Sunday February 26, 2017
Latest Updates

മൈക്രോസോഫ്റ്റിന്റെ പേര് പറഞ്ഞ് മലയാളികളുടെ പണം തട്ടാന്‍ ശ്രമം:ഗാര്‍ഡയോട് പരാതി പറഞ്ഞാല്‍ ‘പുല്ലുവില !

മൈക്രോസോഫ്റ്റിന്റെ പേര് പറഞ്ഞ് മലയാളികളുടെ പണം തട്ടാന്‍ ശ്രമം:ഗാര്‍ഡയോട് പരാതി പറഞ്ഞാല്‍ ‘പുല്ലുവില !

ഡബ്ലിന്‍ :കമ്പ്യൂട്ടര്‍ നന്നാക്കാനെന്ന പേരില്‍ ഫോണ്‍ മുഖേനെ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘം വീണ്ടും സജീവമായതായി പരാതികളുയരുന്നു.മൈക്രോസോഫ്റ്റിന് വേണ്ടിയാണ് വിളിക്കുന്നതെന്നു പറഞ്ഞാണ് ഇവര്‍ സംസാരം ആരംഭിക്കുന്നത്.ലിമറിക്ക്,സ്ലൈഗോ കൗണ്ടികളിലെ മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് കഴിഞ്ഞ ആഴ്ചയില്‍ തട്ടിപ്പ് സംഘത്തിന്റെ ഫോണ്‍ കോളുകള്‍ ലഭിച്ചു.പലര്‍ക്കും പണനഷ്ട്ടവും ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്നു.

നിങ്ങള്‍ മൈക്രോസോഫ്റ്റിന് ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട് അയച്ചിട്ടുള്ളതായി കാണുന്നുണ്ടല്ലോ എന്ന ചോദ്യത്തില്‍ മിക്ക ഉപഭോക്താക്കളും ആദ്യഘട്ടത്തില്‍ ഇവരെ വിശ്വാസത്തിലെടുക്കും.കാരണം ഏതെങ്കിലും സാങ്കേതിക തടസം വന്നാല്‍ മൈക്രോസോഫ്റ്റിന് ,ഓണ്‍ ലൈന്‍ റിപ്പോര്‍ട്ട് പോകുന്നത് സാധാരണ സംഭവമാണ്.സ്വാഭാവികമായും ഈ റിപ്പോര്‍ട്ട് സാധാരണക്കാര്‍ ഒഴിവാക്കാറില്ല.

ആ ഓര്‍മയില്‍ അനുകൂലമായ ഉത്തരം നല്‍കിയിട്ടുണ്ടെങ്കില്‍ ശുദ്ധവും,മാന്യവുമായ ഭാഷയില്‍ അടുത്ത വിശദീകരണം വരും.തങ്ങള്‍ മൈക്രോസോഫ്റ്റിന് വേണ്ടി അയര്‍ലണ്ടില്‍ ടെക്‌നിക്കല്‍ മെയിന്റനന്‍സ് നടത്തുന്ന കമ്പനിയാണെന്നും ,താങ്കളുടെ കമ്പ്യൂട്ടര്‍ ചില പ്രത്യേകതരം വൈറസ് ബാധിച്ചിട്ടുള്ളതിനാലാണ് ഇടയ്ക്കിടെ സ്ലോ ആവുന്നതെന്നും പറഞ്ഞുകൊണ്ട് വൈറസ് ഉണ്ടോ എന്ന് ഇപ്പോള്‍ തന്നെ താങ്കള്‍ക്കു പരിശോധിക്കാമെന്നും അവര്‍ പറയും.അതിന് വേണ്ടി നിശ്ചിതമായ കീകള്‍ ഉപയോഗിക്കാനും ചില പാസ് വേഡുകള്‍ എന്റര്‍ ചെയ്യാനും നിര്‍ദേശം നല്കുന്നത് വഴി കമ്പ്യൂട്ടറിന്റെ നിയന്ത്രണം തന്നെ അവര്‍ ഏറ്റെടുക്കുകയും ചെയ്യും..കമ്പ്യൂട്ടറിന്റെ സാങ്കേതിക വശങ്ങളെ പറ്റി ഗ്രാഹ്യം കുറഞ്ഞവരാണ് ഈ ഡൂപ്ലിക്കേറ്റ് മൈക്രോ സോഫ്റ്റ് ‘വിദഗ്ധരുടെ പിടിയില്‍പെട്ടുപോവുന്നത്.

