Sunday February 26, 2017
Latest Updates

മലയാളികളെ ക്രിക്കറ്റ് പഠിപ്പിച്ച ഡബ്ലിന്‍കാരന്‍ വെല്ലസ്ലി പ്രഭുവിന്റെ കോട്ടയില്‍ , ക്രിക്കറ്റ് അത്ഭുതങ്ങളുടെ മാന്ത്രിക ചെപ്പു തുറക്കുന്ന മലയാളിമക്കള്‍

മലയാളികളെ ക്രിക്കറ്റ് പഠിപ്പിച്ച ഡബ്ലിന്‍കാരന്‍ വെല്ലസ്ലി പ്രഭുവിന്റെ കോട്ടയില്‍ , ക്രിക്കറ്റ് അത്ഭുതങ്ങളുടെ മാന്ത്രിക ചെപ്പു തുറക്കുന്ന മലയാളിമക്കള്‍

 
ഡബ്ലിന്‍ :അന്ന് ക്രിക്കറ്റ് കളിക്കാരെ തേടി നടക്കുകയായിരുന്നു ജോര്‍ജ് ഒമാലി .തന്റെ വ്യാപാര കേന്ദ്രത്തിനരികെയെങ്ങാനും ഒരു ഇന്ത്യാക്കാരനെയോ ,പാക്കിസ്ഥാനിയെയോ കണ്ടാല്‍ അദ്ദേഹം വിടില്ല.ലോഹ്യം കൂടി ചോദിക്കും.’നിനക്ക് ക്രിക്കറ്റ് കളിക്കാന്‍ അറിയാമോ?’ ജോര്‍ജ് ഒമാലി വിചാരിച്ചിരുന്നത് മുഴുവന്‍ ഇന്ത്യാക്കാര്‍ക്കും പാക്കിസ്ഥാന്‍കാര്‍ക്കും ക്രിക്കറ്റ് കളിക്കാന്‍ അറിയാമെന്നായിരുന്നു.

അങ്ങനെ ജോര്‍ജ് ഒമാലിയെന്ന ഐറിഷ്കാരന്റെ അന്വേഷണ ത്വരയോടൊപ്പം ക്രിക്കറ്റ് പ്രേമി കൂടി ആയ സുഹൃത്ത് ജോണ്‍ ലിയോന്‍സിന്റെ സഹകരണവും ചേര്‍ന്നപ്പോഴാണ് ഡണ്‍ഡ്രം ക്രിക്കറ്റ് ക്ലബ് പിറവിയെടുത്തത്.
ക്ലബില്‍ 2004 മുതല്‍ അംഗമായ ജോബിന്‍ ദേവസിക്കുട്ടി ആ കഥ പറയുന്നു.. ആദ്യ കാലത്ത് സ്വഗലോഗ് എന്നാണു ക്ലബ് അറിയപെട്ടിരുന്നത് .ബാങ്ക് ഓഫ് അയര്‍ലണ്ടില്‍ ജോലിക്കാരന്‍ ആയിരുന്ന പ്രിയദേവിലൂടെയാണ് ജോര്‍ജ് ഒമാലി ഇന്ത്യക്കാരെ കണ്ടെത്താന്‍ തുടങ്ങിയത്.

നാട്ടില്‍ മറ്റെന്തിനേക്കാള്‍ ഭ്രാന്തമായി ക്രിക്കറ്റിനെ സ്നേഹിച്ചിരുന്ന മലയാളി, അയര്‍ലണ്ടില്‍ എത്തി കളിക്കാന്‍ സ്ഥലവും,സംഘവും ഇല്ലാതിരിക്കുന്ന കാലമായിരുന്നു അത്.പലര്‍ക്കും വിശ്വസിക്കാന്‍ പോലും ആവാത്തത്ര സന്തോഷമായിരുന്നു ക്രിക്കറ്റ് ടീമിലേയ്ക്കുള്ള ക്ഷണം.ഇവിടെ ആവശ്യത്തിനു കളിക്കാര്‍ ഇല്ലാത്ത അവസ്ഥയും ആയിരുന്നു.

ജോബിന്‍ ടീമില്‍ എത്തുന്നത് പോലും ഒരു പ്രത്യേക സാഹചര്യത്തിലാണ്.’ഒരിക്കല്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്നു.പ്രിയദേവിന്റെ ഒരു ഫോണ്‍ കോള്‍ ആഥിതേയന് വന്നു.’നാളെ പോര്‍ട്ട്‌ ലീഷില്‍ കളിയുണ്ട് ..ആള്‍ തികഞ്ഞിട്ടില്ല .ക്രിക്കറ്റ് അറിയാവുന്നവര്‍ ആരെങ്കിലും അവിടെയുണ്ടോ?’ അങ്ങനെ പിറ്റേന്ന് കളിക്കാന്‍ പോര്‍ട്ട്‌ ലീഷില്‍ എത്തി.

പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം.കേരളം വിട്ടത് മുതല്‍ മനസ്സില്‍ താലോലിക്കുന്ന സ്വപ്നം…ക്രീസില്‍ എത്തിയപ്പോള്‍ പക്ഷെ പ്രശ്നം.ഒരു കളിക്കാരന്‍ കൂടുതല്‍ ഉണ്ട്.ആരെങ്കിലും പിന്മാറണം .ആ നറുക്ക് അവസാനം വന്ന ആള്‍ എന്ന നിലയില്‍ എനിയ്ക്ക് തന്നെ വീണു!.

സ്വഗലോഗ് ടീമില്‍ ആള് കൂടുതല്‍ ആയത് കൊണ്ട് പുറത്തു ഇരിക്കേണ്ടി വന്നെങ്കിലും ഭാഗ്യം എന്നെ നിരാശനാക്കിയില്ല.പോര്‍ട്ട്‌ ലിഷ് ടീമില്‍ ഒരാളുടെ കുറവ് ഉണ്ടായിരുന്നു!.ഇരു ടീമുകളും ധാരണയില്‍ ആയതു കൊണ്ട് സ്വഗലോഗിനു വേണ്ടി പോയ എനിക്ക് പോര്‍ട്ട്‌ ലിഷിനു വേണ്ടി കളിക്കേണ്ടി വന്നു.

സ്വന്തം ടീമിനെ തോല്‍പ്പിച്ചു പോര്‍ട്ട്‌ ലിഷിനെ വിജയിപ്പിക്കാന്‍ അതിടയാക്കി

.പിന്നിടൊരിക്കലും ഡണ്‍ഡ്രം ക്രിക്കറ്റ് ക്ലബില്‍ നിന്നും എനിയ്ക്ക് മാറി നില്‍ക്കേണ്ടി വന്നിട്ടില്ല. ജോബിന്‍ ദേവസികുട്ടി ഓര്‍മ്മിക്കുന്നു. സജിമോന്‍ കൂവപ്പള്ളിയും ,ജയകുമാറും ,വിനു ജേക്കബും,റോയ് സ്വോര്‍ഡ്സും ,റോബിനും ,യൂറോ അനിലുമൊക്കെ ആദ്യ ഘട്ടത്തില്‍ തന്നെ ജോര്‍ജ് ഒമാലിയ്ക്കും പ്രിയദേവിനും ഒപ്പം കൂടി .മലയാളിയ്ക്ക് ഐറിഷ് കായിക രംഗത്ത് ലഭിച്ച അംഗീകാരം തന്നെയായിരുന്നു ആ അംഗത്വംപോലും.

2004 ല്‍ മാലഹൈഡ്‌ കപ്പില്‍ വിജയമുത്തമിട്ടു ഡണ്‍ഡ്രം ക്രിക്കറ്റ് ക്ലബ് കരുത്തു തെളിയിച്ചു.അടുത്ത കൊല്ലം ലീഗില്‍ കളിച്ചു തുടങ്ങിയതോടെ അവസരങ്ങളെ സമൃദ്ധമായി ഉപയോഗിക്കുന്ന മലയാള പെരുമ ഏവരും അറിഞ്ഞുതുടങ്ങി.

2006 മുതല്‍ മലയാളികളുടെ എണ്ണം ക്ലബില്‍ പെരുകി വന്നു.ഇപ്പോള്‍ ആകെയുള്ള 38 കളിക്കാരില്‍ 25 പേരോളം മലയാളികള്‍ . പത്തു കൊല്ലം ഒരു പ്രസ്ഥാനവുമായി മുന്‍പോട്ടു പോകുമ്പോള്‍ ഏറെ പ്രതിസന്ധികളും ഉണ്ടായിരുന്നു.കളിയ്ക്കുന്ന വെസ്ലി കോളജ് ഗ്രൌണ്ടിന്റെ വാടക,ദൈനം ദിന ചിലവുകള്‍ ,മാച്ചുകള്‍ക്കും പരിശീലനത്തിനും വേണ്ടിയുള്ള ചിലവുകള്‍ ,ഉറച്ച നിശ്ചയ ദാര്‍ഡ്യവും ,ക്രിക്കറ്റിനോടുള്ള അഭിനിവേശവും കൊണ്ടാണ് അവയെ എല്ലാം അതി ജീവിച്ചു ഇവിടെ വരെ എത്താനായത് എന്നാണു ടീം അംഗവും ക്ലബ് ജോയിന്റ് സെക്രട്ടറിയുമായ രഞ്ജിത്ത് നായര്‍ പറയുന്നത്.സുമനസുകളായ നിരവധി പേര്‍ ഞങ്ങള്‍ക്ക് എപ്പോഴും പിന്തുണയുമായുണ്ടെന്നത് ഞങ്ങള്‍ക്ക് പ്രോത്സാഹനം ആവുന്നു.അദ്ദേഹം പറഞ്ഞു.

