Saturday February 25, 2017
Latest Updates

മുഹമ്മദ് എംവാസി ഐഎസ് ഭീകരന്‍ ജിഹാദി ജോണല്ലെന്ന് പിതാവ്

മുഹമ്മദ് എംവാസി ഐഎസ് ഭീകരന്‍ ജിഹാദി ജോണല്ലെന്ന് പിതാവ്

ലണ്ടന്‍: ഐഎസ് ഭീകരന്‍ ജിഹാദി ജോണ്‍ ലണ്ടന്‍ സ്വദേശി മുഹമ്മദ് എംവാസിയാണെന്നതിന് യാതൊരു തെളിവുമില്ലെന്ന് എംവാസിയുടെ പിതാവ് ജാസിം എംവാസി. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ താന്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ജിഹാദി ജോണിന്റെ ശബ്ദം മുഹമ്മദ് എംവാസിയുടേതുമായി സാമ്യമുള്ളതാണെന്ന് നേരത്തെ അയാളുടെ മാതാവ് തിരിച്ചറിഞ്ഞതായി വാര്‍ത്ത ഉണ്ടായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തുവന്ന വിഡിയോയില്‍ നിന്നുള്ള ശബ്ദം തിരിച്ചറിഞ്ഞ മാതാവ് അത് തന്റെ മകനാണെന്നു പറഞ്ഞ് ഒച്ചവച്ചെന്ന് കുവൈത്തിലെ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടിരുന്നു.

ഐഎസ് പുറത്തുവിട്ട വിഡിയോകളില്‍ തടവിലാക്കിയവരെ കഴുത്തറുത്തു കൊല്ലുന്ന ഭീകരനാണ് ജിഹാദി ജോണ്‍. കറുത്ത വസ്ത്രം കൊണ്ട് മുഖം മറച്ചാണ് ജിഹാദി ജോണെന്ന പേരിലറിയപ്പെട്ട കുവൈത്തുകാരനായ മുഹമ്മദ് എംവാസി പ്രത്യക്ഷപ്പെട്ടിരുന്നത്. ബ്രിട്ടീഷ് ശൈലിയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഇയാള്‍ മൂന്ന് അമേരിക്കക്കാരേയും രണ്ട് ബ്രിട്ടീഷുകാരേയും വധിക്കുന്ന വിഡിയോകളാണ് ഇതുവരെ പുറത്തുവന്നത്.

ലണ്ടനില്‍ കംമ്പ്യൂട്ടര്‍ പ്രോഗ്രാമറായ എംവാസി 2012 ലാണ് സിറിയയിലെത്തി ഐഎസില്‍ ചേര്‍ന്നതെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. നല്ല ഒഴുക്കോടെ മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്ന ഇദ്ദേഹവും കുടുംബവും 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുവൈത്തില്‍ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയതാണ്.

 

 

Scroll To Top