Thursday November 23, 2017
Latest Updates

മലയാളി സംഘം ഒരുങ്ങുന്നു,ഒരു മനസോടെ..അയര്‍ലണ്ടില്‍ പുതിയ ചരിത്രം കുറിയ്ക്കാന്‍ …

മലയാളി സംഘം ഒരുങ്ങുന്നു,ഒരു മനസോടെ..അയര്‍ലണ്ടില്‍ പുതിയ ചരിത്രം കുറിയ്ക്കാന്‍ …

ഡബ്ലിന്‍:താലയിലെ ഗുഡ് വില്‍ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ഒരു മാസമായി അയര്‍ലണ്ടിലെ ഒരുസംഘം മലയാളി യുവാക്കള്‍ രാവും പകലും ഒരേപോലെ പരിശീലനത്തിലാണ്.മനസൊരുക്കി,മെയ്യൊരുക്കി,ഒരു മനസോടെ.നന്മയുള്ള ഒരു നാടിന്റെ സുകൃതസംസ്‌കാരം ചരിത്ര പെരുമയുള്ള മറ്റൊരു നാടിന്റെ ശീലുകളിലേയ്ക്ക് എങ്ങനെ പകര്‍ന്നീടാം എന്നൊരു പരീക്ഷണത്തിനൊരുങ്ങുകയാണ് മുപ്പത് പേരോളം വരുന്ന മലയാളി സംഘം.ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിന്നും ഐറിഷ് പ്രതലത്തിലേക്ക് പകര്‍ച്ച നടത്തുമ്പോഴും മൂലകഥയുടെ വിശുദ്ധമായ ഒരു കഥാതന്തു ഒട്ടും വിട്ടുകളയാതെ സൂക്ഷിക്കാനുള്ള ശ്രമത്തിലാണവര്‍.

അപൂര്‍വ പ്രണയത്തിന്റെ കഥ പറയുന്ന ‘നാഗമണ്ഡല’യെ അയര്‍ലണ്ടിലെ പ്രേക്ഷകര്‍ ആകാംക്ഷ പൂര്‍വ്വം കാത്തിരിക്കുകയായാണ്.
രണ്ടു നാടോടിക്കഥകളെ അടിസ്ഥാനമാക്കി 25 കൊല്ലംമുമ്പ് ഗിരീഷ് കര്‍ണാട് എഴുതിയ ആംഗലേയ നാടകമാണ് ഡബ്ലിന്‍ താലയിലെ സിവിക് തീയേറ്ററില്‍ ശനിയാഴ്ച്ച വൈകിട്ട് 8 മണിയ്ക്ക് മലയാളി സംഘം അവതരിക്കുന്നത്.

naga 2നാടകലോകത്തിന് പുതിയ അനുഭവം പകരാന്‍ നാഗമണ്ഡല ഒരുങ്ങുകയാണ്. അത്യപൂര്‍വ്വമായ സ്‌നേഹത്തിന്റെ, ഗാഢപ്രണയത്തിന്റെ കഥയാണ് നാഗമണ്ഡലയിലൂടെ ഇതള്‍ വിരിയുന്നത്. സ്ത്രീജന്മത്തിന്റെ പൂര്‍ണ്ണത തേടുന്ന സുന്ദരിയും നാഗരാജാവും തമ്മിലുണ്ടാകുന്ന പ്രണയമാണ് ഇതിവൃത്തം 

രണ്ടു നാഗങ്ങളുടെ സംഗമം പ്രതീകവത്കരിക്കുന്ന, നാഗമണ്ഡല എന്നൊരു അനുഷ്ഠാനം കര്‍ണാടകതീരദേശങ്ങളിലുണ്ട്. നാടകത്തിലാകട്ടെ, ഒരു നാഗം ഒരു മനുഷ്യജീവിയോടു സംഗമിക്കുകയാണ്.

കഥ നടക്കുന്നത് കര്‍ണ്ണാടകയിലെ ഒരു കുഗ്രാമത്തിലാണ്. സകലവിധ ദുശീലങ്ങള്‍ക്കും അടിമയായ,ക്രൂരനായ ഭര്‍ത്താവിനെ ഓര്‍ത്ത് വിലപിക്കുന്ന യുവതിയാണ് റാണി. ഉച്ചയൂണിനു മാത്രം വീട്ടിലെത്തുന്ന ഭര്‍ത്താവില്‍ പൂര്‍ണ്ണമായ സംതൃപ്തി കണ്ടെത്താന്‍ അവള്‍ക്ക് കഴിയുന്നില്ല. പരിഭവമോ വഴക്കോ ഇല്ലാതെ വീടിന്റെ ഒരു മൂലക്ക് ഒതുക്കപ്പെടുമ്പോഴും സ്‌നേഹത്തിനായുള്ള ദാഹം റാണിയെ മറ്റൊരു ലോകത്തെത്തിക്കുന്നു

