Saturday April 29, 2017
Latest Updates

മുഖ്യമന്ത്രിക്കു നേരേ നടന്നത് വധശ്രമമെന്ന് പൊലീസ്: 18 പേര്‍ അറസ്റ്റില്‍

മുഖ്യമന്ത്രിക്കു നേരേ നടന്നത് വധശ്രമമെന്ന് പൊലീസ്:  18 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരേ നടന്നത് വധശ്രമമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ജില്ലാ പഞ്ചായത്തംഗം ഉള്‍പ്പെടെ 18 എല്‍ഡിഎഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 17 പേര്‍ സിപിഎം പ്രവര്‍ത്തകരും ഒരാള്‍ ആര്‍എസ്പി പ്രവര്‍ത്തകനുമാണ്. ഇവരെ നവംബര്‍ 11 വരെ റിമാന്‍ഡ് ചെയ്തു.

‘കൊല്ലെടാ എന്നു വിളിച്ചു പറഞ്ഞു കൊണ്ട് അക്രമികള്‍ മുഖ്യമന്ത്രിയുടെ കാറിനു മുന്‍പില്‍ ചാടിവീഴുകയായിരുന്നു. കല്ലും ഇരുമ്പുവടിയും മരക്കഷണവും ഉപയോഗിച്ച് കാറിന്റെ ഗ്ലാസുകള്‍ എറിഞ്ഞു പൊട്ടിച്ച് മുഖ്യമന്ത്രിയുടെ നെഞ്ചിലും നെറ്റിയിലും എറിഞ്ഞു പരുക്കേല്‍പ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ഒപ്പമുണ്ടായിരുന്ന ടി. സിദ്ദിഖിനെയും എറിഞ്ഞു പരുക്കേല്‍പ്പിച്ചു. മുഖ്യമന്ത്രിയുടെയും പൊലീസിന്റെയും വാഹനങ്ങള്‍ എറിഞ്ഞു തകര്‍ത്ത് അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തി. രാഷ്ട്രീയവിരോധംമൂലം സംഘം ചേര്‍ന്നു മുഖ്യമന്ത്രിയെ കൊലപ്പെടുത്താനുള്ള ശ്രമം കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്നു പൊലീസ് പറഞ്ഞു.

സിപിഎമ്മിന്റെ നാല് ഏരിയാ കമ്മിറ്റി അംഗങ്ങളും രണ്ടു ലോക്കല്‍ സെക്രട്ടറിമാരും ആര്‍എസ്പി ജില്ലാ ഭാരവാഹിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. മൂന്നുപേരെ അര്‍ധരാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ രാത്രി തന്നെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മുഖ്യമന്ത്രിയെ വകവരുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും അതിനായി ഡിവൈഎഫ്‌ഐഎല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണു പ്രതികളെ തിരിച്ചറിഞ്ഞത്. സിപിഎം നേതാക്കളും രണ്ട് എംഎല്‍എമാരുമുള്‍പ്പെടെ, കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും തിരിച്ചറിഞ്ഞ 26 പേരെ മാത്രമാണു പ്രതിചേര്‍ത്തിരിക്കുന്നത്. ഇതില്‍ ആദ്യത്തെ അഞ്ചു പ്രതികളുള്‍പ്പെടെ 11 പേരെ അറസ്റ്റ് ചെയ്തിട്ടില്ല.

ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം മാടായി ഏരിയാ അംഗവുമായ എം. കുഞ്ഞിരാമന്‍ (62), എളയാവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം എടക്കാട് ഏരിയാ അംഗവുമായ കെ. രാജീവന്‍ (53), തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാനും സിപിഎം ഏരിയാ അംഗവുമായ മുരളീധരന്‍ (48), അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് ബാങ്കിലെ ബില്‍ കലക്ടറും ഏരിയാ അംഗവുമായ പച്ചേന്‍ ഭാസ്‌കരന്‍ (62), സിപിഎം പുന്നോല്‍ ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോ െ്രെഡവറുമായ കോടിയേരി സ്വദേശി കെ.പി. മനോജ് (43), പെരിങ്ങളം ബ്രാഞ്ച് അംഗം എം.സി. ലിനേഷ് (32), സിപിഎം അംഗം കോടിയേരി സ്വദേശി ടി. രാഘവന്‍ (64), പൊതുവാച്ചേരി ബ്രാഞ്ച് സെക്രട്ടറിയും പുന്നോല്‍ സഹകരണ ബാങ്കിലെ വാച്ച്മാനുമായ സി. കൃഷ്ണന്‍ (56), പഴശി ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബു (50), എടയന്നൂര്‍ ലോക്കല്‍ സെക്രട്ടറി പി.സി. വിനോദന്‍ (53), തളിയില്‍ ബ്രാഞ്ച് സെക്രട്ടറി പി. രവീന്ദ്രന്‍ (48), ആര്‍എസ്പി ജില്ലാ സെക്രട്ടേറിയറ്റ് അംഗം സന്തോഷ് മാവില (45), സിപിഎം വടക്കുമ്പാട് ലോക്കല്‍ കമ്മിറ്റി അംഗം കെ. ഷാജി (39), പിണറായി ലോക്കല്‍ കമ്മിറ്റി അംഗം കെ.കെ. പ്രദീപന്‍ (46), പാര്‍ട്ടി അംഗം വെള്ളോറ സ്വദേശി ടി.വി. അനീഷ് (32) എന്നിവരാണ് ആദ്യം അറസ്റ്റിലായത്. മാലൂര്‍ സ്‌കൂള്‍ അധ്യാപകന്‍ വിനോദ് കുമാര്‍ (40), തലശേരി ടാക്‌സി െ്രെഡവര്‍മാരായ ഷാജി, രയരോത്ത് മുഹമ്മദ് എന്നിവരെയാണ് അര്‍ധരാത്രിയില്‍ അറസ്റ്റ് ചെയ്തത്.

ഇവരില്‍ ആദ്യ രണ്ടു പേര്‍ ആറും ഏഴും പ്രതികളാണ്. മറ്റുള്ളവര്‍ പ്രതിപ്പട്ടികയില്‍ 14 മുതല്‍ 26 വരെ സ്ഥാനത്തും. എംഎല്‍എമാരായ സി. കൃഷ്ണന്‍, കെ.കെ. നാരായണന്‍, ഡിവൈഎഫ്‌ഐ നേതാക്കളായ പി.കെ. ശബരീഷ് കുമാര്‍, ബിനോയ് കുര്യന്‍, ബിജു കണ്ടക്കൈ എന്നിവര്‍ക്കെതിരെ കേസുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.

ഡ്യൂട്ടിയിലുണ്ടായിരുന്ന വെള്ളരിക്കുണ്ട് സിഐ എം.വി. അനില്‍ കുമാര്‍, കണ്ണൂര്‍ സ്‌റ്റേഷനിലെ അഡീഷനല്‍ എസ്‌ഐ രാജന്‍, പൊലീസ് െ്രെഡവര്‍ രതീഷ്, എആര്‍ പൊലീസുകാരന്‍ അജിനാസ് എന്നിവരെയും അക്രമികള്‍ കല്ലെറിഞ്ഞു പരുക്കേല്‍പ്പിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുഖമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ആശുപത്രി വിടും. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് കാര്‍ അനുവദിക്കാനും തീരുമാനമായി.

Scroll To Top