Saturday February 25, 2017
Latest Updates

മറ്റു രാജ്യക്കാര്‍ക്ക് വീടുകള്‍ വാടകയ്ക്ക് കൊടുക്കുന്നതിനെതിരെ സംഘടിത പ്രചരണം,വംശീയ സംഘര്‍ഷം വര്‍ദ്ധിക്കുന്നു

മറ്റു രാജ്യക്കാര്‍ക്ക് വീടുകള്‍ വാടകയ്ക്ക് കൊടുക്കുന്നതിനെതിരെ സംഘടിത പ്രചരണം,വംശീയ സംഘര്‍ഷം വര്‍ദ്ധിക്കുന്നു

ഡബ്ലിന്‍ :കുടിയേറ്റക്കാരെ വംശീയമായി ആക്ഷേപിക്കാനും ,ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായ പ്രതിഷേധം ഉയരുന്നു.ലിമറിക്കിലും ,ഡബ്ലിന്റെ ചില ഭാഗങ്ങളിലും കുടിയേറ്റക്കാരെ തിരഞ്ഞുപിടിച്ചു ആക്രമിക്കുന്നുവെന്ന വാര്‍ത്തകളില്‍ കുടിയേറ്റക്കാര്‍ ആശങ്കാകുലരാണ് .
അയര്‍ലണ്ടില്‍ വംശീയ അധിക്ഷേപങ്ങളും വംശീയ അക്രമങ്ങളും വളരെ അധികം തല ഉയര്‍ത്തിയ വര്‍ഷമായിരുന്നു 2013. കഴിഞ്ഞ 12 മാസങ്ങള്‍ക്കുള്ളില്‍ വംശീയ അതിക്രമങ്ങള്‍ 85ശതമാനത്തോളം വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ തെളിയിക്കുന്നത്. മറ്റു രാജ്യക്കാര്‍ക്കുനേരെ നേരിട്ടോ അല്ലാതെയോ നടത്തിയിരുന്ന അധിക്ഷേപങ്ങള്‍ക്കു പകരമായി ഇത്തവണ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് രണ്ട് പരസ്യങ്ങളാണ്.. ഇപ്പോള്‍ രണ്ടു പരസ്യങ്ങളാണ് വംശീയ അധിക്ഷേപവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ കയറിക്കൂടിയിരിക്കുന്നത്.
ഇത്തരം അധിക്ഷേപങ്ങള്‍ക്കെതിരെ ശക്തമായ നിയമം നിലവില്‍ വരുത്തണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഇമിഗ്രന്റ് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട് (ഐസിഐ).
രണ്ടു സംഭവങ്ങളില്‍ ഒന്ന്, ടൈറൂണിലെ ടെലിഫോണ്‍ പോസ്റ്റില്‍ പതിച്ചിരിക്കുന്ന പരസ്യമാണ്. അതില്‍ സ്ഥല ഉടമകള്‍ക്കുള്ള മുന്നറിയിപ്പു പോലെയാണ് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. അവരുടെ സ്ഥലങ്ങള്‍ കുടിയേറ്റക്കാര്‍ക്കോ പ്രവാസികള്‍ക്കോ ലീസിനു നല്‍കരുതെന്ന് ആ പരസ്യ ബോര്‍ഡ് പറയുന്നുണ്ടായിരുന്നു.
സ്ഥലഉടമകളുടെ ശ്രദ്ധയ്ക്ക് എന്ന് തുടങ്ങുന്ന പരസ്യത്തില്‍ അവരുടെ സ്ഥലങ്ങള്‍ കുടിയേറ്റക്കാര്‍ക്ക് കൈമാറുന്നത് സഹിക്കാന്‍ സാധിക്കാത്ത കാര്യമാണെന്നും പറഞ്ഞിരുന്നു.ക്രിസ്തുമസ് ആഴ്ചയില്‍ പ്രത്യക്ഷപ്പെട്ട പരസ്യം ശ്രദ്ധിക്കപ്പെട്ട ഉടനെ തന്നെ അധികൃതര്‍ നീക്കം ചെയ്തിരുന്നു.സംഭവത്തിനു ഉത്തരവാദികളായവറീ തേടുകയാണെന്ന് ഗാര്‍ഡ പറയുന്നു.

