Wednesday November 22, 2017
Latest Updates

മലയാളിയുടെ സ്വന്തം ജഡ്ജി ഡബ്ലിനില്‍ (അഭിമുഖം )

മലയാളിയുടെ സ്വന്തം ജഡ്ജി ഡബ്ലിനില്‍ (അഭിമുഖം )

മാധ്യമങ്ങള്‍ക്ക് എന്നും പ്രിയങ്കരനാണ് ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായര്‍.കോടതിയില്‍ മാത്രമല്ല ഏതു പൊതു വേദിയില്‍ വന്നാലും രാമചന്ദ്രന്‍ നായരില്‍ നിന്നും എന്തെങ്കിലും ഒരു സ്‌കൂപ്പ് കിട്ടുമെന്ന് അറിയാം അവര്‍ക്ക്.അത് കൊണ്ട് തന്നെ അദ്ദേഹം പ്രത്യക്ഷപ്പെടുന്ന വേദികളില്‍ എല്ലാം മാധ്യമങ്ങളുടെ വന്‍ സാന്നിധ്യം ഉണ്ടാവാറുണ്ട്.

മാധ്യമങ്ങള്‍ക്കുമറിയാം ,ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായരുടെ വാര്‍ത്തകളുടെ റീഡര്‍ഷിപ്പ് കേരളത്തിലെ മറ്റേതു നിയമജ്ഞനേക്കാള്‍ കൂടുതലാണെന്ന്.പൊതുജനത്തിന് വേണ്ടിയാണ് അദ്ദേഹം കോടതിയിലും പുറത്തും എന്നും വാദിക്കുന്നത്.അദ്ദേഹത്തിന്റെ ഓരോ നിരീക്ഷണങ്ങളും അതുകൊണ്ട് തന്നെ ജനസ്വരമായി മാറാറുണ്ട്.വഴിയോരയോഗനിരോധനം,ബാര്‍ സമയത്തിന്റെ ക്രമീകരണം,സര്‍ഫാസി ആക്റ്റിനെതിരെയുള്ള ഇടപെടല്‍ ,അംഗനവാടി ടീച്ചര്‍മാരുടെ ശമ്പള വര്‍ദ്ധനവ് അങ്ങനെ എത്രയോ വിധിന്യായങ്ങളില്‍ അദ്ദേഹം സാധാരണ ഒരു ഹൈക്കോടതി ജഡ്ജിയില്‍ നിന്നും വ്യത്യസ്തനായി എന്ന് വിലയിരുത്തുമ്പോഴാണ് അദ്ദേഹത്തിന്റെ മഹത്വം നാം കാണേണ്ടത്.
(അയര്‍ലണ്ടില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ക്ക് വെള്ളിയാഴ്ച വൈകിട്ട് 6 മണിയ്ക്ക് ലൂക്കനിലെ ബാലിയോവന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് ഡബ്ലിനിലെ മലയാളി സമൂഹം സ്വീകരണം ഒരുക്കുന്നുണ്ട് . അയര്‍ലണ്ടിലെ മലയാളികളോട് രാഷ്ട്രീയ നിയമ സാഹചര്യങ്ങളുടെ കാലിക പ്രസക്തിയെക്കുറിച്ച് അദ്ദേഹം സംവദിക്കും )

ABHI

ഡബ്ലിനിലെ ലൂക്കനില്‍ താമസിക്കുന്ന അദ്ദേഹത്തിന്റെ പിതൃസഹോദരപുത്രന്‍ ബാലചന്ദ്രന്‍ പിള്ളയുടെ വസതിയില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ നീതിന്യായ ലോകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങളും,സ്വപ്നങ്ങളും ‘ഐറിഷ് മലയാളി ടീമിനോട് പങ്കുവെച്ചത് ഇനി വായിക്കുക.

ഐറിഷ് മലയാളി :ഒരു ന്യായാധിപന്‍ എന്ന നിലയില്‍ സംതൃപ്തിയോടെയാണോ നിയമ ലോകത്തിന്റെ അങ്ങ് പടിയിറങ്ങിയത് ?

ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായര്‍:പൂര്‍ണ്ണമായും,35 വര്‍ഷക്കാലം ഒരു അഭിഭാഷകനായിയുള്ള സേവനത്തിനു ശേഷമാണ് എന്നെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചത്.എന്റെ മുന്നില്‍ വന്ന കേസുകളില്‍ നൂറു ശതമാനം കൃത്യതയോടെയാണ് വിധി നിര്‍ണ്ണയം നടത്തിയിട്ടുള്ളതെന്ന് നിസംശയം പറയാം.കേസ് എത്രയും വേഗം വിധി പറയുക എന്നതായിരുന്നു എന്റെ ശീലം.മാത്രമല്ല രണ്ടു കക്ഷികളുടെയും വാദം കേട്ട് തത്സമയം പരിഹാരം കണ്ടവയാണ് 80 % കേസുകളും.ഒരു ന്യായധിപന്‍ അങ്ങനെ വേണമെന്നാണ് എന്റെ ആശയും.വാദം കേട്ട്, ഫയല്‍ കെട്ടുമായി പോയി പിന്നെ വിധിപറയേണ്ടതല്ല കേസുകള്‍ എന്നാണ് എന്റെ അഭിപ്രായം.

