Saturday May 27, 2017
Latest Updates

മലേഷ്യന്‍ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരില്‍ ഐറിഷ് വനിതയും

മലേഷ്യന്‍ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരില്‍ ഐറിഷ് വനിതയും

ഡബ്ലിന്‍: റഷ്യന്‍, യുക്രൈന്‍ അതിര്‍ത്തിയില്‍ മലേഷ്യന്‍ വിമാനം തകര്‍ന്ന് മരിച്ചവരില്‍ ഐറിഷ് വനിതയും. ഡബ്ലിന്‍കാരിയായ എഡെല്‍ മഹാഡി എന്ന 50 കാരിയാണ് കൊല്ലപ്പെട്ടത്. ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ അയര്‍ലണ്ട് സന്ദര്‍ശനത്തിന് ശേഷം ഓസ്‌ട്രേലിയയിലേക്ക് മടങ്ങവേയാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി എഡെല്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് താമസിക്കുന്നത്. 

ഡബ്ലിനിലുള്ള ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം മടങ്ങവെയാണ് എഡെല്‍ ദുരന്തത്തില്‍പ്പെട്ടത്. വിമാന ദുരന്തത്തില്‍ ഐറിഷ് വനിതയും ഉള്‍പ്പെട്ടതായി വിദേശകാര്യ മന്ത്രി ചാര്‍ളി ഫ്‌ലനാഗനാന് സ്ഥിരീകരിച്ചത്. എഡെലിന്റെ മരണത്തില്‍ അയര്‍ലണ്ടിലും ഓസ്‌ട്രേലിയയിലുമുള്ള ബന്ധുക്കളുടെ ദുഖത്തില്‍ പങ്കു ചേരുന്നുവെന്നും ഫ്‌ലനാഗന്‍ പറഞ്ഞു. വിമാന അപകടത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ഫ്‌ലനാഗന്‍ ആവശ്യപ്പെട്ടു. 

യുക്രൈന്‍ വ്യോമാതിര്‍ത്തിയിലൂടെ പറക്കുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 17 വിമാനമാണ് തകര്‍ന്ന് വീണത്. 280 യാത്രക്കാരും 15 ജീവനക്കാരും ഉള്‍പ്പെടെ വിമാനത്തില്‍ ഉണ്ടായിരുന്ന 295 പേരും ദാരുണമായി കൊല്ലപ്പെട്ടു. റഷ്യന്‍ അനുകൂല വിമത വിഭാഗം യുക്രൈന്‍ വിമാനമെന്ന് കരുതി അബദ്ധത്തില്‍ വെടിവച്ചിട്ടതാണെന്നാണ് റിപ്പോര്‍ട്ട്. 

Scroll To Top