Tuesday February 21, 2017
Latest Updates

മെയ്ക്കപ്പ്മാന്റെ അപകടമരണം: പൊലീസിനെതിരെ സുരേഷ് ഗോപി

മെയ്ക്കപ്പ്മാന്റെ അപകടമരണം: പൊലീസിനെതിരെ സുരേഷ് ഗോപി

എറണാകുളം: തന്റെ പെഴ്‌സണല്‍ മെയ്ക്കപ്പ്മാന്റെ മരണത്തില്‍ പൊലീസിനെതിരെ സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ മെയ്ക്കപ്പ്മാനായിരുന്ന തോമസിനെ ഇടിച്ചിട്ട ബൈക്ക് കണ്ടെത്താനാകാത്തതിനാലാണ് സുരേഷ് ഗോപി പൊലീസിനെതിരെ തിരിഞ്ഞത്. നമ്മുടെ നിയമങ്ങളും കേരളാ പോലീസിന്റെ മഹത്വവും സിനിമയിലൂടെയും അല്ലാതെയും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചിട്ടുള്ള തന്നോട് പോലീസ് ഇത് ചെയ്യരുതായിരുന്നെന്ന് സുരേഷ് ഗോപി പറഞ്ഞു.

തോമസിനെ ഇടിച്ച ബൈക്കുകാരനെ കണ്ടെത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ബന്ധപ്പെട്ടെങ്കിലും തിരക്കാണെന്ന മറുപടിയാണ് ലഭിച്ചത് പിന്നീട് ബന്ധപ്പെടാമെന്ന് ചെന്നിത്തല പറഞ്ഞെങ്കിലും ബന്ധപ്പെട്ടില്ല. ബൈക്ക് ഓടിച്ചവര്‍ നിയമത്തിന് മുന്നിലെത്തണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.

ബൈക്ക് ഇടിച്ച് വീണ തോമസിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനത്തില്‍ കയറ്റുമ്പോള്‍ ബൈക്കുകാരനും ഉണ്ടായിരുന്നു. പിന്നീടാണ് ഇയാള്‍ രക്ഷപെട്ടത്. ഇയാളെ രക്ഷപെടാന്‍ അനുവദിച്ചത് പോലീസിന്റെ അനാസ്ഥയാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

ശനിയാഴ്ച രാത്രി റോഡ് മുറിച്ച് കടക്കുന്നതിനിടെ എറണാകുളം കുണ്ടന്നൂര് വച്ചാണ് തോമസിനെ ബൈക്കിടിച്ചത്. ഗുരുതരമായി പരുക്കേറ്റ തോമസിനെ ലേയ്ക്ക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ മരണം സംഭവിച്ചു. സംസ്‌കാരം ഇന്ന് ചെന്നൈയില്‍ നടക്കും. കൊല്ലം സ്വദേശിയായ തോമസ് ഏറെ വര്‍ഷങ്ങളായി ചെന്നൈയില്‍ സ്ഥിരതാമസമാണ്.

Scroll To Top