തട്ടിപ്പുകാരുടെ പിടിയില്‍ അകപ്പെടുന്ന നിമിഷത്തില്‍ തന്നെ നൂറുകണക്കിന് വൈറസുകളെ കമ്പ്യൂട്ടറിലേയ്ക്ക് കടത്തിവിടുന്ന തട്ടിപ്പുകാര്‍ ,വൈറസുകളടങ്ങുന്ന ലിസ്റ്റ് കമ്പ്യൂട്ടര്‍ ഉടമയ്ക്ക് കാണിച്ച് കൊടുത്ത് വീണ്ടും വിശ്വാസം നേടും.താങ്കളുടെ കമ്പ്യൂട്ടര്‍ ഇപ്പോള്‍ സ്പീഡ് കുറയാന്‍ കാരണം ഈ വൈറസ്‌കളാണെന്നും അടിയന്തരമായി ഇവയെ നശിപ്പിച്ചു കളഞ്ഞില്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാവില്ലെന്നും ഉടമയെ അറിയിക്കും.

എത്ര സമയം വേണമെങ്കിലും ഇത് സംബന്ധിച്ച സംശയ നിവാരണത്തിനായി തട്ടിപ്പുകാര്‍ ഫോണില്‍ തുടരും.ഇന്ത്യന്‍ ആക്‌സന്റ് ഉള്ള ഇംഗ്ലീഷ് ഉപയോഗിക്കുന്ന ഇവരില്‍ അധികവും നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ളവരോ ,പാക്കിസ്ഥാന്‍കാരോ ആണെന്ന് പറയപെടുന്നു.

കമ്പ്യൂട്ടര്‍ അപകടത്തിലാണെന്ന് മനസിലാക്കുന്നവരില്‍ മിക്കവരും തട്ടിപ്പുകാരോട് തന്നെ ഇതിനുള്ള പ്രതിവിധി ആരായുന്നതും ,സംസാരിക്കുന്നത് മൈക്രോസോഫ്റ്റിന്റെ പ്രതിനിധിയോടെന്ന വിശാസത്തിലാണ്.ഇര വലയില്‍ വീണു എന്ന് മനസിലാക്കുന്ന തട്ടിപ്പുകാര്‍ ക്രഡിറ്റ് കാര്‍ഡില്‍ നിന്നും ഇതിന്റെ ചിലവ്(സാധാരണയായി 50 മുതല്‍ 75 യൂറോ വരെയാണ് ഇത് ) നിശ്ചിത അക്കൌണ്ടിലേയ്ക്ക് മാറ്റുകയാണെങ്കില്‍ മിനുട്ടുകള്‍ കൊണ്ട് വൈറസ്‌കളെ നശിപ്പിക്കാമെന്നും ,വാഗ്ദാനം കൊടുക്കും.തങ്ങള്‍ക്ക് നിര്‍ബന്ധമില്ലെന്നൂം,പക്ഷേ പൊതു മാര്‍ക്കറ്റില്‍ റിപ്പയര്‍ ചെയ്യുന്നതിന് 125-150 യൂറോ വരെ ചിലവ് വരുമെന്നും കൂടി അറിയിക്കും.

തട്ടിപ്പുകാരന്റെ സ്വരത്തിലെ ‘ആത്മാര്‍ഥതയും ‘വിനയവും കേള്‍ക്കുന്ന ഇടപാടുകാരില്‍ ബഹുഭൂരിപക്ഷവും കുറഞ്ഞ ചിലവില്‍ നന്നാക്കികിട്ടുവാന്‍ ക്രഡിറ്റ് കാര്‍ഡ് നമ്പര്‍ കൊടുക്കുകയും ചെയ്യുന്നതോടെ തട്ടിപ്പ് സംഘം ദൗത്യം പൂര്‍ത്തിയാക്കും.

