Thursday February 23, 2017
Latest Updates

മേധാ പട്കര്‍ , ആം ആദ്മി പാര്‍ട്ടിയുടെ ജനകീയമുഖം

മേധാ പട്കര്‍ , ആം ആദ്മി പാര്‍ട്ടിയുടെ ജനകീയമുഖം

ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ശ്രദ്ധേയമായ വ്യക്തിത്വമാണ് മേധാ പട്കര്‍. അന്ന ഹസാരെയുടെ സമരവുമായി ബന്ധപ്പെട്ട് കേജ്രിവാള്‍ പൊതുരംഗത്ത് വരുന്നതിന് പതിറ്റാണ്ടുകള്‍ മുമ്പ് തന്നെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒട്ടേറെ സമരങ്ങള്‍ നേതൃത്വം നല്കിയ സാമൂഹിക പ്രവര്‍ത്തകയാണ് മേധാ പട്കര്‍. 1954 ല്‍ മഹാരാഷ്ട്രയില്‍ ജനിച്ച മേധാ പട്കര്‍ സാമൂഹ്യശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദധാരിയാണ്. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ ജോലി രാജിവെച്ച് നര്‍മ്മദ ബചാവോ ആന്ദോളന്‍ എന്ന സംഘടന രൂപീകരിച്ചുകൊണ്ടാണ് അവര്‍ സാമൂഹിക പ്രവര്‍ത്തന രംഗത്തേക്ക് വരുന്നത്.

നര്‍മദ നദിക്ക് കുറുകേ അണക്കെട്ടുകള്‍ നിര്‍മിക്കുന്നതിനായി പ്രദേശത്തെ കര്‍ഷകരെയും സാധാരണക്കാരെയും കുടിയൊഴിപ്പിക്കുന്നതിനെതിരെ മേധാ പട്കര്‍ രൂപീകരിച്ച സംഘടനയാണ് നര്‍മ്മദ ബചാവോ ആന്ദോളന്‍. 1989 ലാണ് ഈ സംഘടന രൂപീകരിച്ചത്. തുടര്‍ന്ന് മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ നിരവധി ആദിവാസി, കര്‍ഷക സമരങ്ങള്‍ക്ക് മേധാ പട്കര്‍ നേതൃത്വം നല്‍കി. തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിനെതിരായ സമരത്തിലും, കേരളത്തില്‍ മുല്ലപ്പെരിയാര്‍ സമരത്തിലും മേധാ ജനങ്ങള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ച വ്യക്തിയാണ്. 2011 ഡിസംബറില്‍ മുല്ലപ്പെരിയാര്‍ സമരം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചപ്പോള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഇടുക്കിയിലെ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനും ഈ സമരനായിക സമയം കണ്ടെത്തി.

അന്ന ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചതിലൂടെയാണ് മേധാ പട്കര്‍ കേജ്രിവാളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുന്നതിന് മുമ്പ് കേജ്രിവാള്‍ ഹസാരെ സംഘത്തിലെ പ്രധാനിയായിരുന്നു. ഇരു നേതാക്കള്‍ക്കുമിടയിലെ ഈ അടുപ്പം ഒടുവില മേധാ പട്കറിനെ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാക്കി. ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ച ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്നെ മേധാ പട്കര്‍ ഉള്‍പ്പെട്ടിരുന്നു.

മുംബൈ നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാനാണ് ആം ആദ്മി പാര്‍ട്ടി മേധാ പട്കരെ നിയോഗിച്ചത്. അപ്രതീക്ഷിതമായാണ് മേധാ പട്കര്‍ ആം ആദ്മി പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് വന്നത്. എന്‍സിപിയുടെ സിറ്റിംഗ് എം പി കൂടിയായ സഞ്ജയ് ദിന പാട്ടീല്‍, ബിജെപിയുടെ കിരിറ്റ് സോമയ്യ എന്നിവരാണ് മുംബൈ നോര്‍ത്ത് ഈസ്റ്റില്‍ മേധാ പട്കരുടെ പ്രധാന എതിരാളികള്‍. medha p

മഹാരാഷ്ട്രയില്‍ കര്‍ഷകരുടെയും സാധാരണക്കാരുടെ നിരവധി ജീവല്‍ പ്രശ്‌നങ്ങളില്‍ ഇടപെട്ടിട്ടുള്ള സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ തനിക്ക് സാധാരണക്കാരുടെ പിന്തുണ ലഭിക്കുമെന്നാണ് മേധാ പട്കര്‍ പ്രതീക്ഷിക്കുന്നത്. മുംബൈയിലെ ഭൂരിപക്ഷം വോട്ടര്‍മാര്‍ക്കും സുപരിചിതയാണ് മേധാ പട്കര്‍. അതുകൊണ്ട് തന്നെ മണ്ഡലത്തില്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത സ്ഥാനാര്‍ത്ഥിയാണ് അവര്‍. തങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന ഒട്ടനവധി വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ട് സമരം ചെയ്ത മേധാ പട്കറെ പോലീസ് വാനിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോകുന്നത് തങ്ങള്‍ എപ്പോഴും ഓര്‍മിക്കുന്ന ദൃശ്യങ്ങളാണെന്ന് മുംബൈയിലെ വോട്ടര്‍മാര്‍ പറയുന്നു. മുംബൈയിലെ 60 ശതമാനം വോട്ടര്‍മാരും ചേരി നിവാസികളാണ്. അതുകൊണ്ട് തന്നെ സാധാരണക്കാരുടെ ഇടയിലും പാവപ്പെട്ടവരുടെ ഇടയിലും മേധാ പട്കറുടെ ജനപ്രീതി വോട്ടായി മാറുമെന്ന് ആം ആദ്മി പാര്‍ട്ടി കണക്കുകൂട്ടുന്നു. മറ്റ് എഎപി സ്ഥാനാര്‍ത്ഥികളെപ്പോലെ തന്നെ തികച്ചും ലളിതമായാണ് മേധാ പട്കര്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. വലിയ ആര്‍ഭാടങ്ങളില്ലാതെ ഏതാനും പ്രവര്‍ത്തകര്‍ക്കൊപ്പം പര്യടനം നടത്തിയാണ് മേധാ പട്കര്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. മോഡിയുടെയും കോണ്‍ഗ്രസിന്റെയും എതിര്‍ പ്രചാരണങ്ങളെ അതിജീവിച്ച് ആം ആദ്മി പാര്‍ട്ടി വിജയം നേടുമെന്ന് മേധാ പട്കര്‍ പറഞ്ഞു.

Scroll To Top