Thursday April 27, 2017
Latest Updates

മാവേലിക്കര ആരെ തുണയ്ക്കും ?കുട്ടനാട് പാക്കേജ് ഫലത്തെ സ്വാധീനിക്കുമെന്ന് വാട്ടര്‍ഫോര്‍ഡിലെ പ്രേംജി സോമന്‍

മാവേലിക്കര ആരെ തുണയ്ക്കും ?കുട്ടനാട് പാക്കേജ് ഫലത്തെ സ്വാധീനിക്കുമെന്ന് വാട്ടര്‍ഫോര്‍ഡിലെ പ്രേംജി സോമന്‍

മാവേലിക്കര മണ്ഡലത്തിലെ കുട്ടനാട്ടുകാരനായ എനിക്ക് രാഷ്ട്രീയമായ ശക്തമായ നിലപാടുകളാണ് ഉള്ളത്.ഏതൊരു രാജ്യ സ്‌നേഹിയെയും പോലെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് ശക്തവും സുധീരവുമായ ഒരു നേതൃത്വം ഉയര്‍ന്നുവരണമെന്ന ആഗ്രഹം എനിക്കുമുണ്ട്.എന്നാല്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ ഒന്നും ജനാഭിലാഷത്തെ പൂര്‍ത്തീകരിക്കുകയും ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്തു എന്ന് ഞാന്‍ കരുതുന്നതെയില്ല.

ഇലക്ഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞും ഞാന്‍ എന്റെ ഗ്രാമമായ കുന്നങ്കരിയില്‍ പോയിരുന്നു.പല സുഹൃത്തുക്കളും അവരുടെ പഴയ രാഷ്ട്രീയ നിലപാടുകളില്‍ നിന്നും പിന്‍വലിഞ്ഞു നില്ക്കുന്ന കാഴ്ചയാണ് മാവേലിക്കരയില്‍ കണ്ടത്.യൂ ഡി എഫ് സ്ഥാനാര്‍ഥി സമീപ കാലത്ത് ഉയര്‍ത്തിയ വിവാദങ്ങളോടൊപ്പം,എല്‍ഡി എഫിന്റെ ചില നിലപാടുകളും ഇതിനു കാരണമായിട്ടുണ്ട്.

വ്യക്തിപരമായി ഞാന്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നത് പോലെ കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിലെ നിരവധി യുവജനങ്ങള്‍ അവരുടെ പഴയ താവളങ്ങള്‍ വിട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ താരോദയമായ ആം ആദ്മിയെ പിന്തുണയ്ക്കുന്ന കാഴ്ച്ച നാട്ടിലെങ്ങും ഉണ്ട്.മുഖ്യധാരാ മാധ്യമങ്ങള്‍ എത്ര അവഗണിച്ചാലും ആം ആദ്മി പാര്‍ട്ടി മത്സരിക്കുന്ന സ്ഥലങ്ങളില്‍ അവര്‍ക്ക് ലഭിക്കുന്ന വോട്ടുകളാവും ഇടതു വലതു സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണ്ണയിക്കുക എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

ഇത്തവണ പഴയ അടൂര്‍ മണ്ഡലം പേരും രൂപവും മാറിയതാണ് ഇപ്പോഴത്തെ മാവേലിക്കര മണ്ഡലം. കായംകുളം, പന്തളം, തിരുവല്ല, കല്ലൂപ്പാറ, ആറന്മുള, ചെങ്ങന്നൂര്‍, മാവേലിക്കര നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട അടൂര്‍ മണ്ഡലം 2008 ലെ മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷമാണ് മാവേലിക്കര മണ്ഡലം രൂപപ്പെട്ടത്. പഴയ അടൂരില്‍ നിന്നും ഇപ്പോള്‍ രൂപം മാറിയ മാവേലിക്കരയില്‍ നിന്നും ആര്‍ ബാലകൃഷ്ണ മുതല്‍ രമേശ് ചെന്നിത്തല വരെയുള്ള പ്രമുഖര്‍ ലോക്‌സഭയില്‍ എത്തിയിട്ടുണ്ട്. ഇടതുപക്ഷത്ത് നിന്ന് സിഎസ് സുജാതയും ചെങ്ങറ സുരേന്ദ്രനും ഈ മണ്ഡലത്തില്‍ നിന്ന് സഭയില്‍ എത്തിയിട്ടുണ്ട്. പഴയ അടൂരില്‍ നിന്നും ഇപ്പോള്‍ മാവേലിക്കര ആയി രൂപം മാറിയ മണ്ഡലത്തില്‍ നിന്നും കൊടിക്കുനില്‍ സുരേഷ് തന്നെയാണ് കൂടുതല്‍ തവണ പാര്‍ലമെന്റില്‍ എത്തിയിട്ടുള്ളത്. നിലവില്‍ സംവരണ മണ്ഡലമാണ് മാവേലിക്കര. കൊടിക്കുന്നിലിന് എതിരെ മത്സരിക്കുന്ന ചെങ്ങറ സുരേന്ദ്രന്‍ കൊടിക്കുന്നിലിനെ തന്നെ പരാജയപ്പ്‌പെടുത്തി രണ്ട് തവണ അടൂരില്‍ നിന്ന് വിജയിച്ചിട്ടുണ്ട്.