ഐറിഷ് മലയാളി : ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായരാണോ,വി എസ് അച്യുതനന്ദനാണോ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന് സംശയിക്കണം എന്നൊരിക്കല്‍ ക്രിസോസ്സ്റ്റം വലിയ മെത്രാപ്പോലിത്ത പറയുകയുണ്ടായി.ഇപ്പോഴും അങ്ങ് പ്രതിപക്ഷനേതാവിന്റെ ‘റോള്‍’ഏറ്റെടുക്കാറുണ്ടോ?

ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായര്‍:ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് ഏതു നിയമ വ്യവസ്ഥയുടെയും കാമ്പ്.നിയമം ജനനന്മയ്ക്കാവണം,അതില്‍ ഭരണപക്ഷമോ പ്രതിപക്ഷമോ എന്ന് നോക്കേണ്ടതില്ല.പക്ഷപാതിത്വം ഉണ്ടാവരുതെന്നെയുള്ളൂ.

ഐറിഷ് മലയാളി :അടുത്തയിടയായി നിതിന്യായ മേഖലയില്‍ രാഷ്ട്രീയ ഇടപെടല്‍ കൂടുന്നുണ്ടല്ലോ ?ഏറ്റവും അവസാനം ഗോപാല്‍ കൃഷണസ്വാമിയുടെ ഇടപാടില്‍ ബി ജെ പി സര്‍ക്കാര്‍ വരെ അത് നടത്തി.അങ്ങയുടെ അഭിപ്രായം?

ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായര്‍:നമ്മുടെ രാജ്യത്ത് അത് പുതിയ സംഭവമൊന്നുമല്ല.ഇന്നത്തെ നിയമമന്ത്രിയോ ഉന്നത രാഷ്ട്രീയക്കാരോ നാളെ കോടതികളില്‍ അഭിഭാഷകരായി വരാം.ഒരു കാലത്ത് ജഡ്ജിമാരുടെ സ്വകാര്യമായ അഭിപ്രായങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുമതി നല്‌കേണ്ട അവസ്ത്ഥയില്‍ നിന്നും അവര്‍ഉപേക്ഷിക്കും.അഥവാ ജഡ്ജിമാര്‍ക്ക് മുന്‍പില്‍ കേസുമായി വരുമ്പോള്‍ ഇങ്ങനെ സംഭവിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ.നിര്‍ഭാഗ്യകരമാണിത്തരം കാഴ്ച്ചകള്‍.

ഐറിഷ് മലയാളി :കെല്‍സയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ സൗജന്യ നിയമ സഹായം സാധാരണക്കാര്‍ക്ക് എത്തിക്കാന്‍ സ്വീകരിച്ച നടപടികളില്‍ സംതൃപ്തനാണോ ?

ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായര്‍:കെല്‍സ നല്ല ഒരു അവസരമായിരുന്നു.ഹൈക്കോടതിയിലെ തിരക്കുകള്‍ക്കിടയില്‍ കുറച്ചു സമയം മാത്രമേ അതിനു നീക്കിവെയ്ക്കാന്‍ സാധിച്ചുള്ളു എന്നൊരു ഖേദം മാത്രമേയുള്ളൂ.മീഡിയേഷന്‍ വഴി കേസുകള്‍ തീര്‍ക്കാനുള്ള ശ്രമങ്ങളാണ് അവിടെ പ്രധാനമായും നടത്തിയത്.കേന്ദ്രസര്‍ക്കാരിന്റെ നയം അനുസരിച്ച് ഏതു കേസും കോടതി വാദം കേള്‍ക്കുന്നതിന് മുന്‍പ് ഒരു മാധ്യസ്ഥശ്രമത്തിലൂടെ ഒത്തു തീര്‍പ്പാകാനാവുമൊ എന്ന് നോക്കണം.അത് നിര്‍ബന്ധമാണ്.പൊതു ജനങ്ങളില്‍ പലര്‍ക്കും അറിയില്ലാത്ത ഒരു കാര്യമാണത്.എന്നാല്‍ അത് മുതലെടുത്ത് അഭിഭാഷകര്‍ മാധ്യസ്ഥ ശ്രമമേ ഉപേക്ഷിക്കും.അഥവാ രണ്ടു കക്ഷികളുടെയും വക്കീലന്മാര്‍ ചേര്‍ന്ന് മാധ്യസ്ഥ ശ്രമം ഉഴപ്പും.കേസ് നീണ്ടാലല്ലേ വക്കീല്‍മാര്‍ക്ക് ഗുണമുള്ളു ?
ഏറണാകുളത്തെ ഒരു കോടതിയില്‍ എല്ലാ കേസുകളും മീഡിയെഷന് വിടുന്ന ഒരു ജഡ്ജിയുണ്ടായിരുന്നു.80% കേസുകളും അദ്ദേഹം കൂടി നേതൃത്വമെടുത്തു വിചാരണയ്ക്ക് മുന്‍പേ ഒത്തുതീര്‍പ്പ് നടത്തുന്നത് വിജയകരമായി പുരോഗമിച്ചു.ഒരു മാസം കഴിഞ്ഞില്ല ബാര്‍ അസോസിയേഷന്‍ പരാതിയുമായി എത്തി.പെട്ടന്ന് കേസ് തീര്‍ക്കുന്നതിലായിരുന്നു അവര്‍ക്ക് വിഷമം,ജഡ്ജിയെ മാറ്റിയെ തീരു എന്ന ആവശ്യവും..കെല്‍സയ്ക്ക് ആവശ്യത്തിനു ജഡ്ജിമാരെ കൊടുക്കുകയും ,കൃത്യമായി സംവിധാനം പ്രവര്‍ത്തിപ്പിക്കുകയും ചെയ്താല്‍ മാത്രം മതി നമ്മുടെ കോടതികളിലെ തിരക്കൊഴിയാന്‍.

