Thursday October 18, 2018
Latest Updates

മുണ്ടുടക്കല്‍ ‘ഫാഷനാക്കി’ ഐറിഷ് മലയാളികള്‍ ! ‘ചുട്ടു പൊള്ളുന്ന വെയിലത്ത് പിന്നെന്നാ ചെയ്യാനാ ?

മുണ്ടുടക്കല്‍ ‘ഫാഷനാക്കി’ ഐറിഷ് മലയാളികള്‍ ! ‘ചുട്ടു പൊള്ളുന്ന വെയിലത്ത് പിന്നെന്നാ ചെയ്യാനാ ?

ഡബ്ലിന്‍:ഡബ്ലിന്‍ നഗരം ഓരോ ദിവസവും മാറുകയാണ്.പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഡബ്ലിനില്‍ ഒരു ഏഷ്യക്കാരനെ കണ്ടെത്തുക അപൂര്‍വമായ കാര്യമായിരുന്നു.പഠിക്കാനായി ട്രിനിറ്റി കോളജില്‍ എത്തുന്നവരായിരുന്നു അക്കാലത്തെ ഏഷ്യക്കാര്‍.

ഡോക്റ്റര്‍മാരായും,മിഷനറിമാരായുമെത്തിയ ഏതാനം പേര്‍ മാത്രയിരുന്നു രണ്ടായിരാമാണ്ടിന് മുമ്പ് ഇന്ത്യയില്‍ നിന്നുള്ള അയര്‍ലണ്ടിലെ കുടിയേറ്റക്കാര്‍.

ഇപ്പോഴാവട്ടെ ഡബ്ലിന്‍ അടക്കമുള്ള അയര്‍ലണ്ടിലെ നഗരങ്ങളില്‍ ഏഷ്യന്‍ വംശജരുടെ എണ്ണം അനുദിനം കുതിച്ചുയരുകയാണ്.

സാംസ്‌കാരികമായ വൈവിധ്യത്തിന്റെ പ്രദര്‍ശനം ഡബ്ലിന്‍ നഗരത്തിലും ഇപ്പോള്‍ കാണാനാവും.

ഐറിഷ് തനിമയുള്ള വസ്തുവകകള്‍ മാത്രം വിറ്റിരുന്ന മൂര്‍ സ്ട്രീറ്റ് അടക്കമുള്ള തെരുവുകള്‍ ഏഷ്യന്‍ ആഫ്രിക്കന്‍ കച്ചവടക്കാര്‍ കൈയ്യേറിയിരിക്കുന്നു.നഗരത്തില്‍ ഷോപ്പിംഗിനെത്തുന്നവരില്‍ കൂടുതലും ഏഷ്യന്‍ വംശജരാണെന്ന തിരിച്ചറിവില്‍ പ്രധാന കച്ചവടക്കാരെല്ലാം ഏഷ്യന്‍ വിഭവങ്ങളും വില്‍പ്പനയ്ക്കെത്തിച്ചിട്ടുണ്ട്. ചക്കയും കപ്പയും വരെ മൂര്‍ സ്ട്രീറ്റില്‍ പതിവായി വില്‍പ്പനയ്ക്കെത്തുണ്ട്.ഒരു ചക്കയ്ക്ക് 200 യൂറോ(ഏകദേശം 16000 രൂപ)യാണ് വില.മലേഷ്യയില്‍ നിന്നാണ് പ്രധാനമായും ചക്കയെത്തുന്നത്. 

വേഷത്തിലും,ഭാഷയിലും മാത്രമല്ല ,സ്വാതന്ത്ര്യത്തിലും അയര്‍ലണ്ടിന്റെ തലസ്ഥാനം ഒരു അന്താരാഷ്ട്ര നഗരമാവുകയാണ്.രണ്ട് വര്‍ഷം മുമ്പ് സ്വവര്‍ഗ വിവാഹം അനുവദിച്ചതോടെ സ്വവര്‍ഗ ലൈംഗീക താത്പര്യമുള്ളവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യമായി.ചുണ്ടുരുമി ചുംബിച്ചു നില്‍ക്കുന്ന സ്വവര്‍ഗാനുരാഗികളെ ആണ്‍.പെണ്‍ വ്യത്യാസമില്ലാതെ നഗരത്തിലെമ്പാടും ഇപ്പോള്‍ കാണാനാവും.

വര്‍ണ്ണങ്ങളില്‍ നിറച്ചാര്‍ത്തൊരുക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും,പര്‍ദ്ദയണിഞ്ഞു നീങ്ങുന്ന അറേബ്യന്‍ സുന്ദരികളും നഗരത്തിന് പരിചിതമാണിപ്പോള്‍.സമ്മറിന്റെ വരവോടെ താപനില 25 ഡിഗ്രിയിലേയ്ക്ക് ഉയര്‍ന്നതോടെ പരമ്പരാഗത വേഷമായ മുണ്ടും ഷര്‍ട്ടുമണിഞ്ഞ നിരവധി മലയാളി യുവാക്കളെയും നഗരത്തില്‍ കണ്ടു.

ഓരോ ദിവസവും നഗരം മാറുകയാണ്.അയര്‍ലണ്ടിലെ കാലാവസ്ഥ പോലെ തന്നെ.ഇന്നലെയും, റോസ് കോമണ്‍ അടക്കം 15 കൗണ്ടികളില്‍ കനത്ത മഴ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും,ഡബ്ലിന്‍ മേഖല വെയിലില്‍ കത്തിക്കാളുകയായിരുന്നു.ലീമെറിക്കിലും ടിപ്പററി മേഖലയിലും മഴയുണ്ടായി.റോസ് ക്രിയയില്‍ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അപകടമുണ്ടായതായി എ എ റോഡ് വാച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

Scroll To Top