മണ്ഡലത്തിലെ പഴയ ഫലങ്ങള്‍ പരിശോധിച്ചാല്‍ സിപിഐ സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും ഇവിടെ നിന്ന് മാറി മാറി വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മണ്ഡലത്തിന്റെ മനസ് ആര്‍ക്കൊപ്പമെന്ന പ്രവചനം അസാധ്യം. 1989, 1991,1996, 1999 വര്‍ഷങ്ങളില്‍ ഇപ്പോള്‍ മാവേലിക്കരയായ പഴയ അടൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച കൊടിക്കുന്നില്‍ 1998, 2004 വര്‍ഷങ്ങളില്‍ പരാജയം അറിഞ്ഞു. ഇപ്പോള്‍ കൊടിക്കുന്നിലിനെതിരെ മത്സരിക്കുന്ന ചെങ്ങറ സുരേന്ദ്രനാണ് രണ്ട് തവണയും വിജയിച്ചത്. 2009 ല്‍ സിപിഐയുടെ ആര്‍എസ് അനിലിനെ പരാജയപ്പെടുത്തിയാണ് കൊടിക്കുന്നില്‍ മണ്ഡലം തിരികെ പിടിച്ചത്. പരസ്പരം പരാജയപ്പെടുത്തിയിട്ടുള്ള സ്ഥാനാര്‍ത്ഥികള്‍ ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍ എട്ടുമുടുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്ന് കണ്ടറിയണം.

തിരുവനന്തപുരം ജില്ലയിലെ കൊടിക്കുന്നിലില്‍ സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച കൊടിക്കുന്നില്‍ സുരേഷ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കോണ്‍ഗ്രസില്‍ വരുന്നത്. നിയമബിരുദദാരിയായ കൊടിക്കുന്നില്‍ വളരെ താഴ്ന്ന നിലയില്‍ നിന്ന് കേന്ദ്രമന്ത്രി പടം നേടിയെടുക്കുന്ന നിലയില്‍ വളര്‍ച്ച നേടിയത് അദ്ദേഹത്തിന്റെ പരിശ്രമം കൊണ്ട് മാത്രമാണ്. മന്‍മോഹന്‍ സിംഗ് മന്ത്രിസഭയുടെ അവസാന പുനസംഘടനയിലാണ് കൊടിക്കുന്നില്‍ തൊഴില്‍ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായത്. ഇത്തവണ മാവേലിക്കരയില്‍ നിന്ന് വീണ്ടും ജനവിധി തേടുമ്പോള്‍ മന്ത്രിയെന്ന പ്രതിഛായ കൊടിക്കുന്നിലിന് അനുകൂലഘടകമാകും. എന്‍എസ്എസ് നേതൃത്വവുമായുള്ള അടുപ്പവും കൊടിക്കുന്നിലിന് പ്രയോജനം ചെയ്യും. എന്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചങ്ങനാശ്ശേരി കൂടി ഉള്‌പ്പെടുന്ന മണ്ഡലത്തില്‍ നിന്ന് കൊടിക്കുന്നിലിന് എന്‍എസ്എസ് വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി വ്യക്തിപരമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ് കൊടിക്കുന്നില്‍.

മണ്ഡലത്തില്‍ പ്രബല സമുദായമായ കെപിഎംഎസിന്റെ പിന്തുണയും കൊടിക്കുന്നിലിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സമുദായ അംഗം കൂടിയായ കൊടിക്കുന്നില്‍ കെപിഎംഎസ് നേതൃത്വവുമായും അടുത്ത ബന്ധം പുലര്‍ത്തുന്നു. അതുകൊണ്ട് തന്നെ കാര്യമായ പ്രതികൂല ഘടകങ്ങള്‍ ഇല്ലാതെ കൊടിക്കുന്നില്‍ ഉത്തവണയും സീറ്റ് നിലനിര്‍ത്തുമെന്നാണ് കോണ്‍ഗ്രസ് നേത്രുത്വവും പ്രതീക്ഷിക്കുന്നത്.

