Friday November 16, 2018
Latest Updates

മൂന്ന് ലക്ഷം പേര്‍ക്ക് അയര്‍ലണ്ടില്‍ പുതിയ വീട് വേണം,നിര്‍മ്മാണ ചിലവ് കുറഞ്ഞെന്ന് മന്ത്രി,കൂടുതല്‍ വീടുകള്‍ പണിയാനൊരുങ്ങി സര്‍ക്കാര്‍ പദ്ധതികള്‍ 

മൂന്ന് ലക്ഷം പേര്‍ക്ക് അയര്‍ലണ്ടില്‍ പുതിയ വീട് വേണം,നിര്‍മ്മാണ ചിലവ് കുറഞ്ഞെന്ന് മന്ത്രി,കൂടുതല്‍ വീടുകള്‍ പണിയാനൊരുങ്ങി സര്‍ക്കാര്‍ പദ്ധതികള്‍ 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വീട് വാങ്ങാന്‍ കാത്തിരിക്കുന്നവരുടെ എണ്ണം എണ്‍പതിനായിരത്തോളമെന്ന് വെളിപ്പെടുത്തല്‍.അടിയന്തര സ്വഭാവത്തോടെ കാത്തിരിക്കുന്നവരുടെ എണ്ണം മാത്രമാണിത്.യഥാര്‍ത്ഥത്തിലുള്ള ആവശ്യക്കാര്‍ മൂന്ന് ലക്ഷത്തോളം വരും.

സര്‍വേയെ ആധാരപ്പെടുത്തി രൂപപ്പെടുത്തിയ കെബിസി ഹോം ബയര്‍ റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.

മാര്‍ക്കറ്റിലെ അനിശ്ചിതാവസ്ഥ കാരണം വീട് വാങ്ങാനുള്ള ആഗ്രഹത്തെ മാറ്റി വെയ്ക്കുന്നവരില്‍ കൂടുതലും 2020ലെങ്കിലും വീട് വാങ്ങണം എന്ന് നിശ്ചയിച്ചിരിക്കുന്നവരാണ്.അയര്‍ലണ്ടില്‍ ഒരു വര്‍ഷം നിലവില്‍ നടക്കുന്ന ഭവന ഇടപാടുകള്‍ പരമാവധി അമ്പതിനായിരമാണ്.ഡിമാന്‍ഡും സപ്ലൈയും തമ്മിലുള്ള ഈ അനുപാത വ്യത്യാസമാണ് ഭവനവിലയയിലെ വര്‍ദ്ധനവിന് കാരണമാകുന്നത്.

പുതിയതായി പണിയപ്പെടുന്ന വീടുകളുടെ എണ്ണം കുറയുകയും,സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്ന് ബാങ്കുകള്‍ പിടിച്ചെടുത്ത വീടുകള്‍ വില്‍ക്കാനാവാതെ വരുകയും ചെയ്യുന്നതോടെ അടുത്ത വര്‍ഷങ്ങളിലും വീടുവില കൂടുക തന്നെ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരു വീട് വാങ്ങാമായിരുന്നത് പോലെയത്ര എളുപ്പമല്ല ഇപ്പോള്‍ ഒരു വീടുവാങ്ങാന്‍ എന്നാണ് ബാങ്കിന്റെ കണ്ടെത്തല്‍.

എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത് ഭവനമേഖലയില്‍ സുസ്ഥിതി വളര്‍ത്താന്‍ നയരൂപീകരണം നടത്തുന്നുണ്ടെന്നാണ്.ഡബ്ലിന്‍ നഗരത്തില്‍ മാത്രം ആയിരക്കണക്കിന് വീടുകള്‍ പണിതുയര്‍ത്താനുള്ള 730 സൈറ്റുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലവിലുണ്ട്.അനധികൃതമായി മറ്റുള്ളവര്‍ കൈവശം വെച്ചിരിക്കുന്ന നൂറുകണക്കിന് സൈറ്റുകള്‍ വേറെയും.കോ ഓപ്പറേറ്റിവ് ഹൗസിംഗും,സോഷ്യല്‍ ഹൗസിംഗും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഇവിടങ്ങളില്‍ നടപ്പാക്കിയാല്‍ തീരാവുന്നതേയുള്ളു ഡബ്ലിനിലെ ഭവനപ്രശ്നം.കോര്‍ക്ക്,ഗോള്‍വേ,വാട്ടര്‍ഫോര്‍ഡ്,ലീമെറിക്ക് നഗരമേഖലകളിലും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ യഥേഷ്ടം ഭൂമിയുണ്ട്.

ഹൗസിംഗ് മന്ത്രി ഓവന്‍ മര്‍ഫി പുതിയ വീടുകള്‍ പണിയാനുള്ള സര്‍ക്കാരിന്റെ സന്നദ്ധത കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു.അപ്പാര്‍ട്ടുമെന്റുകളുടെ നിര്‍മ്മാണച്ചിലവില്‍ സര്‍ക്കാരിന്റെ നയമാറ്റം മൂലം 15 ശതമാനം വരെ കുറവുണ്ടാകുന്നുണ്ടെന്നും അത് വിലയില്‍ പ്രതിഫലിക്കേണ്ടതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരും,ബാങ്കുകളും ഭവനമേഖലയിലെ ഇല്ലായ്മകളെ പര്‍വ്വതീകരിക്കുന്നത് നിലവില്‍ അവര്‍ക്ക് കൊള്ളലാഭം കൊയ്യാനുള്ള തന്ത്രം മാത്രമാണ് എന്നാണ് ഡബ്ലിന്‍ ടെനന്റസ് അസോസിയേഷന്റെ വിലയിരുത്തല്‍.

വള്‍ച്ചര്‍ ഫണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നിയമ നിര്‍മ്മാണമുണ്ടാകുകയോ ,നിലവില്‍ ഏറ്റെടുത്ത വീടുകള്‍ വില്‍പ്പന നടത്താന്‍ ബാങ്കുകളെ അനുവദിക്കുകയോ ചെയ്താല്‍ മാത്രം മതി അയര്‍ലണ്ടിലെ വീടുകളുടെ വിലയിടിയാനെന്നും അതിന് അവസരം ഒരുക്കാതെ ഭരണകക്ഷി ,റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.

പാര്‍പ്പിട മേഖലയിലെ അനശ്ചിതത്വം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ലിനില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന നാഷണല്‍ ഹോം ലെസ് റാലിയില്‍ പതിനായിരത്തില്‍ അധികം പേരാണ് പങ്കെടുത്തത്.അയര്‍ലണ്ടിലെ ഏറ്റവും വലിയ ഭവനരഹിത വിഭാഗമായ മൈഗ്രന്റ്സ് കമ്മ്യൂണിറ്റികളില്‍ നിന്നും റാലിയില്‍ നാമമാത്ര പങ്കാളിത്വമാണ് ഉണ്ടായത്.

വാട്ടര്‍ ചാര്‍ജ് പിന്‍വലിക്കാനുണ്ടായ സമരം പോലെ അയര്‍ലണ്ടിലെ ജനങ്ങള്‍ അടുത്ത നാളുകളില്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നതോടെ ഭവനമേഖലയില്‍ എസ്റ്റേറ്റ് മാഫിയയെ തൃപ്തിപ്പെടുത്തി നില്‍ക്കുന്ന സര്‍ക്കാരിന് നയം മാറ്റേണ്ടി വരുമെന്ന് ഡബ്ലിന്‍ ടെനന്റസ് അസോസിയേഷന്റെ അഭിപ്രായം.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top