Wednesday August 15, 2018
Latest Updates

മാര്‍പ്പാപ്പയുടെ അയര്‍ലണ്ട് സന്ദര്‍ശനം;ആവശ്യമായത് 10000 വളണ്ടിയര്‍മാര്‍,രജിസ്റ്റര്‍ ചെയ്തത് 2500 മാത്രം

മാര്‍പ്പാപ്പയുടെ അയര്‍ലണ്ട് സന്ദര്‍ശനം;ആവശ്യമായത് 10000 വളണ്ടിയര്‍മാര്‍,രജിസ്റ്റര്‍ ചെയ്തത് 2500 മാത്രം

ഡബ്ലിന്‍:ആഗസ്തില്‍ നടക്കുന്ന ലോക കുടുംബ സംഗമത്തിനായി അയര്‍ലണ്ടിലേക്ക് എത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2500 വളണ്ടിയര്‍മാര്‍.പതിനായിരം വോളണ്ടിയര്‍മാരാണ് പാപ്പായുടെ സന്ദര്‍ശനത്തിന് ആവശ്യമായി വേണ്ടത്.

പാപ്പായെ വരവേല്ക്കാന്‍ ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്താന്‍ നിരവധി വിശ്വാസികളാണ് ഇപ്പോള്‍ വളണ്ടിയര്‍മാരാവാന്‍ മുന്നോട്ടു വന്നു കൊണ്ടിരിക്കുന്നത്.അടുത്ത ആഴ്ചകളില്‍ കൂടുതല്‍ വോളണ്ടിയര്‍മാര്‍ മുന്നോട്ടു വരുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.വോളണ്ടിയറായി രജിസ്റ്റര്‍ ചെയ്യുന്നതിന് മെയ് 31 വരെ അവസരമുണ്ട്.

വളണ്ടിയര്‍മാരാണ് ഈ സംഗമത്തിന്റെ കരുത്ത് എന്നായിരുന്നു സംഘാടകരുടെ പ്രതികരണം.ഇന്ത്യ അടക്കമുള്ള വിവിധരാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ കുടിയേറി താമസിക്കുന്ന നൂറുകണക്കിന് പേര്‍ വോളണ്ടിയര്‍മാരായുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ ആയിരത്തിലധികം വളണ്ടിയര്‍മാരെ ഈ വര്‍ഷം അധികമായി ആവശ്യമുണ്ട്.

ആഗസ്ത് 21 മുതല്‍ 26 വരെയാണ് ഡബ്ലിനില്‍ ലോക കുടുംബ സംഗമം നടക്കുന്നത്. ‘വിവാഹവും കുടുംബ ജീവിതവും നമ്മുടെ സഭയുടെയും സമൂഹത്തിന്റെയും മൂലസ്തംഭമാണെന്ന് പ്രതിഫലിപ്പിക്കുകയും പ്രാര്‍ത്ഥനയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബങ്ങളെ ഒന്നിച്ചു ചേര്‍ക്കുകയും ചെയ്യുന്ന മഹാസമ്മേളനമാണ് ലോക കുടുംബസംഗമം.

ആഗസ്റ്റ് 22,23,24 തീയതികളില്‍ ഉത്ഘാടന പരിപാടികള്‍ ആര്‍ ഡി എസിലും,25 ന് ക്രോര്‍ക്ക് പാര്‍ക്കിലും(ഫാമിലി ഫെസ്റ്റ്) 26 ന് സമാപന സമ്മേളനവും വിശുദ്ധ കുര്‍ബാനയും ഫീനിക്‌സ് പാര്‍ക്കിലുമാണ് നടത്തപ്പെടുന്നത്.

വേള്‍ഡ് ഫാമിലി മീറ്റിന്റെ ആദ്യ ദിവസത്തെ മുഖ്യപ്രസംഗകനും വിശുദ്ധ ബലിയിലെ മുഖ്യ കാര്‍മ്മികനും മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രെഷ്യസാണ്.ക്രോര്‍ക്ക് പാര്‍ക്കിലെയും,ഫീനിക്‌സ് പാര്‍ക്കിലെയും പരിപാടികള്‍ക്കാണ് മാര്‍പ്പാപ്പയുടെ സാന്നിധ്യം ഉറപ്പാക്കിയിരിക്കുന്നത്.മറ്റു ദിവസങ്ങളിലെ പരിപാടികളിലെ പാപ്പയുടെ സാന്നിധ്യം പിന്നീട് അറിയിക്കും.

ഡബ്ലിന്‍ നഗരത്തെ വര്‍ണ്ണാഭമാക്കി കൊണ്ട് വിവിധ എക്‌സിബിഷനുകള്‍, സാംസ്‌കാരിക പരിപാടികള്‍, സംഗീത പരിപാടികള്‍ എന്നിവയെല്ലാം അടങ്ങുന്നതാണ് സംഗമം.

ആഗസ്ത് 25 ന് കുടുംബങ്ങളുടെ ഉത്സവത്തോടെ ഔപചാരികമായി സംഗമം അവസാനിക്കും. ശേഷം 26 ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് പങ്കെടുക്കുന്നത്.

ഫാമിലി മീറ്റില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ടിക്കറ്റുകള്‍ പൊതു വെബ്‌സൈറ്റില്‍ കൂടിയും,ദേവാലയങ്ങള്‍ വഴിയും ലഭ്യമാണ്.സെമിനാറുകള്‍ക്ക് പ്രവേശനഫീസ് നിശ്ചയിച്ചിട്ടുണ്ട്.

വോളണ്ടിയറായി രജിസ്റ്റര്‍ ചെയ്യുന്നതിന് താഴെയുള്ള ലിങ്കില്‍ കൂടി അപേക്ഷിക്കാം.തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രത്യേക ട്രെയിനിംഗ് നല്കപ്പെടുമെന്നും സംഘാടകര്‍ അറിയിച്ചു.

https://app.betterimpact.com/PublicOrganization/2a37d139-c5c6-49ee-b672-e301a544ac55/1

ഐറിഷ് മലയാളി ന്യൂസ്

Scroll To Top