Sunday January 21, 2018
Latest Updates

മലയാളികളുടെ പണം തട്ടാന്‍ മലയാളികള്‍ ;ടൈറ്റാനിയം പാത്രതട്ടിപ്പ് അയര്‍ലണ്ടില്‍ വ്യാപകമാവുന്നു 

മലയാളികളുടെ പണം തട്ടാന്‍ മലയാളികള്‍ ;ടൈറ്റാനിയം പാത്രതട്ടിപ്പ് അയര്‍ലണ്ടില്‍ വ്യാപകമാവുന്നു 

ഡബ്ലിന്‍: ടൈറ്റാനിയം പാത്രങ്ങളുടെ പേരില്‍ ബ്രിട്ടണില്‍ തട്ടിപ്പ് നടത്തി മലയാളികളുടെ പണം അടിച്ചുമാറ്റിയ സംഘം ഡബ്ലിനിലെ വിവിധ മേഖലകളില്‍ എത്തിയതായി വിവരം.മലയാളികള്‍ തന്നെ നേതൃത്വം നല്‍കുന്ന ഈ സംഘം ബ്ലാക്ക്‌റോക്ക് ,ബ്രേ,തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.മലയാളികളും,ദക്ഷിണേന്ത്യക്കാരുമായ നിരവധി പേരുടെ വീടുകളില്‍ ‘തട്ടിപ്പിന്റെ’ആദ്യ അദ്ധ്യായവുമായി ‘ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്തുകയുണ്ടായി.ഉത്തരേന്ത്യക്കാരുടെ വീടുകളിലുള്ള ബിസിനസ് സന്ദര്‍ശനത്തിന് ഹിന്ദി കൈകാര്യം ചെയ്യുന്ന ‘വിദഗ്ദനും ‘സംഘത്തിലുണ്ട്.ചിലയിടങ്ങളില്‍ ഭാര്യയും ഭര്‍ത്താവും അടക്കമുള്ള തട്ടിപ്പ് സംഘമാണ് എത്തുന്നത്.

ബ്രിട്ടണില്‍ ഇവരുടെ സംഘം മലയാളികളുടെ ലക്ഷക്കണക്കിന് പൌണ്ട് അപഹരിച്ചതായാണ് വിവരം.ബ്രിട്ടനിലെ ചില ഓണ്‍ ലൈന്‍ പത്രങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ വ്യാപക പ്രചാരണത്തോടെ ഇവരുടെ തട്ടിപ്പ് തിരിച്ചറിഞ്ഞ മലയാളികള്‍ ഇവരെ വീട്ടില്‍ കയറ്റാന്‍ സമ്മതിക്കാതെ വന്നത് കൊണ്ട് സഹി കെട്ട് ഇവര്‍ അയര്‍ലണ്ടിലേയ്ക്ക് പ്രവര്‍ത്തനം മാറ്റിയതാണെന്ന് പറയപെടുന്നു.

ഉയര്‍ന്ന ഊഷ്മാവില്‍ നിര്‍മ്മിച്ചതും,വിമാനത്തിന്റെ പാര്‍ട്ട്‌സുകള്‍ വരെ ഉണ്ടാക്കുന്നതുമായ ടൈറ്റാനിയത്താല്‍ നിര്‍മ്മിതമായ പാത്രങ്ങള്‍ വിഷാംശമില്ലാത്തതും ആരോഗ്യത്തിന് ഉത്തമവുമാണെന്ന് സാധാരണക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചു വന്‍ വിലയ്ക്ക് പാത്രങ്ങള്‍ വില്‍ക്കുന്ന സംഘമാണ് ഇത്.ഇവരുടെ വാക്ക് ചാതുരിയില്‍ സാധാരണക്കാരായ ജനങ്ങളെ വീഴ്ത്തുന്നതിനുള്ള അസാമാന്യ കഴിവുള്ളവരാണ് തട്ടിപ്പ് സംഘത്തിലുള്ളത്.പൊതു മാര്‍ക്കറ്റില്‍ പരമാവധി 400 യൂറോയ്ക്ക് കിട്ടുന്ന അതെ പ്രൊഡക്റ്റാണ് നാലായിരം മുതല്‍ ഇരുപതിനായിരം യൂറോ വരെ വിലയിട്ട് ഇവര്‍ വിതരണം ചെയ്യുന്നത്.