വംശീയ അധിക്ഷേപമായി വിലയിരുത്തപ്പെട്ട മറ്റൊരു പരസ്യം ഡണ്‍ഡീല്‍ പരസ്യ കമ്പനി ചെയ്ത ഒരു ആഡാണ്. ആ പരസ്യം ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞിട്ടുണ്ട്. കാറിന്റെ പരസ്യമാണ് ഡണ്‍ഡീല്‍ വംശീയ അധിക്ഷേപമായി ചെയ്തിരിക്കുന്നത്. പോളിഷുകാരെ പേരെടുത്ത് പറഞ്ഞിട്ടുള്ള പരസ്യത്തില്‍ തങ്ങളുടെ കാര്‍ മറ്റൊരു രാജ്യക്കാരന് വില്‍ക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് മുന്നറിയിപ്പു നല്‍കുകയായിരുന്നു.
‘താന്‍ ഈ കാര്‍ ഒരു വിദേശിക്കു വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ക്ക് എല്ലാം ഒരാവശ്യവുമില്ലാതെ സ്വന്തമാക്കണമെന്നും അവര്‍ ഇതിനെ രണ്ടുതവണ മറിച്ചു വില്‍ക്കുമെന്നും അതിനാല്‍ ഐറിഷുകാര്‍ക്കുമാത്രമേ താന്‍ കാര്‍
വില്‍ക്കുകയുള്ളൂ എന്നുമാണ് പരസ്യവാചകങ്ങള്‍.
ഡബ്ലിന്‍ താലയില്‍ കട അക്രമിച്ചു നശിപ്പിച്ച മറ്റൊരു സംഭവത്തില്‍ പാക്കിസ്ഥാന്‍കാര്‍ അയര്‍ലണ്ട് വിട്ടുപോകണമെന്ന സന്ദേശമാണ് നല്‍കിയത് .ഡബ്ലിന്റെ ചില ഭാഗങ്ങളില്‍ പ്രവാസികളെ തിരഞ്ഞുപിടിച്ചു ആക്രമണത്തിനിരയാക്കുന്നതായി പരാതിയുണ്ട്.
ഡബ്ലിനില്‍ ഇന്ത്യാക്കാരിയായ ഒരു സ്ത്രീ ലൈംഗീകമായി ആക്രമിക്കപ്പെട്ടിട്ടു പോലും ദേശിയ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തില്ല.മറ്റു ചില കൌണ്ടികളിലും സമാന അനുഭവങ്ങള്‍ ഉണ്ടായതായി പറയപ്പെടുന്നു.
വളരെ അപകടകരമായ മുന്നറിയിപ്പുകളാണ് ഇത്തരം പരസ്യങ്ങളും വംശീയ കാംപെയ്‌നുകളും നല്‍കുന്നതെന്നാണ് ഐസിഐ വക്താവ് പറഞ്ഞത്.
ഇത്തരം സംഭവങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ലെന്നും ഇക്കഴിഞ്ഞ 12 മാസങ്ങള്‍ക്കിടയില്‍ തന്നെയാണ് ഈ സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്. 2013ല്‍ 85 ശതമാനം വംശീയ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവെന്നാണ് ഐസിഐ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
വളരെ അധികം ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും നിയമവ്യവസ്ഥിതി കടുപ്പപ്പെടുത്തണമെന്നുള്ള സൂചന കൂടി ഇതില്‍ നിന്നും ലഭിക്കുന്നുണ്ടെന്നും ഐസിഐ പറയുന്നു.
ഡണ്‍ഡീലിന്റെ പരസ്യം പോലുള്ള 12 ശതമാനത്തോളം വംശീയ അധിക്ഷേപങ്ങളാണ് സൈബര്‍ റേഷിസം എന്ന പേരില്‍ പുറത്തുവന്നിട്ടുള്ളതെന്നും ഐസിഐ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ടൈറൂണിലെ ടെലിഫോണ്‍ പോസ്റ്റില്‍ പതിക്കപ്പെട്ട ബോര്‍ഡിനെക്കുറിച്ച് പിഎസ്എന്‍ഐ അന്വേഷണം നടത്തുകയും നടപടികള്‍ നിയമവിധേയമാക്കുകയും വേണമെന്നും ഐസിഐ വക്താവ് പറയുന്നു.

വാര്‍ത്തയുമായും പരസ്യങ്ങളുമായും ബന്ധപ്പെട്ട സമ്മിശ്ര പ്രതികരണങ്ങളാണ് പൊതുജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. പലരും വംശീയ ആക്രമങ്ങളെ എതിര്‍ക്കുകയും ഇത്തരം ആക്രമണങ്ങള്‍ തടയപ്പെടണമെന്നുമുള്ള അഭിപ്രായങ്ങള്‍ മുന്നോട്ടുവച്ചു. എന്നാല്‍ വംശീയ ആക്രമങ്ങളെ പിന്താങ്ങിയവരും കുറവല്ലായിരുന്നു.
അതിക്രമങ്ങള്‍ക്കുനേരെ കണ്ണടച്ചിരിക്കാന്‍ ഐസിഐ തീരുമാനിച്ചിട്ടില്ലെന്നു വക്താവിന്റെ വാക്കുകളില്‍ തന്നെ വ്യക്തമാവുന്നുണ്ട്. അയര്‍ലണ്ടിലേക്ക് കുടിയേറിവന്ന വിദേശികള്‍ക്ക് സംരക്ഷണം നല്‍കുക എന്നതു തന്നെയാണ് ഇപ്പോള്‍ ഐസിഐ ലക്ഷ്യമിടുന്നതും.

Scroll To Top