മിക്ക ആധുനിക വിനോദങ്ങളും കേരളത്തിലെത്തിച്ചത് ബ്രിട്ടീഷുകാരായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രചാരവും അന്തസ്സും ലഭിച്ചതോടെ ഇംഗ്ലീഷുകാര്‍ കൊണ്ടു വന്ന കളികള്‍ക്കും മലയാളികള്‍ക്കിടയില്‍ അംഗീകാരം ലഭിച്ചു. ഇത്തരത്തില്‍ മലയാളി ആദ്യം ‘തറവാട്ടില്‍ കയറ്റിയ’ വിദേശ കളിയായിരുന്നു ക്രിക്കറ്റ്. പഴശ്ശിരാജാവിനെ തളയ്ക്കാന്‍ ബ്രിട്ടീഷ് പടനയിച്ചെത്തിയ അയര്‍ലണ്ടിലെ ഡബ്ലിന്‍നഗരത്തിലെ മെറിയോണ്‍ സ്ട്രീറ്റില്‍ 1769 ല്‍ ജനിച്ച

ആര്‍തര്‍ വെല്ലസ്ലി (ഡ്യുക് ഓഫ് വെല്ലിങ്ഡണ്‍ )യാണ് കേരളത്തില്‍ ക്രിക്കറ്റ് കൊണ്ടു വന്നത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി മലബാറില്‍ പലതവണയെത്തിയ വെല്ലസ്ലി തലശ്ശേരിയിലെ തന്റെ ബംഗ്ലാവിനു മുന്നില്‍ ആദ്യമായി സ്റ്റമ്പുകള്‍ നാട്ടി. വെല്ലസ്ലിയിലൂടെ തലശ്ശേരിക്കാര്‍ ക്രിക്കറ്റ് പഠിച്ചു.
അന്താരാഷ്ട്ര മത്സരങ്ങള്‍ വരെ തലശ്ശേരിയില്‍ നടന്നു. നിരവധി തറവാടുകള്‍ സ്വന്തം പേരില്‍ ക്രിക്കറ്റ് ടീമുകള്‍ രൂപവത്ക്കരിച്ചു. അവരില്‍ പ്രമുഖരായിരുന്ന മമ്പാണി തറവാട്ടുകാരിലൂടെ മധ്യ, തെക്കന്‍ കേരളത്തിലും ക്രിക്കറ്റ് പ്രചരിച്ചു. പ്രൗഢമായ ചരിത്രം കേരളത്തിലെ ക്രിക്കറ്റിന് ഉണ്ടെങ്കിലും അമ്പതുകള്‍ക്കുശേഷം ആ ഗരിമ നിലനിര്‍ത്താനായില്ല.

ഇവിടെ ഇതാ കേരളത്തിന്റെ ചുണകുട്ടികള്‍ അതേ വെല്ലസ്ലിയുടെ ഡബ്ലിനില്‍ വിജയകുതിപ്പ് തുടങ്ങിയിരിക്കുന്നു.പത്തു വര്‍ഷം കൊണ്ട് കൊയ്തെടുത്ത നേട്ടങ്ങള്‍ക്കപ്പുറത്ത് ഇനി വരാന്‍ ഇരിക്കുന്ന നിരവധി മത്സരങ്ങള്‍ക്കായിയുള്ള ഒരുക്കങ്ങള്‍ . ഐറിഷ് കായിക ചരിത്രത്തില്‍ മലയാളികളുടെ കൈയൊപ്പ്‌ പതിയുന്നത് കാത്തിരിക്കുകയാണ് അയര്‍ലണ്ടിലെ കായിക പ്രേമികള്‍

Scroll To Top