ഒരു ആരോഗ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് തങ്ങളുടെ വരവെന്നും,പാത്രം വാങ്ങണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ലെന്നും അറിയിച്ചാണ് ഇവരുടെ രംഗപ്രവേശം.സാധാരണ പാത്രങ്ങളില്‍ പാചകം ചെയ്യുന്നതും ,ടൈറ്റാനിയം പാത്രങ്ങളില്‍ പാചകം ചെയ്യുന്നതുമായുള്ള വ്യത്യാസം പഠിപ്പിക്കുന്നതിനും,അവയുടെ ഗുണഗണങ്ങള്‍ വിവരിക്കുന്നതിനുമായി ഒരു ഡമോണ്‍സ്‌റ്റ്രെഷന്‍ നടത്തിയാണ് വില്പ്പനതന്ത്രം.ഡമോണ്‍സ്‌റ്റ്രെഷന്‍ നടത്തുന്നതിന് യാതൊരു ഫീസും ആവശ്യമില്ലെന്നും ഇവയൊക്കെ ബെല്‍ഫാസ്റ്റിലെ ഹെല്‍ത്ത് സോഴ്‌സസ് എന്ന കമ്പനി തങ്ങള്‍ക്ക് തരുമെന്നും ഇവര്‍ പറയുന്നു.

മുന്‍കൂട്ടി ഇരയെ കണ്ടു പിടിച്ച് ‘ആവശ്യമായ’ ബോധവത്കരണവും ,തയ്യാറെടുപ്പുകളും നടത്തി ദിവസം മുന്‍ കൂട്ടി നിശ്ചയിച്ചാണ്ഇവരുടെ വരവ്.കുടുംബ നാഥനും,നാഥയും ,മക്കളുമൊക്കെ ഇവരുടെ ഡമോണ്‍സ്‌റ്റ്രെഷന്‍ ദിവസം തീര്‍ച്ചയായും ഉണ്ടായിരിക്കണം!(ഒരു കുടുംബമൊന്നായി വേണം ആരോഗ്യത്തെ കുറിച്ചു പഠിക്കാനത്രേ!)പാചകം ചെയ്യാനുള്ള കോഴി,പച്ചക്കറികള്‍ ,ബീഫ്,ധാന്യങ്ങള്‍,എണ്ണ,എന്തിന് ഉപ്പു വരെയായിട്ടാണ് ഡമോണ്‍സ്‌റ്റ്രെറ്റര്‍മാരുടെ വരവ്.

ആരെയും കൊതിപ്പിക്കുന്ന ഫ്‌ലേവറുകളും’വിദ്യാഭ്യാസ സംഘത്തിന്റെ കൈയ്യിലുണ്ടാവും.ഇവരുണ്ടാക്കുന്ന കോഴിബിരിയാണിയുടെ മണം ഭൂമിമലയാളം മുഴുവന്‍ കൊതിപ്പിക്കുമത്രേ.കുട്ടികളുള്ള വീടാണെങ്കില്‍ പിസയും ഉറപ്പായി ഒരു വിഭവമാക്കും.ഭക്ഷണം പാകം ചെയ്യുന്നത് വരെ മറ്റു ‘വിദ്യാഭ്യാസവിവരണം’ ഒന്നുമില്ല.അത് കഴിഞ്ഞ് ഡമോണ്‍സ്‌റ്റ്രെറ്റര്‍ മാര്‍ തന്നെ ഭക്ഷണം വിളബി തരും…മുമ്പിലിരുന്നു കഴിച്ചാല്‍ മതി.ഭക്ഷണം കഴിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചുള്ള വിവരണം ഉറപ്പാണ്.ഇത്രയും മെച്ചപ്പട്ട ഭക്ഷണം ജീവിതത്തില്‍ ഇന്ന് വരെ കഴിച്ചിട്ടില്ലെന്നു കുടുംബത്തില്‍ എല്ലാവരെയും കൊണ്ട് പറയിക്കുന്നത്ര നീളും ആ വിവരണം!
cookware-set
അത് കഴിഞ്ഞാല്‍ പിന്നെ അടുത്ത ക്ലാസ്.കമ്പനിയുടെ പ്രൊഡക്റ്റാണ് സബ്ജക്റ്റ്മുഖ്യ എതിരാളികള്‍ നാം ഇപ്പോള്‍ പാചകം ചെയ്യുന്ന സാധാരണ നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ തന്നെ.ക്യാന്‍സര്‍,ബ്ലഡ് പ്രഷര്‍,കരള്‍ രോഗങ്ങള്‍,ചര്‍മ്മ രോഗങ്ങള്‍,തുടങ്ങി ഹാര്‍ട്ട് അറ്റാക്ക് വരെ ഉണ്ടാകാന്‍ കാരണം നമ്മുടെ നിലവിലുള്ള പാത്രങ്ങളിലെ പാച്ചകമാണെന്ന് ഇവര്‍ സമര്‍ഥിക്കും.ആരും വീണു പോവുന്ന ഈ വിവരണത്തിന്റെ ഒടുവില്‍ ഇവര്‍ ചോദിക്കുക പോലും ചെയ്യാതെ ടൈറ്റാനിയം പാത്രത്തിന് ഓര്‍ഡര്‍ നല്കുമത്രേ!.അത്ര കേമമാണ് വിവരണം.ഇവര്‍ ഉണ്ടാക്കി തന്ന ഭക്ഷണം കഴിച്ചു കൈ കഴുകും മുന്‍പേ (വിമാനത്തിന്റെ പാര്‍ട്‌സുകള്‍ പോലും ഉണ്ടാക്കുന്ന!)ടൈറ്റാനിയം കുക്കിംഗ് പാത്രങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്തവര്‍ അയര്‍ലണ്ടിലും ഏറെ പേരുണ്ടെന്നാണ് ‘ഐറിഷ് മലയാളിയ്ക്ക് കിട്ടിയ വിവരം.

