Monday June 25, 2018
Latest Updates

മേയോയിലെ ഇന്ത്യാക്കാരന്റെ കടയില്‍ വിറ്റ ലോട്ടോ ടിക്കറ്റിന് വീണ്ടും യൂറോമില്യണ്‍ സമ്മാനം

മേയോയിലെ ഇന്ത്യാക്കാരന്റെ കടയില്‍ വിറ്റ ലോട്ടോ ടിക്കറ്റിന് വീണ്ടും യൂറോമില്യണ്‍ സമ്മാനം

കാസില്‍ ബാര്‍ :അയര്‍ലണ്ടില്‍ വീണ്ടും ഭാഗ്യം വിതച്ച് ഇന്ത്യന്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരന്‍. ഇന്ത്യാക്കാരായ ഉമേഷ്-റോസി ദമ്പതികളുടെ ഉടമസ്ഥതയിലുള്ള കടയില്‍ കഴിഞ്ഞ
വെള്ളിയാഴ്ച നറുക്കെടുത്ത ജാക്ക്പോട്ടിലാണ് അഞ്ച് ലക്ഷം യൂറോ സമ്മാനം അടിച്ചത്.യൂറോ മില്യണ്‍ പ്ലസ് നറുക്കെടുപ്പിലാണ് വന്‍ തുക സമ്മാനം ലഭിച്ചിരിക്കുന്നത്.

12 വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നിന്നും അയര്‍ലണ്ടിലെത്തിയ ഉമേഷ്-റോസി ദമ്പതികളുടെ ജീവിത വരുമാനമാണ് ഈ കട. കഴിഞ്ഞ വേനലില്‍ ഇവിടെ വില്‍പ്പന നടത്തിയ ടിക്കറ്റിനും 29 മില്യന്റെ സമ്മാനം ലഭിച്ചിരുന്നു. തങ്ങള്‍ വിറ്റ ലോട്ടറിക്ക് ഇത്രയും വലിയ തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ലെന്ന് റോസി കുമാര്‍ പ്രതികരിച്ചു. സമ്മാനത്തുകയുടെ നിശ്ചിത ശതമാനം ലോട്ടറി ഏജന്റിനും ലഭിക്കും.

നറുക്കെടുപ്പില്‍ മേയോയെ കൂടാതെ അടുത്തുള്ള കൗണ്ടിയായ ഗോള്‍വേയിലെ ബര്‍ണയിലും ഒരാള്‍ക്ക് ജാക്ക്പോട്ട് അടിച്ചിട്ടുണ്ട്. ബര്‍ണയിലെ സൂപ്പര്‍ വാല്യൂവില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം.ഗോള്‍വേയിലെയും മേയോയിലെയും ജാക്ക്പോട്ട് കളിക്കാരോട് തങ്ങളുടെ ടിക്കറ്റുകള്‍ പരിശോധിക്കാന്‍ നാഷ്ണല്‍ ലോട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. സമ്മാനാര്‍ഹമായ ടിക്കറ്റ് ലഭിച്ചവര്‍ ടിക്കറ്റിന് പിറകില്‍ ഒപ്പ് വെച്ച് എത്രയും പെട്ടെന്ന് നാഷ്ണല്‍ ലോട്ടറിയെ സമീപിക്കേണ്ടതാണ്.

കഴിഞ്ഞ ഏതാനം ആഴ്ചകളിലായി യൂറോ മില്യണ്‍ ലോട്ടറിയില്‍ ഒന്നാം സ്ഥാനം ആര്‍ക്കും ലഭിച്ചിട്ടില്ലാത്തതിനാല്‍ അടുത്ത ചൊവാഴ്ച നടത്തപ്പെടുന്ന നറുക്കെടുപ്പിലെ വിജയിക്ക് 160 മില്യണ്‍ യൂറോയുടെ സമ്മാനമാണ് ലഭിക്കുക.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top