കുരുടവ എന്ന കുരുടയുടെ സ്വാധീനത്താല്‍ പുരുഷനെ കീഴടക്കാനുള്ള ഒരു അത്ഭുത മരുന്ന് കണ്ടെത്തിയെങ്കിലും ഭര്‍ത്താവായ അപ്പണ്ണയുടെ സ്‌നേഹം കിട്ടാന്‍ വേണ്ടി തയ്യാറാക്കിയ ആ മന്ത്രപച്ചമരുന്ന് കുടിക്കാനിടയായത് പക്ഷേ ഒരു പാമ്പായിരുന്നു.
പ്രണയഭാവത്തോടെയെത്തുന്ന നാഗത്താന്‍ പിന്നീട് കഥ കീഴടക്കുകയാണ്.സുന്ദരി റാണിയേയും !ആരും അത്ഭുതപ്പെട്ടുപോകുന്ന ദൃശ്യാവിഷ്‌ക്കാരം കാണികളെ അമ്പരപ്പിന്റെ പുതിയ മേഖലകളിലേയ്ക്ക് കൂട്ടി കൊണ്ട് പോകുമെന്ന് ഉറപ്പാണ്.

ഭാര്യയെ അവഗണിച്ച ദുര്‍നടപ്പുകാരനാണോ,അവള്‍ക്ക് ജീവിതാനുഭവങ്ങള്‍ സമ്മാനിച്ച അപരനാണോ ഭര്‍ത്താവെന്ന പേരിന് അര്‍ഹന്‍ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് അയര്‍ലണ്ടിലെ നാടക പ്രേമികള്‍ക്ക് മുന്‍പില്‍ ഈ നാടകം.അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യന്‍ സ്ത്രീയുടെ സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയാണീ നാടകം. 

അയര്‍ലണ്ടിലെ മലയാളികളുടെ നാടക പ്രസ്ഥാനമായ ഐ മണ്ഡലയെന്ന കൂട്ടായ്മയാണ് നാടകം അവതരിപ്പിക്കുന്നത്.അയര്‍ലണ്ടില്‍ കലാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇന്ത്യക്കാരുടെ കൂട്ടായ്മയില്‍ പിറന്ന ഐ മണ്ഡല തീയറ്റര്‍ ഗ്രൂപ്പിന്റെ ഉദ്ദേശം,ഇന്ത്യയുടെ ധനികമായ കലാസംസ്‌കാരം തദ്ദേശീയരെ അവരുടെ ഭാഷയില്‍ പരിചയപ്പെടുത്തുകയും ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചുളള അവബോധം സൃഷ്ടിക്കുകയും ഇന്ത്യയെ അറിയാനുള്ള താല്‍പ്പര്യം ജനിപ്പിക്കുകയും, അതുവഴി വ്യത്യസ്ത സംസ്‌കാരങ്ങള്‍ തമ്മിലുള്ള ഒരു സംയോജനവുമാണ്.

ഇതിന്റെ എല്ലാ ജോലികളും നിര്‍വ്വഹിച്ചിരിക്കുന്നത് ഡബ്ലിനിലെ കലാകാരന്മാരാണ്.സാബു ജോസഫ്,ജോഷി കൊച്ചു പറമ്പില്‍,ബിനു ഡാനിയേല്‍ (സൗണ്ട് )ജെയ്‌സന്‍ ജോസഫ് (സ്റ്റേജ് ക്രാഫ്റ്റ്)കിരണ്‍ ബാബു (ലൈറ്റ്)ബിനു കെ പി,ബിപിന്‍ ചന്ദ്,സിംപ്‌സന്‍ (സംഗീതം )റിസന്‍ ചുങ്കത്ത്,അജിത് കേശവന്‍(രംഗസംവിധാനം)ഷിന്റോ ബനഡിക്ക്റ്റ്(വേഷാലങ്കാരം) എന്നിവരുടെ ശക്തമായ കൂട്ടായ്മ ഈ നാടകാവതരണത്തെ ശ്രദ്ധേയമാക്കുമെന്നുറപ്പാണ്. 

ടി എന്‍ കുമാരദാസ് (സംവിധായകന്‍)

ടി എന്‍ കുമാരദാസ് (സംവിധായകന്‍)

പ്രശസ്ത നാടകകൃത്തും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ ഗിരീഷ് കര്‍ണ്ണാടിന്റെ നാടകം സംവിധാനം ചെയ്യുന്നത് ഇന്ത്യന്‍ നാടക രംഗത്ത് സജീവമായി മാറിക്കൊണ്ടിരിക്കുന്ന യുവ സംവിധായകനും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ കളരിയില്‍ നിന്നുള്ള സംഭാവനയുമായ ടി എന്‍ കുമാരദാസാണ്. അത്യപൂര്‍വ്വമായ ഈ നാടകം മൊഴിമാറ്റി പുനര്‍ജനിക്കപ്പെടുമ്പോള്‍ അയര്‍ലണ്ടിലെ നാടകലോകത്തിന് ഒരു അമൂല്യ സ്വത്താണ് കുമാരദാസിന്റെ നേതൃത്വത്തില്‍ നല്‍കപ്പെടുന്നത്.