ഇവര്‍ പാചക പ്രദര്‍ശനം നടത്തുന്ന ബഹുഭൂരിപക്ഷം വീടുകളിലും,ഏറ്റവും വില കുറവുള്ള (4000 യൂറോ))ഒരു പ്രോടക്റ്റ് എങ്കിലും ഏല്‍പ്പിക്കാതെ മടങ്ങാറില്ലത്രെ.കൈയ്യില്‍ കാശില്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡുകളും,ഇന്‍സ്‌റാള്‍മെന്റും സ്വീകരിക്കും.

മാത്രമല്ല നിങ്ങളുടെ റഫറന്‍സ് വഴി ആരെങ്കിലും പാത്രം വാങ്ങിച്ചാല്‍ ഒരു നിശ്ചിത ശതമാനം കമ്മീഷനും കൈയ്യില്‍ കിട്ടും.

വിവരങ്ങള്‍ അറിയാനായി ഐറിഷ് മലയാളിയുടെ പ്രതിനിധി ഇന്നലെ ടൈറ്റാനിയം പാത്ര കമ്പനിയുടെ ഒരു ‘പാചക വിദ്യാഭ്യാസ പ്രവര്‍ത്തകനെ’ വിളിച്ചു നോക്കി.യൂ.കെ നമ്പരിലേയ്ക്ക് ഒരു മിസ്ഡ് കോള്‍ അടിച്ചപ്പോള്‍ തന്നെ മറുവിളിയെത്തി.പാത്രം വാങ്ങാന്‍ താല്പര്യമുണ്ടെന്നറിയിച്ചപ്പോള്‍ വിശദമായ സൂക്ഷാന്വെഷണങ്ങള്‍ക്ക് ശേഷം അര മണിക്കൂറോളം നീളുന്ന വിവരണമാണ് ലഭിച്ചത്.ഇപ്പോള്‍ ഡബ്ലിനില്‍ നൂറോളം വീടുകളില്‍ അപ്പോയിന്റ്‌മെന്റ്‌റ് കിട്ടിയിട്ടുണ്ടെന്നും,എങ്കിലും അടുത്തയാഴ്ച വന്ന് ഡമോണ്‍സ്‌റ്റ്രെഷന്‍ നടത്തി തരാമെന്നും ഇദ്ദേഹം പറഞ്ഞു.

ബ്ലാക്ക്‌റോക്ക്,ബ്രേ,ഡീന്‍സ് ഗ്രെഞ്ച്,സ്റ്റില്‍ഓര്‍ഗന്‍ മേഖലയിലെ വീടുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ഇവര്‍ പ്രവര്‍ത്തിച്ചു വരുന്നത്.ടൈറ്റാനിയം പാചക പാത്രങ്ങളുടെ ഗുണനിലവാരത്തെ പറ്റി ശാസ്ത്രീയമായ പഠനങ്ങള്‍ എന്തൊക്കെയുണ്ടെങ്കിലും ഇവര്‍ വില്‍ക്കുന്നത് പൂശു പാത്രങ്ങളാണ് എന്നതാണ് പ്രധാന ആരോപണം.സൗജന്യ ആരോഗ്യവിദ്യാഭ്യാസം എന്ന് പറഞ്ഞ് വീടുകളില്‍ കയറിപറ്റുന്ന ഇവര്‍ വീട്ടുകാരെ നിര്‍ബന്ധിച്ചു പാത്രം കെട്ടിയേല്‍പ്പിക്കുന്നു എന്നും പറയപ്പെടുന്നു.ഇവര്‍ ഉണ്ടാക്കി വിളമ്പി തന്ന അമ്പതു യൂറോയില്‍ താഴെ ചിലവ് വരുന്ന ഭക്ഷണത്തിന്റെ പിന്‍ബലത്തില്‍ 4000 യൂറോയുടെ വില്‍പ്പനയെ അംഗീകരിപ്പിക്കാന്‍ മിക്ക ഉപഭോക്താക്കളേയും നിര്‍ബന്ധിക്കുകയാണത്രെ.

അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേരെ ‘ബോധവത്കരിക്കാനുള്ള’ശ്രമത്തിലാണ് ടൈറ്റാനിയംപാത്ര വില്‍പ്പനസംഘം. തട്ടിപ്പില്‍ വീഴാതെ ഇവരെ അകറ്റി നിര്‍ത്തിയാല്‍ സാമ്പത്തിക നഷ്ട്ടവും മാനഹാനിയും ഒഴിവാക്കാം !

ഐറിഷ് മലയാളി ന്യൂസ് ബ്യൂറോ 

Scroll To Top