Friday August 18, 2017
Latest Updates

മീനിന്’ പിടി മുറുക്കി ബ്രിട്ടന്‍ ;അയര്‍ലണ്ടിനെയും ബാധിക്കും 

മീനിന്’ പിടി മുറുക്കി ബ്രിട്ടന്‍ ;അയര്‍ലണ്ടിനെയും ബാധിക്കും 

ഡബ്ലിന്‍ :ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ മല്‍സ്യസമ്പത്തിലും ബ്രിട്ടന്‍ പിടിമുറുക്കുന്നു.ബ്രിട്ടന്റെ പുതിയ മല്‍സ്യ ബന്ധന നയത്തിലാണ് ഇതിനുള്ള സൂചനകള്‍.ബ്രിട്ടന്റെ തീരത്തുനിന്നും ആറുമുതല്‍ 12മൈലുകളില്‍ വരെ മല്‍സ്യ ബന്ധനത്തിന് ചില യൂറോപ്യന്‍ രാജ്യങ്ങളെ അനുവദിച്ചിരുന്നു. ഈ ഇളവ് പിന്‍ലിക്കുന്നതാണ് പുതിയ നയമെന്ന് പരിസ്ഥിതി സെക്രട്ടറി മൈക്കിള്‍ ഗോവ് പറഞ്ഞു.അയര്‍ലണ്ടിനേയും വളരെ ദോഷകരമായി ബാധിക്കുന്നതാണ് ബ്രിട്ടന്റെ ഈ പിന്മാറ്റം.
1964ലെ ലണ്ടന്‍ ഫിഷറീസ് കണ്‍വെന്‍ഷന്‍ ഉടമ്പടിയില്‍ നിന്നും രണ്ട് വര്‍ഷത്തേക്കു വിട്ടുനില്‍ക്കാനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് ഗോവ് പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ ചേരുന്നതിനു മുമ്പുള്ളതാണ് ഈ ഉടമ്പടി. ഇതു പ്രകാരം ഫ്രാന്‍സ്,ബെല്‍ജിയം,ജര്‍മനി,നെതര്‍ലണ്ട് എന്നീ രാജ്യങ്ങള്‍ക്ക് ബ്രിട്ടന്‍ തീരത്ത് മല്‍സ്യബന്ധനത്തിന് അനുമതി നല്‍കിയിരുന്നു.ഈ ഇളവാണ് ഇപ്പോള്‍ പിന്‍വലിക്കുന്നത്.
കഴിഞ്ഞ 50ലേറെ വര്‍ഷങ്ങളായി ലണ്ടന്‍ ഫിഷറീസ് കണ്‍വെന്‍ഷന്‍ ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റം ആലോചിക്കുകയാണ്.ഇതില്‍ നിന്നും പിന്മാറിയതോടെ ബ്രിട്ടന്റെ അതിരുകള്‍ തീരുമാനിക്കാന്‍ ഞങ്ങള്‍ക്കാകും.ഫ്രാന്‍സ് ,അയര്‍ലണ്ട് എന്നിവയുമായി പങ്കിടുന്ന 200മൈല്‍ വരെയുള്ള ദൂരത്തിന് ബ്രിട്ടന് അവകാശമുണ്ടാകും.യൂറോപ്യന്‍ യൂണിയന്‍ വിടുന്ന സാഹചര്യത്തില്‍ ഗര്‍ഹിക മല്‍സ്യബന്ധ നയം രൂപീകരിക്കുന്നതിനുള്ള നിര്‍ണായക ചുവട് വെയ്പാണ് ഈ തീരുമാനമെന്നും ഗോവ് ബിബിസിയോട് പറഞ്ഞു.അയര്‍ലണ്ട് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങള്‍ ബ്രിട്ടന്‍ തീരത്തു നിന്നും 2015ല്‍ മാത്രം 10000 ടണ്‍ മല്‍സ്യം പിടിച്ചുവെന്നാണ് കണക്കെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തി.
ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ അത്ഭുതപ്പെടുത്തുന്നതല്ല ബ്രിട്ടീഷ് സര്‍ക്കാര്‍ സമീപനമെങ്കിലും തീര്‍ത്തും സഹായകമല്ലാത്ത നിലപാടണതെന്ന് കൃഷിമന്ത്രി മാരീന്‍ മൈക്കിള്‍ ക്രീഡ് അഭിപ്രായപ്പെട്ടു.അതിനാല്‍ ഇതിനെ സ്വാഗതം ചെയ്യാനാവില്ല.യൂറോപ്യന്‍ യൂണിയന്റെ പൊതു ഫിഷറീസ് നയവുമായി ബന്ധപ്പെട്ടതാണ് അയര്‍ലണ്ടിന്റെ നിലപാട്. അതുപ്രകാരം ബ്രിട്ടന്‍ തീരത്തിനു നിന്നും 12 മൈല്‍ അടുത്തുവരെ മല്‍സ്യ ബന്ധനത്തിന് അയര്‍ലണ്ടിന് സാധിക്കും.അതുപോലെ നേരെ തിരിച്ചും.

Scroll To Top