Monday July 16, 2018
Latest Updates

മൈക്ര ലൈബ്രറി വണ്ടിയില്‍ ശ്രീകുമാര്‍ വരുന്നു,അയര്‍ലണ്ടിലെ മലയാളികളെ തേടി 

മൈക്ര ലൈബ്രറി വണ്ടിയില്‍ ശ്രീകുമാര്‍ വരുന്നു,അയര്‍ലണ്ടിലെ മലയാളികളെ തേടി 

ഡബ്ലിന്‍: ഭാഷയെ സ്‌നേഹിക്കുന്ന മലയാളികളെ തേടി ശ്രീകുമാറിന്റെ  മൈക്ര വാഹനം ഡബ്ലിനിലെങ്ങും ഓട്ടം തുടങ്ങി.

ചങ്ങനാശേരിയിലെ മുനിസിപ്പല്‍ ലൈബ്രറിയിലെ ലൈബ്രറേറിയന്‍ ആയിരുന്ന ശ്രീകുമാറിന് ഇതൊരു നിയോഗം പോലെയാണ്.മലയാളത്തെ സ്‌നേഹിക്കുന്നവരെ കണ്ടെത്തി അവരിലെ ഭാഷാഭിമുഖ്യവും വായനാശീലവും നഷ്ട്ടപ്പെട്ടു പോകാതെ പ്രോത്സാഹിപ്പിക്കാനുള്ള ഉദ്യമവുമായാണ് ശ്രീകുമാര്‍ ഈ സന്നദ്ധസേവനം ഏറ്റെടുത്തിരിക്കുന്നത്.

മലയാള ഭാഷയേയും വായനാശീലവും അയര്‍ലണ്ടിലെ മലയാളികള്‍ക്കിടയില്‍ പരിഭോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ടില്‍ ആരംഭിച്ച ഗ്രന്ഥശാലയുടെ ലൈബ്രേറിയന്റെ ചുമതല ഏറ്റെടുത്തതോടെയാണ് ആവശ്യക്കാരെ തേടി ശ്രീകുമാറിന്റെ ‘മൈക്രോ’ ലൈബ്രറി ഓടി ത്തുടങ്ങിയത്.

മൊബൈല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം ബ്യൂമോണ്ടില്‍ നിന്നുമാണ് ആരംഭിച്ചിരിക്കുന്നത്.ജയ്‌നി സാജന് ബുക്ക് കൈമാറി കൊണ്ട് നടത്തിയ മൊബൈല്‍ ലൈബ്രറി ഉത്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാനും ഒട്ടേറെ പേര്‍ എത്തിയിരുന്നു.

വരും മാസങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന ദിവസങ്ങളില്‍ ബ്യൂമോണ്ട്, സ്വോര്‍ഡ്‌സ്, ഫിംഗ്ലാസ്, ബ്ലാഞ്ചാര്‍ഡ്‌സ് ടൗണ്‍, ക്ലോണി, ലക്സ്ലിപ്പ് , രാത്തോത്ത് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ WMC മൊബൈല്‍ ലൈബ്രറിയിലൂടെ അയര്‍ലണ്ട് മലയാളികള്‍ക്ക് പുസ്തകം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒരുക്കുന്നത്.കൂടുതല്‍ സ്ഥലങ്ങളില്‍ ആവശ്യക്കാരുണ്ടെങ്കില്‍ അവിടെയെല്ലാം മൊബൈല്‍ ലൈബ്രറി എത്തിക്കാനാണ് പദ്ധതിയെന്ന് ഡബ്‌ള്യൂ എം സി ഭാരവാഹികള്‍ പറഞ്ഞു.വിവിധ സ്ഥലങ്ങളില്‍ മാസം തോറുമോ ആഴ്ചകള്‍ തോറുമോ ചേരുന്ന സാമൂഹ്യ മത സംഘടനാ മീറ്റിങ്ങുകള്‍ക്കെത്തുന്നവര്‍ക്കും ആവശ്യമെങ്കില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യാനുള്ള സൗകര്യമുണ്ടാക്കും.

ഇരുനൂറ്റമ്പതോളം പുസ്തകങ്ങളാണ് മൊബൈല്‍ ലൈബ്രറിയില്‍ ഉണ്ടാവുക.മലയാളത്തിലെ എല്ലാ പ്രമുഖരുടെയും പുസ്തകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

വിവിധ സ്ഥലങ്ങളില്‍ ‘ലൈബ്രറി വണ്ടി’എത്തുമ്പോള്‍ വീടുകളില്‍ നിന്നും പുതിയ ബുക്കുകള്‍ സംഭാവനയായി ലഭിക്കാനുള്ള സാധ്യതയും പ്രയോജനപ്പെടുത്തുമെന്നും ഡബ്‌ള്യൂ എം സി ഭാരവാഹികള്‍ അറിയിച്ചു.

ഇന്ത്യയില്‍ നിന്നുള്ള ഇംഗ്ലീഷ് മലയാളം കഥകള്‍ അടങ്ങിയ പുസ്തകങ്ങള്‍ അയര്‍ലണ്ടിലെ മലയാളികളായ കുട്ടികള്‍ക്ക് വിതരണം ചെയ്യാനുള്ള പദ്ധതിയും ഡബ്‌ള്യൂ എം സി രൂപപ്പെടുത്തുന്നുണ്ട്.

WMC ലൈബ്രറിയില്‍ ലഭ്യമായ പുസ്തകങ്ങളുടെ വിവരങ്ങള്‍ക്ക് http://www.wmcireland.com/library/

ലൈബ്രറി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
ശ്രീകുമാര്‍ നാരായണന്‍ – 089 410 8022

ഐറിഷ് മലയാളി ന്യൂസ്

Scroll To Top