Monday October 22, 2018
Latest Updates

മാതൃ സന്നിധിയിലേക്ക് ആയിരങ്ങള്‍ തീര്‍ത്ഥയാത്രയായെത്തി,അയര്‍ലണ്ടിലെ മലയാളി ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസ പ്രഖ്യാപനമായി നോക്ക് മരിയന്‍ തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായി

മാതൃ സന്നിധിയിലേക്ക് ആയിരങ്ങള്‍ തീര്‍ത്ഥയാത്രയായെത്തി,അയര്‍ലണ്ടിലെ മലയാളി ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസ പ്രഖ്യാപനമായി നോക്ക് മരിയന്‍ തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായി

നോക്ക്:കൃതജ്ഞതാസ്തോത്രങ്ങളും ,മരിയസ്തുതികളുമുയര്‍ത്തി അയര്‍ലണ്ടിലെ മലയാളി സമൂഹം നോക്കിലേയ്ക്ക് നടത്തിയ തീര്‍ഥയാത്ര ഭക്തസാന്ദ്രമായി.ഏറ്റവും ശക്തയായ സ്വര്‍ഗീയ മധ്യസ്ഥയായ പരിശുദ്ധ അമ്മയുടെ പാദാന്തികത്തില്‍ പ്രാര്‍ഥനകള്‍ അര്‍പ്പിക്കാനും,അനുഗ്രഹങ്ങള്‍ നേടുവാനും അയര്‍ലണ്ടിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികള്‍ നോക്ക് മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ എത്തിയിരുന്നു.

അയര്‍ലണ്ടിലെ സുറിയാനികത്തോലിക്കാ സമുദായാംഗങ്ങള്‍ക്കൊപ്പം മാതൃ സന്നിധിയില്‍ വിശ്വാസമര്‍പ്പിക്കുന്ന ഇതര സമുദായാംഗങ്ങളും തീര്‍ഥയാത്രയില്‍ പങ്കെടുത്തു എന്നത് ശ്രദ്ധേയമായി.

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നുള്‍പ്പെടെ ഐറിഷ് ഉപദ്വീപിന്റെ വിവിധ കേന്ദ്രങ്ങളിലായുള്ള മാസ് സെന്ററുകള്‍ കേന്ദ്രീകരിച്ച് ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച തീര്‍ത്ഥയാത്രകള്‍ നോക്കിലെത്തിയതോടെ 11 മണിയ്ക്ക് ആരംഭിച്ച വിശുദ്ധ കുര്‍ബാനയ്ക്ക് ദിവ്യബലിയ്ക്ക് സീറോ മലബാര്‍ സഭയുടെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മികത്വം വഹിച്ചു. സഭയുടെ നാഷ്ണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍സിഞ്ഞോര്‍. ആന്റണി പെരുമായന്‍ (ബെല്‍ഫാസ്റ്റ്), ചാപ്ലൈന്മാരായ ഫാ.സെബാസ്റ്റ്യന്‍ അറയ്ക്കല്‍(കോര്‍ക്ക്),ഫാ.ആന്റണി ചീരംവേലി(ഡബ്ലിന്‍)ഫാ. ജോസഫ് കറുകയില്‍ (ഡെറി),ഫാ.റോബിന്‍ തോമസ് (ലീമെറിക്ക്)ഫാ.റെജി കുര്യന്‍ (ലോംഗ് ഫോര്‍ഡ്) ഫാ.പോള്‍ മൊറേലി(ബെല്‍ഫാസ്റ്റ്)എന്നിവരും ഫാ.ജോര്‍ജ് പുലിമലയില്‍(ഡബ്ലിന്‍),ഫാ.അബ്രാഹം കുളമാക്കല്‍(ചേന്നാട്,പാലാ) എന്നിവര്‍ സഹ കാര്‍മ്മികര്‍ ആയിരുന്നു

യഥാര്‍ഥ വിശ്വാസികള്‍ക്ക് മരണസംസ്‌കാരത്തെ വെറുത്ത് ഉപേക്ഷിക്കുന്നവരും,അവയ്‌ക്കെതിരെ നിലനില്‍ക്കുന്നവരുമായി വേണം സ്വര്‍ഗീയോന്മുഖമായ ലക്ഷ്യത്തിലേക്ക് നടന്നടുക്കേണ്ടതെന്ന് വചനസന്ദേശം നല്കിയ ബിഷപ് മാര്‍ ചിറപ്പണത്ത് ആഹ്വാനം ചെയ്തു.കാനായിലെ മനുഷ്യസഹനത്തിനിലും,കാല്‍വരിയിലെ ദൈവീകസഹനത്തിലും പങ്കാളിത്വം വഹിച്ച പരിശുദ്ധയമ്മ ജീവിതത്തില്‍ നമുക്ക് മാതൃകയാവണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഫാ.ക്ലമന്റ് പാടത്തിപറമ്പില്‍ തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച പരിപാടികള്‍ക്ക് കോമ്പയറായിരുന്നു.

ഫാ.ജോസ് ഭരണികുളങ്ങരയുടെയും,വിവിധ സോണുകളില്‍ നിന്നുള്ള സഭാ ഭാരവാഹികളും പരിപാടികള്‍ക്ക് ക്രമീകരണ നേതൃത്വം വഹിച്ചു.

