Friday May 26, 2017
Latest Updates

മലയാളികള്‍ക്ക് അയര്‍ലണ്ട് വിസ നിഷേധിച്ചു,ഡബ്ലിനിലെ അനധികൃത കോളേജുകാര്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍ 

മലയാളികള്‍ക്ക് അയര്‍ലണ്ട് വിസ നിഷേധിച്ചു,ഡബ്ലിനിലെ അനധികൃത കോളേജുകാര്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍ 

ഡബ്ലിന്‍: ഡബ്ലിനില്‍ അടച്ചുപൂട്ടിയ ഏദന്‍ കോളജ് അടക്കമുള്ള കോളജുകളില്‍ അടുത്ത ബാച്ചില്‍ അഡ്മിഷന്‍ നേടാനായി ലക്ഷക്കണക്കിന് രൂപ ഫീസ് അടച്ച നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അയര്‍ലണ്ട് വിസ നിഷേധിച്ചു.ഇതില്‍ പത്തോളം പേര്‍ മലയാളി വിദ്യാര്‍ഥികളാണ്.അങ്കമാലി,എറണാകുളം,തിരുവനന്തപുരം,ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികള്‍ക്കാണ് വിവിധ കോളജുകളിലായി അഡ്മിഷന്‍ നേടിയെങ്കിലും കോളജുകളുടെ അംഗീകാരംനഷ്ട്ടപ്പെട്ടതിനെ തുടര്‍ന്ന് വിസ നല്‍കേണ്ടതില്ലെന്ന് ഇമിഗ്രേഷന്‍ വകുപ്പ് തീരുമാനിച്ചത്.

ഏദന്‍ കോളജ് അടക്കമുള്ള സ്ഥാപനങ്ങളില്‍ നേരിട്ടും,ഇടനിലക്കാര്‍ മുഖേനെയും ബന്ധപ്പെട്ട വിദ്യാര്‍ഥികള്‍ ഓരോരുത്തരും അയ്യായിരം യൂറോ മുതല്‍ എണ്ണായിരത്തി അഞ്ഞൂറ് യൂറോ വരെ ആദ്യഘട്ടത്തില്‍ അടച്ചിട്ടുണ്ട്.കോളജുകളുടെ അക്കൌണ്ടുകളിലെയ്ക്ക് അടച്ച ഫീസ് കൂടാതെ എജന്റുമാര്‍ക്കുള്ള വിഹിതവും ഇവര്‍ നല്‍കിയിട്ടുണ്ട്.

കോളജ് അടച്ചു പൂട്ടിയ സാഹചര്യത്തില്‍ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട്ഡബ്ലിനിലെ സോളിസിറ്റര്‍മാര്‍ മുഖേനെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പണം നഷ്ട്ടപെട്ട മലയാളികള്‍.വിദ്യാഭ്യാസവായ്പയെടുത്തും മറ്റുമാണ് ഡബ്ലിനില്‍ പഠിക്കാനുള്ള പണം കണ്ടെത്തിയതെന്ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ‘ഐറിഷ്  മലയാളിയോട് ‘പറഞ്ഞു.കോളജിന്റെ വസ്തുവകകള്‍ സര്‍ക്കാര്‍ ലിക്വിഡേറ്റ് ചെയ്തിട്ടുണ്ടെന്ന് സൂചനകള്‍ ഉണ്ടെങ്കിലും ഇതേപറ്റി സ്ഥിരീകരണം നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. 

അധ്യാപന നിലവാരം കുറഞ്ഞു എന്ന കാരണത്തെ തുടര്‍ന്നാണ് ഡബ്ലിനിലെ ഏദന്‍ കോളജ് അടച്ചു പൂട്ടിയ സാഹചര്യത്തില്‍ അധ്യാപന നിലവാരത്തില്‍ പിന്നോക്കം നില്ക്കുന്ന മറ്റ് ചില കോളജുകള്‍ക്ക് കൂടി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.അനധികൃതമായാണ്‌ ഈ കോളജുകള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്നത് എന്ന് ഗാര്‍ഡാ വിസല്‍ബ്ലോവര്‍ കണ്ടെത്തിയിരുന്നത്രേ.ഗാര്‍ഡയും ,ഇമിഗ്രേഷന്‍ വകുപ്പിലെ മുതിര്‍ന്ന ചില ഉദ്യോഗസ്ഥരും,മുന്‍ സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയുമടക്കമുള്ള ലോബിയുടെ ഒത്തുകളിയുടെ ഭാഗമായാണ് ആയിരക്കണക്കിനു വിദേശവിദ്യാര്‍ഥികള്‍ ലക്ഷക്കണക്കിന് യൂറോ ചിലവഴിച്ച് ഇത്തരം കോളജുകളില്‍ പഠിക്കാന്‍ എത്തിയിരുന്നത് എന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.

