക്ലിയാര്‍ ഡാമേജ് ആക്ട് 2010 (സി എല്‍ എന്‍ ഡി) നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്തിട്ടില്ലെന്ന് മന്ത്രാലയത്തിന്റെ അവകാശവാദം. നിയമത്തിലെ 46ാം വകുപ്പ് പ്രകാരം ബാധ്യത പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്ന രാജ്യത്തിനായിരിക്കും. ആണവ ദുരന്തമുണ്ടായാല്‍ നഷ്ടപരിഹാരത്തിന് ആണവ ഉപകരണങ്ങള്‍ വിതരണം ചെയ്ത കമ്പനിക്ക് ഉത്തരവാദിത്വമുണ്ടായിരിക്കില്ല. 

വിതരണക്കാരെയും ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയുള്ള ഭേദഗതികള്‍ കൊണ്ടുവരണമെന്ന ആവശ്യം പാര്‍ലിമെന്റ് ചര്‍ച്ച ചെയ്ത് തള്ളിയതാണെന്നും വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു. നിയമത്തിലെ 17 ബി ഉപവകുപ്പ് പ്രകാരം ഓപറേറ്റര്‍ക്ക് ആണവ ഉപകരണങ്ങള്‍ വിതരണം ചെയ്ത കമ്പനിയെ ആശ്രയിക്കാം. കരാര്‍ സമയത്ത് ഇതു സംബന്ധിച്ച ധാരണയുണ്ടാകണം. ഇന്ത്യയില്‍ പൊതു മേഖലാ സ്ഥാപനമായി ആണവോര്‍ജ കോര്‍പറേഷന്‍ (എന്‍ പി സി ഐ എല്‍) ആണ് ഓപറേറ്റര്‍. ആണവ ബാധ്യതാ നിയമപ്രകാരം 1,500 കോടി രൂപയാണ് ഓപറേറ്റര്‍ നല്‍കേണ്ടത്. രാജ്യത്തെ നാല് പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഒന്നിച്ചു നിന്നാലും 750 കോടി മാത്രമേ നീക്കിവെക്കാനാകൂ. മൊത്തം ആസ്തിയുടെ മൂന്ന് ശതമാനം മാത്രമേ പുതിയ സംരംഭത്തിന് നീക്കിവെക്കാന്‍ ഇന്‍ഷ്വറന്‍സ് ചട്ടങ്ങള്‍ പ്രകാരം സാധിക്കൂ. ആണവ സഹകരണ കരാര്‍ പ്രാബല്യത്തിലാകുന്നതിനുള്ള തടസ്സങ്ങള്‍ പരിഹരിച്ചതിനെ വലിയ മുന്നേറ്റമെന്നാണ് ബരാക് ഒബാമ വിശേഷിപ്പിച്ചിരുന്നത്.

2010ല്‍ യു പി എ സര്‍ക്കാറിന്റെ കാലത്ത് പാര്‍ലിമെന്റ് പാസ്സാക്കിയ ആണവ ദുരന്ത ബാധ്യതാ നിയമ പ്രകാരം നിലയത്തിന്റെ നടത്തിപ്പുകാര്‍ മാത്രമല്ല, ആണവ സാമഗ്രികള്‍ വിതരണം ചെയ്യുന്നവരും കുറ്റക്കാരാവുന്ന വ്യവസ്ഥയാണ് ഉണ്ടായിരുന്നത്.

Scroll To Top