Thursday July 27, 2017
Latest Updates

മാലിന്യം നീക്കാന്‍ പണം; സര്‍ക്കാര്‍ പദ്ധതി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ‘വേസ്റ്റ് ബോക്സി’ല്‍ തട്ടി

മാലിന്യം നീക്കാന്‍ പണം; സര്‍ക്കാര്‍ പദ്ധതി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ‘വേസ്റ്റ് ബോക്സി’ല്‍ തട്ടി

ഡബ്ലിന്‍ :മാലിന്യം നീക്കാനും പണം ഈടാക്കാനുള്ള സര്‍ക്കാര്‍ പദ്ധതി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ‘നടപ്പാക്കില്ല.60,000 കുടുംബങ്ങളുടെ പ്രതിമാസ ജീവിതച്ചെലവ് 17യൂറോ വീതം വര്‍ധിപ്പിക്കുന്ന പദ്ധതിയെയാണ് കൗണ്‍സില്‍ നിരാകരിച്ചത്.പദ്ധതിക്കെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സെപ്തംബര്‍ മുതല്‍ ബിന്‍ ചാര്‍ജുകള്‍ നിലവില്‍ വരുത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം.

ഡബ്ലിന്‍ കൗണ്‍സിലിലെ തിരിച്ചടിയുടെ സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിക്കാനോ നടപ്പാക്കാനോ ആവാതെ സമ്മര്‍ദത്തിലായിരിക്കുകയാണ് സര്‍ക്കാര്‍.പുതിയ ചാര്‍ജ് ഉപേക്ഷിക്കണമെന്നാവശ്യപ്പെടുന്ന ഷീന്‍ ഫെയ്ന്റെ അടിയന്തര പ്രമേയത്തെ ഡബ്ലിന്‍ സിറ്റി കൗണ്‍സിലിലെ ഭൂരിപക്ഷവും പിന്താങ്ങുകയായിരുന്നു.

സര്‍ക്കാര്‍ നീക്കം പരാജയപ്പെട്ട സാഹചര്യം ബന്ധപ്പെട്ടവര്‍ പ്രധാനമന്ത്രി ലിയോ വരദ്കറെ അറിയിച്ചു. അനൗപചാരിക മന്ത്രിസഭായോഗവും ഇക്കാര്യം ചര്‍ച്ച ചെയ്തു.പ്രതിവാര മന്ത്രിസഭായോഗം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യുഡ്യുവിന്റെ പര്യടനം പരിഗണിച്ച് ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു.
മാലിന്യ പ്രശ്നത്തില്‍ സര്‍ക്കാര്‍ ശരിക്കും സമ്മര്‍ദത്തിലാണ്.നിലവിലുള്ള കമ്പനിയുമായുള്ള ധാരണ ജൂലൈ ഒന്നിന് അവസാനിച്ചതാണ്. അത് പുതുക്കാന്‍ കഴിയുന്നില്ല.ഫിനാ ഫെയ്ല്‍ അടക്കമുള്ള പ്രതിപക്ഷം ഒന്നടങ്കം പദ്ധതിയെ എതിര്‍ക്കുകയും ചെയ്യന്നുവെന്നതാണ് സര്‍ക്കാരിനെ കുഴക്കുന്നത്. ഇക്കാര്യത്തില്‍ അനുരഞ്ജനത്തിനുള്ള സാധ്യതയും സര്‍ക്കാര്‍ തേടുന്നുണ്ട്.

മാലിന്യ വ്യവസായത്തില്‍ റഗുലേറ്റര്‍ സംവിധാനം കൊണ്ടുവരണമെന്നാണ് ഫിനാഫെയ്ലിന്റെ ആവശ്യം. നിരക്ക് നിശചയിക്കാനുള്ള അവകാശം അതിനു നല്‍കണമെന്നും ഫിനഫെയ്ല്‍ നിര്‍ദേശിച്ചിരുന്നു.ഈ ആവശ്യം അംഗീകരിച്ച് ഫിനാഫെയ്ല്‍ മുഖേന പുതിയ പ്രമേയം കൊണ്ടുവന്ന് പാസ്സാക്കിയെടുക്കാനുള്ള ബദല്‍ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.

Scroll To Top