തുടര്‍ന്ന് യഥാര്‍ഥ കാരണം മറച്ചുവെച്ച് അധ്യയന നിലവാരത്തില്‍ പിന്നോക്കം നില്ക്കുന്നു എന്ന കാരണം പറഞ്ഞ് , ഈ കോളജുകളിലേക്ക് എത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്‍കേണ്ടതില്ലെന്ന് ഐഎന്‍ഐഎസും ജിഎന്‍ഐബിയും നിര്‍ദ്ദേശം നല്‍കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നത്രേ. ഏദന്‍ കോളജ് കൂടാതെ നാഷണല്‍ മീഡിയ കോളജ്, മില്ലേനിയം കോളജ്, ബിസിനസ് ആന്‍ഡ് കമ്പ്യൂട്ടര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിട്യൂട്ട് എന്നീ കോളജുകളിലേക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഇപ്പോള്‍ വിസ നല്‌കേണ്ടതില്ലെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.

നിലവില്‍ ഇവിടെയും ധാരാളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിപഠിച്ചു കൊണ്ടിരിക്കുകയായിരുന്നു.കോളജുകള്‍ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ അടുത്ത സംവിധാനം കണ്ടെത്തുന്നത് വരെ അവധിയില്‍ പോകാന്‍ ഇമിഗ്രേഷന്‍ വകുപ്പ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇവരുടെ വിസ പുതുക്കി നല്‍കുന്നതിനെകുറിച്ചും സര്‍ക്കാര്‍ അറിയിപ്പില്‍ പരാമര്‍ശമില്ല.അതേ സമയം കോളജ് അടച്ചുപൂട്ടല്‍മൂലം ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ കുടിയേറ്റ പദവിക്ക് ഭീഷണി ഒന്നും ഉണ്ടാകില്ലെന്ന് നാച്ചറലൈസെഷന്‍ &ഇമിഗ്രേഷന്‍ അധികൃതര്‍ പറയുന്നുണ്ട്.

നാട്ടുകാരായ വിദ്യാര്‍ത്ഥികളെക്കാള്‍ കൂടുതലായി മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കാണ് പെട്ടന്നുള്ള ഈ അടച്ചു പൂട്ടല്‍ പ്രതിസന്ധി സൃഷ്ടിക്കുക. അതുകൊണ്ട് തന്നെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് ഐറിഷ് ഗവണ്‍മെന്റ് ചെയ്തുകൊണ്ടിരിക്കുന്നത്. 

കോളജ് പെട്ടന്ന് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് കോളജുകളില്‍ തുടര്‍ പഠനത്തിനുള്ള അവസരം നല്കുന്നതിന് ഗവണ്‍മെന്റ് അധികൃതരും ഐറിഷ് നാച്ചുറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് അധികൃതരും ഐറിഷ് വിദ്യാഭ്യാസ വകുപ്പിന്റെ അധികൃതരും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം വകുപ്പ് അധികാരികള്‍ പ്രത്യേകമായി ക്ഷണിച്ചു ചര്‍ച്ചകള്‍ നടത്തിയിരുന്നു.

കൂടാതെ മറ്റ് കോളജുകളില്‍ എന്റോള്‍ ചെയ്യുന്നതിന് കൂടുതല്‍ പണം നല്കരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.അയര്‍ലണ്ടിലെ മറ്റു ചില കോളജുകളിലും സമാനമായ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നുണ്ട്.

ഉന്നത നിലവാരം പുലര്‍ത്തുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഏതാനം വ്യജസ്ഥാപനങ്ങള്‍ അയര്‍ലണ്ടിലേയ്ക്ക് ഉപരിപഠനത്തിനു എത്തുന്നവരുടെ യശസ് കെടുത്തുന്നതായാണ് കണ്ടെത്തല്‍.കേരളത്തില്‍ നിന്നും വിശദമായ അന്വേഷണം നടത്താതെ അയര്‍ലണ്ടിലെ കോളജുകളിലേയ്ക്ക് അഡ്മിഷന്‍ നേടി പണം അടയ്ക്കുന്നവര്‍ സ്ഥാപനത്തെക്കുറിച്ചു കൃത്യമായ അന്വേഷണം നടത്തണമെന്നാണ് ഇത്തരം സംഭവങ്ങള്‍ നല്കുന്ന പാഠം

-റെജി സി ജേക്കബ്

Scroll To Top