പൗരോഹിത്യ റൂബി ജൂബിലി ആഘോഷിക്കുന്ന സീറോ മലബാര്‍ സഭയുടെ ഡബ്ലിനിലെ ചാപ്ല്യന്‍ ഫാ.ആന്റണി ചീരംവേലിയെ, ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് അയര്‍ലണ്ടിലെ സഭാമക്കളുടെ ആദരം അറിയിച്ചു.

പ്രസന്നമായ  കാലാവസ്ഥയില്‍  മൂവായിരത്തോളം പേര്‍ നോക്കില്‍ എത്തിയിരുന്നു .ഡബ്ലിനിലെ എല്ലാ മാസ് സെന്ററുകള്‍,ഡബ്ലിനിലെ എല്ലാ മാസ് സെന്ററുകള്‍,ബെല്‍ഫാസ്റ്റ് ,കോര്‍ക്ക് ,സ്ലൈഗോ ഗാള്‍വേ,ലിമറിക്ക് , ,കില്‍ഡയര്‍,കില്‍ക്കനി,അത്തായി,ഡെറി,വാട്ടര്‍ഫോര്‍ഡ്,വെക്സ്ഫോര്‍ഡ് ,തുള്ളാമോര്‍,ദ്രോഗഡ,കാവന്‍ ,ഡണ്‍ഡാല്‍ക്ക് നാസ്,ലോംഗ്ഫോര്‍ഡ്,പോര്‍ട്ട് ലീഷ്,ലെറ്റര്‍കെന്നി,കാര്‍ലോ,എന്നിസ്,എന്നിവിടങ്ങളില്‍ നിന്നടക്കമുള്ള അയര്‍ലണ്ടിലെ മലയാളികേന്ദ്രങ്ങളില്‍ നിന്നുള്ളവര്‍ പ്രാര്‍ഥനാ പൂര്‍വം ചടങ്ങുകളില്‍ പങ്കെടുത്തു.

വാര്‍ഷിക മരിയന്‍ തീര്‍ത്ഥാടത്തോടനുബന്ധിച്ച് തുടര്‍ന്ന് നോക്കിലെ   വിശുദ്ധ ബലിവേദിയില്‍ വെച്ച് അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഭക്തസംഘടനകളായ മാതൃജ്യോതി, പിതൃവേദി, തിരുബാലസഖ്യം, സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് എന്നിവയുടെ ദേശീയ തലത്തിലുള്ള ഉദ്യോഗിക ഉത്ഘടനവും നടത്തപ്പെട്ടു. പ്രത്യേക പരിഗണ ലഭിക്കേണ്ട കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി സ്മൈല്‍(SMILE) എന്ന കൂട്ടയ്മയുടെ ശുഭാരംഭവും ഇതേ വേദിയില്‍ വച്ച് നിര്‍വഹിക്കപ്പെട്ടു.ജെയ്സണ്‍ ചക്കാലയ്ക്കല്‍ നന്ദി പ്രകാശിപ്പിച്ചു. 

മനുഷ്യ ജീവനെ ആദരിക്കുവാനും സ്‌നേഹിക്കുവാനും സംരക്ഷിക്കുവാനുമുള്ള സഭയുടെ ദൗത്യത്തിന്റെ പ്രഖ്യാപനമായി അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള നീക്കത്തെ എതിര്‍ത്തുകൊണ്ട് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന സഭാ സമൂഹം എറ്റുചൊല്ലി.അഞ്ചില്‍ അധികം മക്കളുള്ള കുടുംബങ്ങളെ പൊന്നാട ചാര്‍ത്തി ആദരിച്ച നിമിഷങ്ങളെ ഹര്‍ഷാരവത്തോടെയാണ് സഭാമക്കള്‍ ഏറ്റുവാങ്ങിയത്.

തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തിന് വിവിധ മാസ് സെന്ററുകളില്‍ നിന്നുള്ള പ്രതിനിധികള്‍ നേതൃത്വം നല്‍കിവര്‍ണ്ണകൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടും, പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ചുകൊണ്ടും വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം പ്രവാസി സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രഘോഷണമായിരിരുന്നു.ബസലിക്കയില്‍ നിന്നും ആരംഭിച്ച പ്രദക്ഷണം അപ്പാരിസേഷന്‍ ചാപ്പലിന് മുമ്പിലെത്തി സമാപിച്ചപ്പോള്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് സഭാ സമൂഹത്തെ മാതൃസന്നിധിയില്‍ സമര്‍പ്പിച്ച് ആശിര്‍വദിച്ചതോടെ ഈ വര്‍ഷത്തെ മരിയന്‍ തീര്‍ത്ഥാടനത്തിന് സമാപ്തിയായി.അടുത്ത വര്‍ഷം(2019) മേയ് 18 ന് വീണ്ടും വരാമെന്ന പ്രത്യാശയോടെ.

ഐറിഷ് മലയാളി ന്യൂസ് 

ഫോട്ടോ:ജോബി ജോൺ  ആരക്കുഴ

 

Scroll To Top