നാഗാരാധനയുമായി ബന്ധപ്പെട്ട നാടോടിവിശ്വാസത്തിന്റെ പശ്ചാത്തലത്തില്‍ ഭാര്യാഭര്‍ത്തൃബന്ധത്തിലെ നൂതന സമസ്യകള്‍ ഫാന്റസിയുടെയും റിയാലിറ്റിയുടെയും ഫ്രെയിമുകള്‍ ഇടകലര്‍ത്തി അവതരിപ്പിക്കുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാന്‍ എത്തുന്നതും അയര്‍ലണ്ടിലെ പ്രമുഖ കലാകാരന്‍മാരുടെ ശ്രേണി തന്നെ.അപ്പണ്ണയായി പ്രിന്‍സ് അങ്കമാലിയും,റാണിയായി ഇഷിത സന്ഗ്രയും വേഷമിടുന്നു.കൊബ്രയായി സഞ്ജീവ് കുമാറും,കഥയെന്ന കഥാപാത്രമായി പ്രദീപ് ചന്ദ്രനും,കുരുടവ എന്ന അന്ധയായി ബേസില്‍ സ്‌കറിയയും അരങ്ങിലെത്തും.

എല്‍ദോ ജോണ്‍,ഡാനിയേല്‍ വര്‍ഗീസ്,സാജന്‍ സെബാസ്റ്റ്യന്‍,അജയ് കുമാര്‍,ജയ്‌സണ്‍ ജോസഫ് ,ജിബി കുര്യന്‍,നിഖില്‍,റെജി ജോണ്‍,സിനോ തുരുത്തേന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തദ്ദേശീയ നാടക പ്രസ്ഥാനത്തിലേയ്ക്ക് ഇന്ത്യാക്കാര്‍ ആദ്യമായി പ്രവേശിക്കുന്നു എന്നത് കൊണ്ട് തന്നെ ഒരു ചരിത്ര സംഭവമാണിത്.

1899 ല്‍ ആബേ തിയേറ്ററിന് ഡബ്ല്യൂ ബി ഈസ്റ്റ് രൂപം കൊടുക്കുന്നതിന് എത്രയോ മുന്‍പേ ഓസ്‌കാര്‍ വൈല്‍ഡിന്റെ ഹൃദയാവര്‍ജകമായ ചിന്തകളും,ജോര്‍ജ് ബര്‍ണാഡ് ഷായുടെ നിരൂപണഭാഷ്യവും,ഐറിഷ് നാടകപ്രസ്ഥാനത്തിന് ഊടും പാവും നല്‍കിയിരുന്നുവെങ്കിലും,ആധുനീക സങ്കരമിശ്രിത സമൂഹത്തില്‍ വിരുന്നെത്തിയവരുടെ ഭാഷാകരുത്തും,നിര്‍മലമനസും നാട്യവേദിയില്‍ ഇതാദ്യമായി അവതരിപ്പിക്കപ്പെടും.

പാമ്പുകളില്ലാത്ത നാട്ടില്‍ ‘ഒരു പാമ്പ്’ മുഖ്യ കഥാപാത്രമായി തന്നെ വേഷമിടുമ്പോള്‍ അത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാകുന്നു.കണ്ടില്ലെങ്കില്‍ ഒരു നഷ്ട്ടമായേക്കാവുന്ന ഒരു ഉഗ്രന്‍ നാടകം തന്നെയാണ് ശനിയാഴ്ച്ച അരങ്ങേറുന്നത്. പ്രവേശന ടിക്കറ്റ് 15 യൂറോയാണ്. വിദ്യാര്‍ത്ഥികള്‍ക്കും പ്രായമായവര്‍ക്കും കണ്‍സഷന്‍ ടിക്കറ്റ് 12 യൂറോയാണ്. സാങ്കേതിക കാരണങ്ങളാല്‍ 12 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം അനുവദനീയമല്ല. ടിക്കറ്റുകള്‍ താഴെപറയുന്ന ലിങ്കില്‍ നിന്നും ബുക്ക് ചെയ്യാവുന്നതാണ്.
 http://www.civictheatre.ie/index.php/advisor/BS0614

ടിക്കറ്റ് നേരിട്ട് ലഭിക്കേണ്ടതിനും,മറ്റ് അന്വേഷണങ്ങള്‍ക്കും താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
0877436038,0894492321

Scroll To Top