Friday February 24, 2017
Latest Updates

മലയാളത്തിലെ ഏറ്റവും നല്ല കരോള്‍ ഗാനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ….

മലയാളത്തിലെ ഏറ്റവും നല്ല കരോള്‍ ഗാനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ….

സംഗീത സമൃദ്ധമായ തിരുനാളാണ് ക്രിസ്മസ്.’ഹലേലൂയാ’ ഗീതത്തിന്റെ ആരോഹണാവരോഹണങ്ങളോടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട് മാലാഖമാരുടെ സംഗീതം എല്ലാ ജാതിസമൂഹങ്ങളും ഏറ്റു ചൊല്ലി അനസ്യൂതം ദൈവപുത്രന് സംഗീത കാഴ്ചയായി അര്‍പ്പിക്കുകയാണ് എങ്ങും. .

രാജേശ്വരന് പിറവിയെടുക്കാന്‍ പുല്‍തൊട്ടിലായിരുന്നത് പ്രപഞ്ചത്തിലെ എല്ലാ ഭാവതാളങ്ങളുമായിരുന്നു. നക്ഷത്രങ്ങള്‍ നിറമാല ചാര്‍ത്തിയ മേലാപ്പില്‍ കണ്ട ആഹ്ലാദക്കാഴ്ചകള്‍  മനുഷ്യനുള്ളടത്തോളം കാലം വളരുകയാണ്.

ആ ആഹ്ലാദ പെരുമയായിരുന്നു കാഞ്ഞിരപ്പള്ളിയിലെ ഞങ്ങളുടെ കരോ ള്‍ വഴികളിലും. ബാല്യവും കൌമാരവും യുവത്വവും കേരളത്തിലെ ഏതു ഗ്രാമത്തിലെന്ന പോലെയും ഞങ്ങള്‍ കരോള്‍ ഗാനങ്ങ ള്‍ പാടി ആഹ്ലാദ പൂര്‍വ്വം വീടുകള്‍ കയറി. എന്തൊരാഹ്ലാദമായിരുന്നു കരോള്‍ സന്ധ്യകള്‍. അന്നും ഇന്നും നാം നെഞ്ചിലേറ്റുന്ന ക്രിസ്മസ് ഗാനങ്ങള്‍ കാലമേറെ ചെന്നാലും മറക്കാത്തവയാണ്. ബാല്യത്തില്‍ ഞങ്ങളുടെ കരോള്‍ സംഘങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗാനങ്ങള്‍ ‘ശാന്തരാത്രി തിരുരാത്രി’എന്നതു തന്നെയാണ്. ആ ഗാനം ഇറങ്ങിയ കാലം മുതല്‍ ഇപ്പോഴുള്ള കുഞ്ഞുങ്ങള്‍ക്കു പോലും ആ ഗാനം നല്‍കുന്ന ആനന്ദം അനിര്‍വചനീയമാണ്. എനിക്കിഷ്ടപ്പെട്ട കരോള്‍ ഗാനങ്ങളില്‍ രണ്ടാം സ്ഥാനം ഞാന്‍ കൊടുക്കുന്നത് ‘ദൈവം പിറക്കുന്നു മനുഷ്യനായ് ബത്‌ലഹേമില്‍’ എന്ന മനോഹര ഗാനത്തിനാണ്. ബത്‌ലഹേമിന്റെ മഞ്ഞണിഞ്ഞ മലമടക്കുകളെ കേരളീയന്റെ മനസ്സില്‍ ആവാഹിച്ച ഗാനമായിരുന്നു അത്.  കലാഭവന്‍ അണിയിച്ചൊരുക്കിയ ‘പൂല്‍ക്കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി’ എന്ന ക്രിസ്മസ് ഗാനത്തിന്റെ സ്ഥാനം മാധുര്യം കൊണ്ടും ആലാപനശൈലി കൊണ്ടും ആദ്യ ശ്രേണിയില്‍ കൊടുക്കാതെ വയ്യ. ക്രിസ്മസ് ഗാനങ്ങളില്‍ തരംഗിണിക്ക് മുമ്പും പിമ്പും എന്നൊരു വിഭജനം ഉണ്ടായേ തീരൂ. തരംഗിണിക്ക് മുമ്പ് ഏറെ തലമുറകള്‍ ഏറ്റുപാടിയ ഗാനങ്ങളാണ് മേല്‍പറഞ്ഞവയില്‍ ദൈവം പിറക്കുന്നു എന്നതൊഴികെയുള്ളവ . തരംഗിണി ആദ്യമായി പുറത്തിറക്കിയ ക്രിസ്മസ് ആല്‍ബം ഉണ്ണിയേശുവിന് മലയാളി മനസ്സി ല്‍ പുതിയൊരു പുല്‍ക്കൂടൊരുക്കി എന്നു പറഞ്ഞാല്‍ അതിശയം വേണ്ട. ബിച്ചു തിരുമല എന്ന പ്രതിഭാധനന്‍ രചനയും പ്രശസ്തനായിരുന്ന ശ്യാം സംഗീതവും നിര്‍വഹിച്ച ‘പുല്‍ക്കൂട്ടി ല്‍ കല്‍തൊട്ടിലി ല്‍ മറിയത്തിന്‍ പൊന്‍മകനായ്’എന്നാരംഭിക്കുന്ന ഗാനം ക്രിസ്മസ് കാലത്തു മാത്രമല്ല എല്ലാ കാലത്തും ക്രിസ്മസിന്റെ ഒരു അനുഭൂതി ഉണര്‍ത്തുന്നതാണ്.

