Saturday October 20, 2018
Latest Updates

മലയാളി യുവതിയെ ഡീപോര്‍ട്ട് ചെയ്യാനുള്ള നടപടിയ്ക്കെതിരെ ആസ്‌ട്രേലിയന്‍ മലയാളി സമൂഹം ഒന്നടങ്കം രംഗത്ത് 

മലയാളി യുവതിയെ ഡീപോര്‍ട്ട് ചെയ്യാനുള്ള നടപടിയ്ക്കെതിരെ ആസ്‌ട്രേലിയന്‍ മലയാളി സമൂഹം ഒന്നടങ്കം രംഗത്ത് 

മെല്‍ബണ്‍ :ആക്സിഡന്റ് കേസുമായി ബന്ധപ്പെട്ട് കോടതി വിധി അനുഭവിക്കുന്ന മലയാളി യുവതിയെ ഡീപോര്‍ട്ട് ചെയ്യാനുള്ള നടപടിക്കെതിരെ ആസ്‌ട്രേലിയന്‍ മലയാളി സമൂഹം ഒന്നടങ്കം രംഗത്ത്. മലയാളിയായ ഡിംപിള്‍ ഗ്രേസ് തോമസ് ആണ് അശ്രദ്ധമായി വാഹനം ഓടിയ്ക്കവേ ഒരു ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെടാന്‍ ഇടയായ കേസില്‍ രണ്ടര വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.

ഡിംപിള്‍ ഓടിച്ച വാഹനമിടിച്ച് എതിരെ വന്ന വാഹനത്തിലെ യുവതിയുടെ 28 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവാണ് പിന്നീട് മരിച്ചത്.അപകടം നടന്നതിന് ശേഷം യുവതി പ്രസവിക്കുകയും,കുഞ്ഞു മരിക്കുകയുമായിരുന്നു.2016 ഓഗസ്റ്റില്‍ ആയിരുന്നു സംഭവം.

രണ്ടര വര്‍ഷത്തെ ശിക്ഷയില്‍ കഴിയുന്ന ഡിംപിളിന്റെ പെര്‍മനന്റ് ഓസ്ട്രേലിയന്‍ വിസ റദ്ദാക്കിക്കൊണ്ടു കോടതി വിധി പ്രസ്താവിച്ചു. വിധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കുടുംബാംഗങ്ങളും മലയാളി സമൂഹവും മുന്നോട്ടു വന്നിരിക്കുന്നത്. ഓസ്ട്രേലിയന്‍ നിയമമനുസരിച്ചു ഒരു വര്‍ഷത്തിലധികം ജയില്‍ ശിക്ഷ അനുഭവിക്കുന്ന വിദേശീയരുടെ വിസ റദ്ദാക്കപ്പെടണം.

വിസ പുനഃസ്ഥാപിക്കുന്നതിനു അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ശിക്ഷ കാലാവധിക്ക് ശേഷവും വിസ ലഭിച്ചില്ലെങ്കില്‍ ഡീപോര്‍ട് ചെയ്യപ്പെടുകയോ വീണ്ടും തടവില്‍ കഴിയേണ്ടി വരുകയോ ചെയ്യും. ഡിംപിളിന്റെ ഇപ്പോഴത്തെ മാനസിക സ്ഥിതിയും കുടുംബത്തിന്റെ അവസ്ഥയും പരിഗണിച്ചു ശിക്ഷയില്‍ ഇളവുണ്ടാകണമെന്നാണ് ഭര്‍ത്താവ് ലിബിന്റെയും മലയാളി സമൂഹത്തതിന്റെയും അപേക്ഷ.

ജോലിയും പഠനവും ഒരുമിച്ചു കൊണ്ടുപോകുന്ന ലിബിന്‍ കേസിന്റെ പ്രശ്‌നവും കൂടിയായപ്പോള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. നാല് വയസുള്ള ഒരു മകനാണ് ഇവര്‍ക്കുള്ളത്. കുഞ്ഞിനെ സമാശ്വസിപ്പിക്കുക എന്നതാണ് ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം. ലിബിന്‍ പറയുന്നു.

ആസ്ട്രേലിയയിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ അയ്യായിരത്തില്‍ അധികം പേര്‍ ഒപ്പിട്ട അപേക്ഷയാണ് പാര്‍ലമെന്റിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. ലിബിന്റെ കുടുംബത്തിന് ആശ്വാസകരമായ വിധി ഉണ്ടാകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

ഓസ്‌ട്രേലിയയില്‍ നിലനില്‍ക്കുന്ന നിയമങ്ങളെക്കുറിച്ച് മലയാളികള്‍ ഉള്‍പ്പെടെയുള്ള പലര്‍ക്കും വേണ്ടത്ര അറിവില്ലാത്തത് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. തങ്ങള്‍ക്കു നേരിട്ട ബുദ്ധിമുട്ട് വേറെ ആര്‍ക്കും നേരിടേണ്ടി വരരുതെന്ന് ആഗ്രഹിക്കുന്നതായി ലിബിന്‍ പറയുന്നു. അതിനായി ലിബിന്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് മലയാളി കമ്മ്യൂണിറ്റികളില്‍ ബോധവല്‍ക്കണര പരിപാടികള്‍ നടത്താന്‍ ഒരുങ്ങുകയാണ്.

സംഭവത്തെ കുറിച്ച് ലിബിന്‍ ആസ്‌ട്രേലിയയിലെ മലയാളി റേഡിയോ സര്‍വീസായ എസ് ബി എസ് മലയാളത്തോട് നടത്തുന്ന അഭിമുഖം താഴെ കേള്‍ക്കാം …

ഐറിഷ് മലയാളി ന്യൂസ്

Scroll To Top