Thursday February 23, 2017
Latest Updates

മുഖ്യ പ്രതി ഡി വൈ എഫ് ഐ നേതാവ് :പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉമ്മന്‍ ചാണ്ടിയെ കാണണ്ടെന്ന് പോലിസ്

മുഖ്യ പ്രതി ഡി വൈ എഫ് ഐ നേതാവ് :പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉമ്മന്‍ ചാണ്ടിയെ കാണണ്ടെന്ന് പോലിസ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കല്ലെറിഞ്ഞ വ്യക്തിയെ തിരിച്ചറിഞ്ഞതായി പോലീസ്. ഡി വൈ എഫ് ഐ ശ്രീകണ്‍ഠാപുരം ബ്ലോക്ക് ട്രഷറര്‍ രാജേഷ് മുഖ്യമന്ത്രിയെ കല്ലെറിയുന്ന ദൃശ്യങ്ങളാണ് പോലീസ് ക്യാമറയില്‍ പതിഞ്ഞത്. ഇയാള്‍ ഒളിവിലാണ്. അതിനിടെ ആറ് പേരെ കൂടി ഇന്ന് പോലീസ് അറസ്റ്റ് ചെയതു. കേസുമായി ബന്ധപ്പെട്ട് അമ്പത് പേരെ കൂടി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കല്ലേറില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കാന്‍ ഇന്നലെ നേതാക്കളുടെ വന്‍ തിരക്കായിരുന്നു. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആശുപത്രിയിലെത്തുന്നത് പൊലീസ് വിലക്കി.

ഇന്നലെ രാവിലെയാണ് വി.എസ് ആശുപത്രിയിലെത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉച്ചയ്ക്ക് ശേഷവും ആശുപത്രിയിലെത്തി.

പിണറായി വിജയനും കോടിയേരിയും പന്ന്യനും ഒരുമിച്ച് രാവിലെ ആശുപത്രിയിലെത്താനാണ് പദ്ധതിയിട്ടിരുന്നത്. കോടിയേരി ബാലകൃഷ്ണന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിരുന്നു. ആലോചിച്ച ശേഷം തിരിച്ചു വിളിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. കുറച്ചു കഴിഞ്ഞ് തിരിച്ചുവിളിച്ച് ഇപ്പം വരേണ്ട എന്നറിയിക്കുകയായിരുന്നൂവെന്നാണ് പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്.

അതേസമയം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നോടെ പന്ന്യന്‍ രവീന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ കാണണമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നതായി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ പിന്നെ പറയാമെന്നാണ് പന്ന്യനെ മന്ത്രി അറിയിച്ചത്. തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി കെ. എസ്. ബാലസുബ്രമണ്യത്തെയും പന്ന്യന്‍ വിളിച്ചിരുന്നു. ഇതിനൊക്കെ ശേഷം ആശുപത്രിയിലേക്ക് വരികയായിരുന്നു പന്ന്യന്‍ പറഞ്ഞു.

ആഭ്യന്തര വകുപ്പിന്റെ സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയിലാണ് സി. പി. എം നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ചത്. എല്‍. ഡി. എഫ് നേതാക്കളുടെ സന്ദര്‍ശനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയാക്കും എന്ന സംശയത്തെ തുടര്‍ന്നാണ് നടപടിയെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിപൂര്‍ണ വിശ്രമത്തിലായിരുന്ന മുഖ്യമന്ത്രിക്ക് തിങ്കളാഴ്ച സന്ദര്‍ശകരുടെയും ഫോണ്‍കോളുകളുടെയും തിരക്കായിരുന്നു. സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഗവര്‍ണര്‍ നിഖില്‍ കുമാറും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുമാണ് സന്ദര്‍ശകരില്‍ പ്രധാനികള്‍.

ഇടയ്ക്ക് വിശ്രമിച്ച കുറച്ച് സമയം ഒഴിച്ച് മുഖ്യമന്ത്രി സഹപ്രവര്‍ത്തകരുമായും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായും ഫോണില്‍ സംസാരിക്കുന്നുമുണ്ടായിരുന്നു. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും സോണിയാ ഗാന്ധിയുടെയും ഫോണ്‍കോളുകള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

രാവിലെ സ്പീക്കര്‍ ജി. കാര്‍ത്തികേയനാണ് ആദ്യം എത്തിയത്. തുടര്‍ന്ന് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, ആര്യാടന്‍ മുഹമ്മദ്, കെ. സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഷിബു ബേബിജോണ്‍ എന്നിവരെത്തി. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍, മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍, എന്‍. പീതാംബരക്കുറുപ്പ് എം. പി, എം. എം. ഹസ്സന്‍, പന്തളം സുധാകരന്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, യുവജന ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ പി. എസ്. പ്രശാന്ത്, ഭാരതീപുരം ശശി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രിയെ കാണാനെത്തി.

ബി. ജെ. പി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭ സുരേന്ദ്രന്‍ പറഞ്ഞു. എം. എല്‍. എമാരായ ജോസഫ് വാഴയ്ക്കനും കെ. മുരളീധരന്‍, പാലോട് രവി, എം. എ. വാഹീദ്, വര്‍ക്കല കഹാര്‍, സെല്‍വരാജ്, പി. ടി. തോമസ് എം. പി, തമ്പാനൂര്‍ രവി എന്നിവരും ആശുപത്രിയിലെത്തി.

കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള കെ. ബി. ഗണേഷ്‌കുമാര്‍ എം. എല്‍. എയുടെ ഒപ്പമാണ് ആശുപത്രിയിലെത്തിയത്.

വൈകിട്ടായിരുന്നു കെ. പി. സി. സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ സന്ദര്‍ശനം ഡി. സി. സി പ്രസിഡന്റ് കെ. മോഹന്‍ കുമാര്‍, കരകുളം കൃഷ്ണപിള്ള എന്നിവരും മന്ത്രിമാരും ഉണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയാ ഉമ്മനും ചെറുമകന്‍ എഫിനോവ എന്നിവരും ആശുപത്രിയിലൊപ്പമുണ്ടായിരുന്നു.

Scroll To Top