‘യഹൂദിയായിലെ ഒരു ഗ്രാമത്തില്‍’ എന്ന ഗാനത്തിന്റെ ആസ്വാദകര്‍ ക്രിസ്ത്യാനികള്‍ മാത്രമല്ല, കേരളീയ സമൂഹം ഒന്നാകെയാണ് എന്നു പറയുന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല . പെട്രോള്‍ മാക്‌സിന്റെ വെളിച്ചത്തില്‍ ഡ്രമ്മും കൊട്ടി മലയായ മലകളെല്ലാം കയറി നീങ്ങുന്ന കരോള്‍ സംഘങ്ങള്‍ ഒരിക്കലും ഒഴിവാക്കാനിടയില്ലാത്ത ഒരു ഗാനമാണിത്. ‘പൈതലാം ഏശുവേ ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ’ എന്ന ഗാനത്തിന്റെ തരംഗങ്ങള്‍ ഉണര്‍ത്തുന്ന മധുരം മലയാളി എങ്ങനെ മറക്കാനാണ് ? ‘കാവല്‍ മാലാഖയുടെ കണ്ണടയ്ക്കരുതേ’ എന്ന ഗാനമാണടുത്തത്. ഒരു താരാട്ടു പോലെ ഉണ്ണിയെ തഴുകി ഉറക്കുന്ന മനോഹര ഗാനം. കെ.കെ ആന്റണി മാസ്റ്റര്‍ മലയാളത്തിന് സമര്‍പ്പിച്ച ‘മാലാഖാ വൃന്ദം നിരന്നു’ എന്ന ക്രിസ്മസ് സംഗീതം പഴമയുടെ ഓര്‍മയി ല്‍ നിറവാര്‍ന്ന ഒരു ഗാനം തന്നെ. കരോള്‍ സംഘങ്ങ ള്‍ വീടുകളിലേക്കു കയറുമ്പോ ള്‍ തപ്പു കൊട്ടി പാടുന്ന ഒരു ഗാനമുണ്ട്. ‘രാജാവിന്‍ രാജാവെഴുന്നള്ളുന്നു’ എന്ന് തുടങ്ങുന്ന അതിന്റെ താളം ക്രിസ്മസിന്റെ വരവ് വിളിച്ചറിയിക്കുന്നതാണ്. മലയാളത്തില്‍ സാന്താക്ലോസിന്റെ അവതരണം ഭംഗിയായി അവതരിപ്പിക്കുന്ന ‘കിലു കിലുക്കം ചെപ്പുകളേ’ എന്നു തുടങ്ങുന്ന ഗാനത്തിനും ഏഴഴകു തന്നെ.  വാനില്‍ സന്തോഷം, കാതുകളേ കേള്‍ക്കൂ തുടങ്ങി എത്ര മനോഹര ഗാനങ്ങളാണ് ക്രിസ്മസ് കാലത്തെ സംഗീത സാന്ദ്രമാക്കാന്‍ നമ്മെ കാത്തു നില്‍ക്കുന്നത്. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര പാട്ടുകള്‍.

JKഇപ്പോഴും ക്രിസ്തുമസ് അനുഭവത്തിലേക്ക് കൊണ്ടുവരുന്നത് കരോളുകള്‍ ആണെന്ന് തോന്നാറുണ്ട്.ഒരു കരോള്‍ സംഘത്തില്‍ കൂടെ ചേരുമ്പോള്‍ പാട്ടും ഈണവും ഇല്ലാത്തവരും അതി മനോഹരമായി പാടുന്നത് കാണാറുണ്ട്. അതാണ് കരോള്‍ സംഗീതത്തിന്റെ മാന്ത്രിക വിദ്യ.പ്രിയപ്പെട്ടവന്റെ സ്തുതി പാടാന്‍ ,ഒരു നവ സുവിശേഷം അറിയിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ,ഒരു പക്ഷേ ,ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ സുവിശേഷം അറിയിച്ചിട്ടുള്ളതും ഈ സംഗീതധാരയില്‍ കൂടിയാവും ഏവര്‍ക്കും ആഹ്ലാദസാന്ദ്രമായ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു കൊള്ളട്ടെ !

സാബു ജോസഫ് 

Scroll To Top