എന്നാല്‍ സോളാര്‍ വിവാദ നായിക ശാലു മേനോനുമായി കൊടിക്കുന്നിലിനുള്ള അടുപ്പം പ്രചാരണ ആയുധമാക്കി വിജയം കൈപ്പിടിയില്‍ ഒതുക്കാമെന്നാനു ഇടതുപക്ഷം കരുതുന്നത്. ശാലു മേനോന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അംഗത്വം നേടിക്കൊടുത്തത് കൊടിക്കുന്നിലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇരുവരുടെയും ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുകയും കൊടിക്കുന്നില്‍ അതിനെതിരെ പരാതി നല്കുകയും ചെയ്തിരുന്നു. സോളാര്‍ വിവാദവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള ഹൈക്കോടതി പരാമര്‍ശവും ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷം പ്രചരണം നയിക്കുന്നത്. രണ്ട് തവണ കൊടിക്കുന്നിലിനെ പരാജയപ്പെടുത്തിയ ചെങ്ങറ സുരേന്ദ്രന്‍ കൊടിക്കുന്നിലിന് ശക്തനായ എതിരാളിയാണ്. കര്‍ഷകരും സാധാരണക്കാരും ഏറെയുള്ള മണ്ഡലത്തില്‍ കര്‍ഷക കുടുംബത്തില്‍ നിന്നാണ് ചെങ്ങറ സുരേന്ദ്രനും പൊതുരംഗത്ത് വരുന്നത്. സിപിഐയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐവൈഎഫിലൂടെയാണ് ചെങ്ങറ സുരേന്ദ്രന്‍ സിപിഐ നേതൃത്വത്തിലേക്ക് ഉയരുന്നത്. നിലവില്‍ സിപിഐയുടെ സംസ്ഥാന കൌണ്‍സില്‍ അംഗവും ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയുമാണ് ചെങ്ങറ സുരേന്ദ്രന്‍.

ആം ആദ്മി പാര്‍ട്ടിയും, മാവേലിക്കരയില്‍ മത്സരിക്കുന്നതില്‍ മൂന്നാമതായുള്ളത്.ഇത്തവണ ബി ജെ പി യേക്കാള്‍ വോട്ട് ഇവിടെ ആം ആദ്മി പാര്‍ട്ടി നേടിയേക്കും .എറണാകുളം ഒന്നാം ക്‌ളാസ് അഡീഷണല്‍ ജില്ലാ ജഡ്ജിയായി വിരമിച്ച എന്‍ സദാനന്ദനാണ് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി. നിലവില്‍ സീനിയര്‍ സിറ്റിസന്‍സ് ഫോറം ആലപ്പുഴ ജില്ലാ ഘടകത്തിന്റെ വൈസ് പ്രസിഡന്റായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. അഴിമതി വിരുദ്ധ സമരങ്ങളില്‍ ആകൃഷ്ടനായാണ് അദ്ദേഹം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

അഡ്വ. പി സുധീറാണ് ബിജെപി സ്ഥാനാര്‍ത്ഥി. കൂടുതല്‍ വോട്ട് നേടി നില മെച്ചപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം.

കോടിക്കണക്കിനു രൂപ ചിലവിട്ട് നടപ്പാക്കുന്ന കുട്ടനാട് പാക്കേജ് പോലെയുള്ള വലിയ പദ്ധതികള്‍ക്ക് പോലും യാതൊരു പ്രയോജനവും മാവേലിക്കര മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്നില്ല എന്നത് ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ വിലയിരുത്തും.അതിനു നേതൃത്വം നല്‍കിയവര്‍ ഏതു മുന്നണിക്കാരായാലും ജനം പരാജയപ്പെടുത്താനാണ് സാധ്യത.പക്ഷെ ഏതു തെറ്റുകളെയും ക്ഷമിക്കാന്‍ പറ്റുന്ന ഒരു ജനസമൂഹമുള്ളപ്പോള്‍ രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്ന് പറയുന്നത് പോലെ മാവേലിക്കരയിലും ആരും ജയിക്കാം എന്നാണ് എന്റെ അഭിപ്രായം

Scroll To Top