ഐറിഷ് മലയാളി :റേപ്പ് കേസുകള്‍ നമ്മുടെ രാജ്യത്തെ നാണം കെടുത്തുംവിധം വര്‍ദ്ധിച്ചു വരികയാണല്ലോ? 

ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായര്‍:ദല്‍ഹി പെണ്‍കുട്ടിയുടെ കേസ് വന്ന സമയത്ത് അവിടുത്തെ ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ഭാര്യ ഒരു പത്രത്തില്‍ ലേഖനം എഴുതി’പ്രായപൂര്‍ത്തിയാവാത്ത പ്രതികള്‍ക്ക് ഐസ് ക്രീം വാങ്ങി കൊടുക്കണമെന്ന്…ഇതാണ് നമ്മുടെ അവസ്ഥ.കുറ്റം ചെയ്യാന്‍ തന്റേടവും ,ശരീരശക്തിയും ഉണ്ടെങ്കില്‍ ഒരുവന് ശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെടേണ്ട കാര്യമില്ല.അങ്ങനെ ഒഴിവാക്കപ്പെടുന്നത് അപകടകരമായ അവസ്ഥയെ വിളിച്ചു വരുത്തുകയെയുള്ളൂ.

ഐറിഷ് മലയാളി :ജീവിതത്തില്‍ ഏറ്റവും അധികം സംതൃപ്തി നല്കിയ വിധിന്യായം

ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായര്‍: ഓരോ വിധികള്‍ക്കും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്.എങ്കിലും ടാക്‌സ് മേഖലയില്‍ എന്റെ മുന്‍പില്‍ വന്ന ഒരു കേസ് മറക്കാനാവാത്തതാണ്.നികുതി വെട്ടിക്കുന്നതില്‍ ഓരോരുത്തരും പരസ്പ്പരം മത്സരിക്കുന്ന ഒരു നാടാണു നമ്മുടേത്.സിനിമാ നിര്‍മ്മിതാക്കളും ,സിനിമാ താരങ്ങളും തമ്മില്‍ ഒത്തുകളിക്കും,വില്‍പ്പനക്കാരും,വാങ്ങലുകാരും തമ്മില്‍ ഒത്തു കളിക്കും.എല്ലായിടത്തും സര്‍ക്കാരിനെ കബളിപ്പിക്കാനുള്ള ശ്രമങ്ങള്‍.അവിടെയാണ് ചെക്ക് വഴിയെ ,അഥവാ ബാങ്ക് വഴിയെ ഇത്തരം പേയ്‌മെന്റുകള്‍ നടത്താവു എന്നൊരു വിധിന്യായം എഴുതിയത്.തീരുമാനം നടപ്പായില്ലെങ്കിലും (ആരാണ് നടപ്പാക്കേണ്ടത്?പ്രതിപക്ഷവും ,ഭരണ പക്ഷവും മാത്രമല്ല,ബിസിനസ്‌കാര്‍ പോലും സമ്മതിക്കുന്ന കാര്യമല്ലല്ലോ ?)ഒരു വലിയ ആത്മ സംതൃപ്തിയുണ്ട്.നാളെ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ ഒന്നാകെ സ്വാധീനിക്കുന്ന ഒരു വിധിയാകും അതെന്നു എനിക്ക് ഉറപ്പാണ്

(രണ്ടാം ഭാഗം അടുത്തദിവസം ഐറിഷ് മലയാളിയില്‍ വായിക്കുക) 

ഐറിഷ് മലയാളി ന്യൂസ് ബ്യൂറോ 

Scroll To Top