വൈറസ് അപ്പോള്‍ തന്നെ മാറ്റി കൊടുക്കാനുള്ള സംവിധാനവും സഹായവും തട്ടിപ്പുകാര്‍ തന്നെ ചെയത് കൊടുക്കും.പണം നഷ്ട്ടപ്പെട്ടാലും ചിലര്‍ക്ക്,വൈറസ് ഒഴിവാക്കി കമ്പ്യൂട്ടര്‍ നാന്നാക്കി കിട്ടാറുമില്ലത്രേ .കമ്പ്യൂട്ടറിലെ വൈറസ് ബാധ രഹസ്യമാക്കി വെയ്ക്കാന്‍ ആഗ്രഹിക്കുന്നത് കൊണ്ട് അബദ്ധത്തില്‍ പെടുന്നവരും ,പണം പോയതിന്റെ ജാള്യത മറയ്ക്കാന്‍ ആഗ്രഹിക്കുന്നത് കൊണ്ട് നന്നാക്കി കിട്ടാത്തവരും സംഭവം പുറത്ത് പറയാറില്ലാത്തത് കാരണം കൂടുതല്‍ പേര്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് വിധേയരാവുന്നു എന്നതാണ് സത്യം.
ഇനി തട്ടിപ്പുകാര്‍ക്ക് പണം കൊടുത്തില്ലെങ്കിലും കമ്പ്യൂട്ടര്‍ അപകടത്തിലാകും ,പൊതു മാര്‍ക്കറ്റില്‍ കൊടുത്ത് കമ്പ്യൂട്ടര്‍ നന്നാക്കിയെടുക്കാനുംചിലവ് വേണ്ടിവരും.ക്രഡിറ്റ് കാര്‍ഡ് നമ്പരാണ് കൊടുത്തതെങ്കില്‍ ബാങ്കില്‍ ബന്ധപ്പെട്ട് കാര്‍ഡ് മരവിപ്പിച്ചില്ലെങ്കില്‍ തട്ടിപ്പുകാര്‍ കൂടുതല്‍ പണം കൊണ്ടുപോകുമെന്നുറപ്പാണ്.

കോളര്‍ ഐ ഡി വയ്ക്കുകയും ,അപരിചിതമായതോ ആയ ഫോണ്‍ കോളുകള്‍ എടുക്കാതിരിക്കുകയോ ചെയ്യുക എന്നതാണ് ഇത്തരം തട്ടിപ്പുകള്‍ തടയാനുള്ള എളുപ്പ മാര്‍ഗം.ഫോണ്‍ എടുത്താല്‍ തന്നെ അപരിചിതരിലൂടെ ‘ഓണ്‍ലൈന്‍ റിപ്പയറിംഗ്’നടത്താതിരിക്കുക.
ഗാര്‍ഡയെ വിവരം അറിയിക്കാമെന്നല്ലാതെ ഒരു പ്രയോജനവും ഉണ്ടാവാറില്ലെന്നാണ് അനുഭവസമ്പന്നര്‍ വിവരിക്കുന്നത്. ലിമറിക്കിലെ തന്നെ ഒരു മലയാളി യുവാവ് ഇത്തരം തട്ടിപ്പുകാരെ ഫോണില്‍ ‘ഹോള്‍ഡ്’ചെയ്തിട്ട് ഗാര്‍ഡയെ മൊബൈലില്‍ വിവരം അറിയിച്ചു. ഫോണ്‍ കോളിന്റെ ഉറവിടം കണ്ടെത്തി ‘കള്ളന്മാരെ’ പിടികൂടാനായിരുന്നു യുവാവിന്റെ ഉദ്ദേശ്യം. സ്റ്റേഷനില്‍ ഫോണെടുത്ത ഗാര്‍ഡാ ഓഫിസറുടെ പ്രതീകരണം കേട്ട് മലയാളി യുവാവ് ഞെട്ടിപ്പോയി.

‘ഓ ഇത് തന്നെയാ ഇന്നലെ എന്റെ അമ്മയ്ക്ക് സംഭവിച്ചത്.അവര്‍ക്ക് 75 യൂറോ പോയി.ഇനി ഇത്തരം കോള് വന്നാല്‍ ഫോണെടുത്താലും ക്രഡിറ്റ് കാര്‍ഡ് നമ്പര്‍ കൊടുക്കരുതെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്!…

മലയാളി യുവാവ് , പഴയ പഴഞ്ചൊല്ല് മനസില്‍ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തത്രേ …സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട ‘…..

Scroll To Top