Sunday February 19, 2017
Latest Updates

മലേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണെന്ന് സ്ഥിരീകരണം ;ആരെയും രക്ഷിക്കാനായില്ല

മലേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണെന്ന് സ്ഥിരീകരണം ;ആരെയും രക്ഷിക്കാനായില്ല

ക്വാലാലംപൂര്‍: അവസാനം ആ ദു:ഖ വാര്‍ത്തയ്ക്ക് സ്ഥിരീകരണമായി.മാര്‍ച്ച് എട്ടിന് ദുരൂഹസാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ വിമാനം എം എച്ച് 370 വിമാനം തകര്‍ന്നുവീണതായും വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിച്ചതായും മലേഷ്യ സ്ഥിരീകരിച്ചു. ആരെയും രക്ഷിക്കാനായില്ലെന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു.

ജീവനക്കാരും യാത്രക്കാരുമടക്കം 239 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ അഞ്ച് ഇന്ത്യക്കാരുമുണ്ടായിരുന്നു. വിമാനം തകര്‍ന്നുവീണതായി അറിയിച്ച് വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചു. വിമാനം തകര്‍ന്നതായും യാത്രക്കാര്‍ ജീവനോടെ ഉണ്ടാവാന്‍ സാധ്യതയില്ലെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്.

എന്നാല്‍ ബീജിംഗിലേക്കുപോയ വിമാനം എതിര്‍ദിശയിലേക്ക് പോയതിന് ഔദ്യോഗികമായി വിശദീകരണമില്ല. കൂടുതല്‍ വിവരങ്ങള്‍ നാളെ അറിയിക്കുമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അറിയിച്ചു.

ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിക്കുന്നത്. ഇന്ത്യയടക്കം 26 രാജ്യങ്ങള്‍ ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയിരുന്നത്. വിമാനം കാണാതായി ദിവസങ്ങള്‍ക്കുശേഷം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കാണിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതായി ആസ്‌ത്രേലിയ അറിയിച്ചിരുന്നു.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പെര്‍ത്തില്‍ നിന്നും 2500 കിലേമാറ്റര്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തിലാണെന്നും ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതിനുശേഷം ചൈനക്കും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ ലഭിച്ചിരുന്നു

Scroll To Top